ഒരു കാലത്ത് മെഡലുകള്‍ വാരിക്കൂട്ടി പഞ്ചാബിന്റെ അഭിമാനമായിരുന്ന മുന്‍ ജൂനിയര്‍ ഹോക്കി താരം ഇന്ന് ജീവിക്കാനായി ചാക്ക് കെട്ടുകള്‍ ചുമക്കുകയാണ്. പഞ്ചാബ് ഹോക്കി താരമായ പരംജീത്ത് കുമാറാണ് ഇന്ന് കൂലിപ്പണിയെടുത്ത് ജീവിതം മുന്നോട്ട് നയിക്കുന്നത്. ജൂനിയര്‍ വിഭാഗത്തില്‍ ദേശീയ തലത്തില്‍ 4 മെഡലുകളാണ് പരംജീത്ത് നേടിയിട്ടുള്ളത്. 2007ലെ ജൂനിയര്‍ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗം കൂടിയായിരുന്നു ഇദ്ദേഹം.
എന്നാല്‍ ഇന്ന് ജീവിക്കാനായി ഭാരമേറിയ ചാക്കുകെട്ടുകൾ ചുമക്കുകയാണ് പരംജീത്ത്. ഫരീദ്‌കോട്ടിലാണ് പരംജീത്ത് ജോലി ചെയ്യുന്നത്. ഒരു ചാക്ക് ചുമന്ന് വണ്ടിയില്‍ കയറ്റിയാല്‍ പരംജീത്തിന് ലഭിക്കുന്നത് 1.25 രൂപയാണ്. ഒരു ദിവസം 450ലധികം ചാക്കുകെട്ടുകളാണ് പരംജീത്ത് ചുമക്കുന്നത്. പരംജീത്തിന്റെ ഇപ്പോഴത്തെ ജീവിതം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയത്.
#Punjab | Hockey player Paramjeet Kumar, who now works as a palledar (loads and unloads sacks of wheat and rice) at Faridkot Mandi. (Video credit: Paramjeet Kumar) pic.twitter.com/YD74eHQRtz
— The Indian Express (@IndianExpress) January 29, 2023
പരംജീത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പരംജീത്തിനെ സഹായിക്കാന്‍ തങ്ങളെക്കൊണ്ട് കഴിയും വിധം ശ്രമിക്കാമെന്ന് പറഞ്ഞാണ് ചിലര്‍ രംഗത്തെത്തിയത്. ” സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം ചെയ്യുന്ന ജോലിയെ ഞാന്‍ മാനിക്കുന്നു. സര്‍ക്കാരും സ്‌പോര്‍ട്‌സ് മന്ത്രാലയവും അദ്ദേഹത്തെ മറന്നുപോയി,” എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
”ലജ്ജ തോന്നുന്നു. ദേശീയ തലത്തില്‍ മത്സരിച്ച ഒരു വ്യക്തിയുടെ അവസ്ഥ. പക്ഷെ ഇതില്‍ അതിശയപ്പെടാനൊന്നുമില്ല,” എന്നാണ് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചത്. ” ഇതുകൊണ്ടാണ് സ്‌പോര്‍ട്‌സിലേക്ക് തിരിയാന്‍ കുട്ടികളെ മാതാപിതാക്കള്‍ അനുവദിക്കാത്തത്,” എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.
അതേസമയം തന്നോടൊപ്പം ജോലി ചെയ്യുന്നവര്‍ക്ക് താൻ ഒരു ഹോക്കി താരമാണെന്ന കാര്യം അറിയില്ലെന്നും പരംജീത്ത് പറയുന്നു. അതറിഞ്ഞാല്‍ അവര്‍ തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പരംജീത്ത് വ്യക്തമാക്കി.
ഫരീദ്‌കോട്ടിലാണ് പരംജീത്ത് വളര്‍ന്നത്. ബിജേന്ദ്ര കോളേജിലെ ഹോക്കി പരിശീലകനായ ബല്‍തേജ് ഇന്ദേപാല്‍ സിംഗ് ബാബുവാണ് പരംജീത്തിനെ ഹോക്കിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് 2004ല്‍ പട്യാലയിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലന കേന്ദ്രത്തിലേക്ക് പരംജീത്ത് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് 2007ല്‍ പട്യാലയിലെ തന്നെയുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഹോക്കിയിലേക്കും പരംജീത്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജീവിക്കാനായി പൊരുതുന്ന ഒരു മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ താരത്തിന്റെ വീഡിയോയും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭക്ഷണ വിതരണക്കാരിയായി മാറിയ ഈ മുൻ ഇന്ത്യൻ ഫുട്ബോൾ കളിക്കാരിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധി ആളുകളാണ് താരത്തെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ ഫുട്ബോൾ കരിയർ തുടരാൻ സഹായ വാഗ്ദാനവുമായി രംഗത്തെത്തുകയും ചെയ്തത്. കായികരംഗത്ത് കരിയർ തുടരുക എന്നത് ഇന്ത്യയിൽ ഇപ്പോഴും ഒരു വെല്ലുവിളിയാണ്. നിലവാരമുള്ള പരിശീലനം ലഭിക്കാനും ആ മേഖലയിൽ തുടരാനും പലർക്കും കഴിയുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.