• HOME
 • »
 • NEWS
 • »
 • life
 • »
 • Atlas Ramachandran | പ്രശസ്തിയിൽ നിന്ന് വിസ്മൃതിയിലേയ്ക്ക്; അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതം മാറിമറിഞ്ഞത് എങ്ങനെ?

Atlas Ramachandran | പ്രശസ്തിയിൽ നിന്ന് വിസ്മൃതിയിലേയ്ക്ക്; അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതം മാറിമറിഞ്ഞത് എങ്ങനെ?

55 കോടി ദിര്‍ഹത്തിന് മുകളില്‍ പണം തിരിച്ച്‌ അടക്കാനാകാതെ വന്നതോടെയാണ് 2015ൽ അദ്ദേഹത്തിനെതിരെ കേസ് വന്നത്.

 • Last Updated :
 • Share this:

  ചലച്ചിത്ര നിർമ്മാതാവ്, അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാൻ, അഭിനേതാവ് എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് അന്തരിച്ച വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗ വാർത്ത അറിഞ്ഞപ്പോൾ യഥാർത്ഥത്തിൽ എന്താണ് അദ്ദേഹത്തിന് ജീവിതത്തിൽ സംഭവിച്ചത് എന്ന് ചിന്തിക്കാത്തവർ ചുരുക്കം ആയിരിക്കും. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ അദ്ദേഹത്തിന് ഒരു സാഹചര്യത്തിൽ എല്ലാം നഷ്ടമായി. സാധാരണ ഒരു ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്നും ഒരു പ്രമുഖ വ്യവസായി എന്ന നിലയിലേക്ക് വളർന്ന അദ്ദേഹം അവസാന ഘട്ടങ്ങളിൽ തന്റെ പേരും പ്രശസ്തിയും നിലനിർത്താൻ ഏറെ പാടുപെട്ടു. ചില ബാങ്കുകളില്‍ നിന്നെടുത്ത വായ്‌പകള്‍ യഥാസമയം തിരിച്ചടയ്ക്കാന്‍ കഴിയാതായതിനെത്തുടര്‍ന്ന് ജയിൽവാസവും അനുഭവിച്ചു. 55 കോടി ദിര്‍ഹത്തിന് മുകളില്‍ പണം തിരിച്ച്‌ അടക്കാനാകാതെ വന്നതോടെയാണ് 2015ൽ അദ്ദേഹത്തിനെതിരെ കേസ് വന്നത്. അങ്ങനെ രണ്ടര വർഷത്തോളം അറ്റ്ലസ് രാമചന്ദ്രൻ ജയിൽവാസം അനുഭവിച്ചു.


  പിന്നീട് ജയിൽ മോചിതനായ അദ്ദേഹം കുടിശ്ശികയുള്ള പണം കൊടുത്തു തീർത്ത് ശാന്തമായ ജീവിതം നയിക്കാനുള്ള ശ്രമത്തിലായിരുന്നു. അതേസമയം യുഎഇയിലെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാരിയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയും അതിവേഗം ആയിരുന്നു. ഇങ്ങനെ ഉയർച്ചയുടെ കൊടുമുടിയിൽ തിളങ്ങി നിന്ന കാലത്ത് നേരിട്ട ഒരു വലിയ തിരിച്ചടി. അത് അദ്ദേഹത്തിന് ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കോടികളുടെ കടബാധ്യതയും പേറി പിന്നീട് അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞു.


  Also Read-'വൈശാലി രാമചന്ദ്രൻ ' ആയി വന്ന അറ്റ്‌ലസ് രാമചന്ദ്രൻ; നല്ല സിനിമകളുടെ നിർമാണത്തിൽ നിന്ന് നടനായ അക്ഷരശ്ലോകപ്രേമി


  സമ്പൽസമൃദ്ധമായ ആഭരണങ്ങളിലും വജ്രങ്ങളിലും കെട്ടിപ്പടുക്കപ്പെട്ട അദ്ദേഹത്തിന്റെ റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമ്മാണം എന്നിവയടങ്ങിയ വിശാലമായ ബിസിനസ്സ് സാമ്രാജ്യം ഒരു നിമിഷംകൊണ്ട് ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു. എന്നാൽ ഇതിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും നിഗൂഢതകളിൽ ഒളിഞ്ഞിരിക്കുകയാണ്. പ്രത്യക്ഷത്തിൽ പറയുന്നത് ബിസിനസിന് അകത്തു നിന്നും പുറത്തുനിന്നും ഉണ്ടായ ഗൂഢ നീക്കങ്ങളുടെ ഫലമായാണ് അദ്ദേഹത്തിന് ഈ തകർച്ച സംഭവിച്ചത് എന്നാണ്.


  അതേസമയം അഞ്ചു കോടിയുടെ ചെക്കുകൾ മടങ്ങിയതാണ് ജയിൽവാസത്തിലേയ്ക്ക് വരെ എത്തിച്ചത്. എന്നാൽ ഇപ്പോൾ യുഎഇയിൽ ഇത്തരത്തിൽ ചെക്കുകൾ മടങ്ങിയാൽ അതൊരു ക്രിമിനൽ കുറ്റമായി കണക്കാക്കുകയില്ല. ഇത് അദ്ദേഹത്തോട് കാണിച്ച ആദ്യത്തെ നീതികേടായി ചൂണ്ടിക്കാണിക്കപ്പെട്ടു. തുടർന്ന് സാമ്പത്തിക തട്ടിപ്പിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു. രാമചന്ദ്രൻ ജയിലിൽ അടയ്ക്കപ്പെട്ടതിനെ തുടർന്ന് ഇഡി അദ്ദേഹത്തിന്റെ ഇന്ത്യയിലെ സ്വത്തുക്കളും കണ്ടുകെട്ടി. ഇങ്ങനെ ആഘാതങ്ങൾ നിരവധി അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നു.


  Also Read-അറ്റ്ലസ് രാമചന്ദ്രൻ 'ജനകോടികളുടെ വിശ്വസ്ത സ്ഥാപന'മായി പ്രശസ്തം; കോടികളുടെ ഇടപാടിൽ അടിതെറ്റി മൂന്നുവർഷം തടവറയിൽ


  ജയിൽ മോചിതനായ ശേഷം ബാങ്ക് ചെക്കുകൾ മടങ്ങിയതാണ് തന്റെ സാമ്രാജ്യത്തിന്റെ പതനത്തിന് പ്രധാന കാരണമെന്ന് രാമചന്ദ്രൻ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ തന്റെ ബ്രാൻഡായ അറ്റ്‌ലസിന്റെ ശബ്ദമായും മുഖമായും ടെലിവിഷൻ ചാനലുകളിലും റേഡിയോയിലും ജനശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹം ഒരു സുപ്രഭാതത്തിൽ പൊതുജനങ്ങളിൽ നിന്ന് തന്നെ അപ്രത്യക്ഷമായി. പലരിൽ നിന്നും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു. എല്ലാം ഒരു പ്രഹസനമാണെന്ന് ഉറ്റവർ പോലും അദ്ദേഹത്തെ പരിഹസിച്ചു.


  ഗൾഫിലെ ഏറ്റവും മികച്ച ഇന്ത്യൻ ബിസിനസുകാരനാകാൻ കഴിയുമായിരുന്ന വ്യക്തി കൂടിയായിരുന്നു രാമചന്ദ്രൻ. ഇതിന് കാരണം എല്ലാ മേഖലകളിലുമുള്ള അദ്ദേഹത്തിന്റെ നിറസാന്നിധ്യം തന്നെ ആയിരുന്നു. ഒരു ബാങ്ക് ഉദ്യോഗസ്ഥനായാണ് ജീവിതം തുടങ്ങിയതെങ്കിലും പിന്നീട് കുവൈറ്റിലേക്ക് പോയ അദ്ദേഹം സ്വര്‍ണവ്യാപാരത്തിൽ അടി ഉറപ്പിക്കുകയായിരുന്നു. കുവൈറ്റില്‍ അറ്റ്‌ലസിന്റെ ആറ് ഷോറൂമുകള്‍ തുറന്ന് മികച്ച വ്യാപാരം നടത്തുന്നതിനിടെയാണ് ഇറാഖിന്റെ കുവൈറ്റ് അധിനിവേശമുണ്ടായത്. ഇതോടെ എല്ലാം നഷ്ടപ്പെട്ട അദ്ദേഹം ദുബായിലെത്തി തന്റെ കഠിനപ്രയത്നത്തിലൂടെയാണ് അവിടെ പച്ചപിടിച്ചത്. അങ്ങനെ നിരവധി വർഷങ്ങൾ കൊണ്ട് ദുബായിലും മറ്റ് രാജ്യങ്ങളിലും കേരളത്തിലുമായി നിരവധി അറ്റ്‌ലസ് ഷോറൂമുകള്‍ തുടങ്ങുകയും ചെയ്തു. ഗൾഫിൽ വന്‍കിട ആശുപത്രിയും അദ്ദേഹത്തിന് തുടങ്ങാനായി. ഇതോടൊപ്പം സാംസ്കാരിക രംഗത്തും സിനിമയിലും അദ്ദേഹം സജീവമായി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ സേവനം മികച്ചതായിരുന്നു. അതോടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന പേര് ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ പുഞ്ചിരി പരസ്യബോർഡുകളിൽ നിറഞ്ഞു നിൽക്കുകയും ആ ശബ്ദം ആളുകളെ സ്വർണ്ണം വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്ത ഒരു കാലഘട്ടം തന്നെയുണ്ടായിരുന്നു.


  എന്നാൽ അദ്ദേഹത്തിന്റെ സാമ്പത്തിക തകർച്ചയുടെ ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിരവധി അപവാദങ്ങളാണ് നേരിടേണ്ടി വന്നത്. അതിലേക്ക് അദ്ദേഹത്തിന്റെ കുടുംബത്തെ പോലും വലിച്ചിഴച്ചു. പലരുടെയും അടിസ്ഥാനരഹിതമായ കുറ്റപ്പെടുത്തലിൽ രാമചന്ദ്രനും കുടുംബത്തിനും ഒരുപാട് കാലം നിശബ്ദത പാലിക്കേണ്ടി വന്നു.


  Also Read-'നേരെ വാ നേരെ പോ എന്ന മട്ടിലേ ഞാൻ നീങ്ങൂ‘; അറ്റ്ലസ് രാമചന്ദ്രനെക്കുറിച്ച് പഴയ സുഹൃത്ത്


  അങ്ങനെ എല്ലാ ഗൾഫ് നഗരങ്ങളിലും ഇന്ത്യൻ എയർപോർട്ടുകളിലും വരെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ‘അറ്റ്ലസ്’ ഷോറൂമുകൾ പുതിയ വ്യവസായികൾക്ക് വഴിമാറി കൊടുത്തു. അദ്ദേഹത്തിനുവേണ്ടി ജോലി ചെയ്തിരുന്ന നൂറുകണക്കിന് ജോലിക്കാർ പുതിയ ജോലികൾ തേടി പോയി. റേഡിയോ ജിംഗിളിൽ പുതിയ ശബ്ദങ്ങൾ എത്തി. എന്നാൽ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ശബ്ദത്തെയും ഓർത്തിരിക്കുന്നവർ ഇന്നും നിരവധിയാണ്.


  ബിസ്സിനസ്സ് സാമ്രാജ്യങ്ങൾ ഉയർന്നു പൊങ്ങാനും അടി തെറ്റി വീഴാനും വളരെ കുറച്ച് സമയം മതി എന്ന തിരിച്ചറിവാണ് അറ്റ്ലസ് രാമചന്ദ്രൻ എന്ന വ്യക്തിയുടെ ജീവിതം പലർക്കും നൽകുന്ന പാഠം. എന്നാൽ അറ്റ്‌ലസ് എന്ന അദ്ദേഹത്തിന്റെ സാമ്രാജ്യത്തെ തിരിച്ചുകൊണ്ട് വരാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹം വിടവാങ്ങിയത്. എന്തായാലും അറ്റ്ലസ് രാമചന്ദ്രൻ എന്ന മനുഷ്യൻ സൃഷ്ടിച്ച തരംഗം ഒരുകാലത്തും മലയാളികൾക്ക് മറക്കാനാവാത്ത ഒന്ന് തന്നെയായിരിക്കും.

  Published by:Jayesh Krishnan
  First published: