നല്ല സ്നേഹബന്ധം തുടങ്ങുകയെന്നത് വലിയ പ്രയാസമുള്ള കാര്യമല്ല. എന്നാൽ അത് സുഗമമായി മുന്നോട്ട് കൊണ്ട് പോവുകയെന്നത് ഒട്ടും എളുപ്പമായിരിക്കില്ല.
വളരെ ആത്മാർഥയോടെ സൂക്ഷ്മമായി ഇടപെട്ടാൽ മാത്രമേ ബന്ധങ്ങൾ നിലനിർത്താൻ സാധിക്കുകയുള്ളൂ. എക്കാലത്തും നിലനിൽക്കും ഈ ബന്ധമെന്ന് നാം സ്വപ്നം കാണുന്ന പലതും നമ്മളറിയാതെ പാതിവഴിയിൽ തകർന്ന് പോവാൻ സാധ്യതയുണ്ട്.
വ്യക്തിബന്ധങ്ങൾ കണ്ണാടി പോലെയാണ്. ഒരിക്കൽ തകർന്ന് പോയാൽ പിന്നെ കൂട്ടിച്ചേർക്കുക എളുപ്പമാവില്ല. നിങ്ങളുടെ ബന്ധത്തിൽ തെറ്റായി എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്നറിയാൻ കാര്യങ്ങളെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ വിലയിരുത്താൻ തുടങ്ങണം.
നിങ്ങളും പങ്കാളിയുമായുള്ള ഇടപെടലുകളിൽ എവിടെയാണ് കുഴപ്പം സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാവുന്നില്ലെങ്കിൽ ഇതാ ഈ അഞ്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കൂ. ഈ ശീലങ്ങൾ ഒഴിവാക്കിയാൽ നിങ്ങൾക്ക് ബന്ധങ്ങൾ മനോഹരമായി കൊണ്ടുപോവാൻ സാധിക്കും.
ഒന്നും അമിതമാവാതിരിക്കട്ടെ
നിങ്ങൾ പങ്കാളിയുടെ കാര്യങ്ങളിൽ അമിതമായി ഇടപെടുന്ന ആളാണെങ്കിൽ അതൊരിക്കലും ഗുണം ചെയ്യാൻ സാധ്യതയില്ല. എല്ലായിടത്തും വിട്ടുകൊടുക്കുന്നവരായിരിക്കും മറ്റും ചിലർ. എന്തെങ്കിലും പ്ലാൻ ചെയ്യുമ്പോഴും പുതിയ തീരുമാനം എടുക്കുമ്പോഴുമെല്ലാം കാര്യങ്ങൾ ഭംഗിയായി നടക്കാൻ വേണ്ടി എല്ലാ ശ്രമങ്ങളും നിങ്ങളെടുക്കും. എന്നാൽ അമിതമായി വിട്ടുവീഴ്ച ചെയ്യുന്നത് ഒടുവിൽ നിങ്ങൾക്ക് തന്നെ പാരയായി മാറും. പങ്കാളി അതൊരു അവസരമായി ഉപയോഗിക്കാൻ തുടങ്ങിയാൽ ബന്ധത്തിൽ വിള്ളൽ വീണ് തുടങ്ങും.
ശാരീരിക ബന്ധം മാത്രം മതിയാവില്ല
സ്നേഹവും കാമവും ഒരുപോലെയാണെന്ന് കരുതുന്ന നിരവധി പേർ ഇക്കാലത്തുണ്ട്. ലൈംഗികബന്ധം ഉണ്ടെങ്കിൽ എല്ലാമായി എന്നാണ് ഇക്കൂട്ടർ ധരിച്ച് വെച്ചിരിക്കുന്നത്. എന്നാൽ അത് ശരിയല്ല. ശാരീരികമായി അടുപ്പമുണ്ടെന്ന് കരുതി വൈകാരികമായി അടുപ്പമുണ്ടാവണമെന്നില്ല. ലൈംഗികതയാണ് സ്നേഹമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ മാറി ചിന്തിക്കേണ്ട സമയമായി.
അഭിപ്രായ വ്യത്യാസങ്ങൾ അവഗണിക്കരുത്
എല്ലാവരും ഒരുപോലെയാവില്ല. നിങ്ങൾ ഒരു പക്ഷേ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ ശ്രമിക്കുന്ന ഒരാളായിരിക്കും. എന്നാൽ അപ്പുറത്തുള്ളയാൾ പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിച്ച് മുന്നോട്ട് പോവണമെന്ന് കരുതുന്ന ആളായിരിക്കും. ഇത്തരത്തിൽ നിങ്ങൾ തമ്മിൽ കാഴ്ചപ്പാടിൽ വ്യത്യാസമുണ്ടെങ്കിൽ എല്ലാം ശരിയാകുമെന്ന് കരുതി ഇരിക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക.
എല്ലാത്തിനും അതിരുകളുണ്ട്
എല്ലാ ബന്ധങ്ങളിലും അലിഖിതമായ ചില അതിരുകളുണ്ടാവും. നിങ്ങൾ എല്ലാം പരസ്പരം പങ്കുവെക്കുന്നവരാണെങ്കിലും എപ്പോഴും അപ്പുറത്തുള്ളയാളുടെ സ്വകാര്യതയെ മാനിക്കുക. എല്ലാം പങ്കുവെക്കണമെന്ന് പങ്കാളിയോട് നിർബന്ധം പിടിക്കാതിരിക്കുക. സ്വകാര്യതയിൽ കടന്നുകയറുന്നത് ആരും സഹിച്ചെന്ന് വരില്ല. ഇത് അവർക്ക് കെണിയിൽ പെട്ട തോന്നലുണ്ടാക്കും.
എപ്പോഴും ഇരയാണെന്ന് നടിക്കരുത്
നിങ്ങൾ പരസ്പരം എന്തെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് തർക്കിക്കുമ്പോഴോ അല്ലെങ്കിൽ മോശമായത് എന്തെങ്കിലും സംഭവിക്കുമ്പോഴോ വൈകാരികമായി പ്രതികരിച്ച് പങ്കാളിയെ മുതലെടുക്കുന്ന തരത്തിൽ ഇടപെടാതിരിക്കുക. എപ്പോഴും നിങ്ങൾ നിഷ്കളങ്കനാണെന്ന് വരുത്തി തീർക്കേണ്ട കാര്യമില്ല. എല്ലാ വിഷയങ്ങളിലും ഇരയാണെന്ന് നടിക്കുന്നതും ഗുണം ചെയ്യില്ല. ഇത് നിങ്ങളറിയാതെ ബന്ധത്തെ തകർക്കും.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.