പ്രണയിതാക്കൾക്കായി ഇതാ ഒരു വാലന്റൈൻസ് ദിനം കൂടി എത്തിയിരിക്കുന്നു. അങ്ങനെ ഒരാഴ്ച നീണ്ട ആഘോഷങ്ങൾ ഇന്നത്തോടെ പൂർണ്ണമാകും. തങ്ങളുടെ പ്രണയം തുറന്നു പറയുന്നതിനും ബന്ധം ദൃഢമാക്കുന്നതിനും പരസ്പരം സമ്മാനങ്ങൾ നൽകുന്നതിനുമെല്ലാം ഈ ദിവസം വളരെ പ്രാധാന്യമേറിയതാണ്. അങ്ങനെ പ്രണയിതാക്കൾക്ക് വേണ്ടിയുള്ള ഈ ദിനത്തിൽ പല തരത്തിലുള്ള സ്നേഹ സമ്മാനങ്ങളാണ് പരസ്പരം കൈമാറാറുള്ളത്.
സമ്മാനങ്ങൾ കൈമാറുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു രീതിയല്ല. നൂറുകണക്കിന് വർഷങ്ങൾക്കു മുമ്പ് മുതൽ ആളുകൾ ആചരിച്ചു തുടങ്ങിയ ഒന്നാണിത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ വാലന്റൈൻസ് ഡേ യുടെ തുടക്കം എങ്ങനെയായിരുന്നു എന്നുകൂടി മനസ്സിലാക്കണം. ഈ തിരിഞ്ഞുനോട്ടം എത്തിനിൽക്കുക 14-ാം നൂറ്റാണ്ടിലെ കവിയും യൂറോപ്യൻ സഞ്ചാരിയുമായിരുന്ന ജെഫ്രി ചോസറിലായിരിക്കും.
1380-ൽ ചോസർ രചിച്ച ‘ ദ പാർലമെന്റ് ഓഫ് ഫൗൾസ്’ എന്ന കവിതയിലാണ് ഫെബ്രുവരി 14- പ്രണയിക്കുന്നവർക്ക് വേണ്ടിയുള്ളഒരു ദിനമാണ്എന്ന ആശയം ആദ്യമായി ഉരുത്തിരിഞ്ഞത് എന്ന് കരുതപ്പെടുന്നു. കൂടാതെ റോമൻ രക്തസാക്ഷിയായ വിശുദ്ധ വാലന്റൈന്റെ ഓർമ്മ ദിനമായാണ് ഈ ദിവസത്തെ മിക്ക ആളുകളും കണക്കാക്കുന്നത്.
എന്നാൽ ആളുകൾക്ക് തങ്ങളുടെ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഒരു ദിവസമായാണ് ചോസർ ഈ ദിവസത്തെ വിശേഷിപ്പിച്ചത്. കൂടാതെ ചോസറിന്റെ കവിതയിലെ ആഖ്യാതാവ് പ്രണയത്തിൽ പരാജയപ്പെട്ട ഒരാളാണ്. നന്നായി പ്രണയിക്കാൻ പഠിക്കാനെടുക്കുന്ന സമയം മനസ്സിലാക്കുമ്പോൾ ജീവിതം വളരെ ഹ്രസ്വമാണെന്ന നിരാശയാണ് അയാൾക്ക്. അതേസമയം ചോസറിന്റെ കാലത്തും സമ്മാനം നൽകൽ വലിയ ആചാരമായാണ് കണ്ടിരുന്നത്.
Also read- ഇന്ത്യ മറക്കാത്ത ദിനം; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് നാലാണ്ട്
ഒരു വാഗ്ദാനത്തിന് ഉറപ്പു നൽകുന്നതിനുള്ള ടോക്കൺ എന്നായിരുന്നു പഴയ ഇംഗ്ലീഷിൽ ‘വെഡ്’ എന്ന വാക്കുകൊണ്ട് അർത്ഥമാക്കിയിരുന്നത്. കൂടാതെ പതിമൂന്നാം നൂറ്റാണ്ട് വരെ വിവാഹം ഒരു ചടങ്ങ് ആയി പരിഗണിച്ചിരുന്നില്ല.പാട്ടുകളിലും കഥകളിലും മറ്റ് കലാരൂപങ്ങളിലുമെല്ലാം ആയി പ്രണയത്തിന്റെ പുതിയ സമ്പ്രദായങ്ങൾ ഉടലെടുത്തു. ആളുകൾ പ്രണയലേഖനങ്ങൾ എഴുതാൻ തുടങ്ങി.. പ്രണയത്തിന്റെ ഓർമ്മയ്ക്കായി സമ്മാനങ്ങൾ നൽകാനും തുടങ്ങി.
മോതിരം, ബെൽറ്റുകൾ, ഗ്ലൗസ്, കർച്ചീഫ്, തുണികൾ, ചീപ്പുകൾ, കണ്ണാടി, പേഴ്‌സ്, പാത്രങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് അക്കാലത്തെ പ്രണയ സമ്മാനങ്ങളുടെ ഉദാഹരണങ്ങൾ. പതിമൂന്നാം നൂറ്റാണ്ടു മുതൽ വിവാഹം നടന്നു എന്ന് തെളിയിക്കുന്ന അടയാളങ്ങളായി വിവാഹമോതിരങ്ങൾ മാറി. ചോസറിനെപ്പോലെ തന്നെ ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ മനശാസ്ത്രജ്ഞനായ എറിക് ഫ്രോമും ആളുകൾക്ക് സ്നേഹിക്കാനുള്ള കല പഠിക്കാൻ കഴിയും എന്ന് വിശ്വസിച്ചിരുന്നു.
Also read- തീപിടിത്തത്തിലകപ്പെട്ട മൂർഖൻ പാമ്പിനെ സാഹസികമായി രക്ഷപെടുത്തി
പ്രണയം എന്നത് ഭൗതിക വസ്തുക്കൾ മാത്രമല്ലെന്നും അതിലൂടെ ഒരാൾക്ക് സന്തോഷം, താൽപ്പര്യം, ധാരണ, അറിവ്, തമാശ, സങ്കടം എന്നിവ നൽകുന്ന ഒരു പ്രവൃത്തിയാണെന്നും എറിക് ഫ്രോമ് വിശ്വസിച്ചു. എന്നാൽ സമ്മാനങ്ങൾ എക്കാലവും ഓർമ്മിക്കാവുന്ന തരത്തിൽ ബന്ധങ്ങളെ ദൈർഘ്യമേറിയതാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ആദ്യ കാലങ്ങളിൽ കാർഡുകൾ ആയിരുന്നു സമ്മാനങ്ങളിൽ ആധിപത്യം പുലർത്തിയിരുന്നത്.
എന്നാൽ കാലങ്ങൾ മാറും തോറും സമ്മാനങ്ങളുടെ മാതൃകകളും രൂപാന്തരം പ്രാപിച്ചു. ഇപ്പോൾ പൂക്കൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിങ്ങനെ പലതരത്തിലുള്ള വസ്തുക്കളിലേക്ക് സമ്മാനങ്ങൾ എത്തി നിൽക്കുന്നു. ഇതിനിടയിൽ ആഞ്ജലീന ജോളിയും ബില്ലി ബോബ് തോൺടണും പരസ്പരം രക്തം പുരട്ടിയ വെള്ളി പെൻഡന്റുകളുടെ നെക്ലേസുകൾ സമ്മാനമായി നൽകിയതുപോലെ വളരെ വിചിത്രമായ പ്രണയസമ്മാനങ്ങളുടെ ഉദാഹരണങ്ങളുമുണ്ട്.
(ലേഖകൻ: ക്ലെയർ ഡേവിഡ്‌സൺ, റിസർച്ച് അസോസിയേറ്റ്, ജെൻഡർ ആൻഡ് വിമൻസ് ഹിസ്റ്ററി റിസർച്ച് സെന്റർ, ഓസ്‌ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റി)
(Source: PTI)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.