നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Sharif Chacha | അവകാശികളില്ലാത്ത 25,000 മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തി; ഒടുവിൽ ഷെരീഫ് ചാച്ച പത്മശ്രീ ഏറ്റുവാങ്ങി

  Sharif Chacha | അവകാശികളില്ലാത്ത 25,000 മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തി; ഒടുവിൽ ഷെരീഫ് ചാച്ച പത്മശ്രീ ഏറ്റുവാങ്ങി

  ഷരീഫ് ചാച്ച മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും മാത്രമല്ല, സിഖുകാരുടെയും ക്രിസ്ത്യാനികളുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിട്ടുണ്ട്

  • Share this:
   അയോധ്യ: അവകാശികളില്ലാത്ത 25,000 മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയ മുഹമ്മദ് ഷെരീഫിനെ തേടി ഒടുവില്‍ പത്മശ്രീ (Padma Shri)പുരസ്‌കാരമെത്തി. തിങ്കളാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്(President Ram Nath Kovind) 83 കാരനായ മുഹമ്മദ് ഷെരീഫിന് അവാര്‍ഡ് സമ്മാനിച്ചു. കൊറോണ വൈറസ് മഹാമാരി കാരണം 2020ല്‍ നടത്തേണ്ടിയിരുന്ന അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവച്ചിരുന്നു. ഷെരീഫ് ചാച്ച എന്ന പേരില്‍ പ്രശസ്തനായ ഇദ്ദേഹം ഒരു സൈക്കിള്‍ മെക്കാനിക്കാണ്.

   മകന്റെ മരണം

   1992ല്‍ സുല്‍ത്താന്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വന്തം മകന്‍ റയീസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഷെരീഫ് ഈ സേവനം ആരംഭിച്ചത്. മകന്റെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം അവകാശികളില്ലാതെ കിടക്കുകയും തെരുവ് നായ്ക്കള്‍ കടിച്ചു വലിക്കുകയും ചെയ്തിരുന്നു. കെമിസ്റ്റായി ജോലി ചെയ്തിരുന്ന മകനെ ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍പൂര്‍ ജില്ലയിലേക്ക് പോകവേയാണ് കാണാതായതെന്ന് ഷെരീഫ് പറയുന്നു. ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തില്‍ വര്‍ഗീയ കലാപം നടന്നിരുന്ന സമയമായിരുന്നു അത്. കലാപത്തിനിടെയാണ് മകന് ജീവന്‍ നഷ്ടപ്പെട്ടത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

   'സത്യമേവ ജയതേ' ഷോ

   ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ അവതാരകനായ സത്യമേവ ജയതേ എന്ന ടിവി ഷോയില്‍ പങ്കെടുത്തതോടെയാണ് ഷെരീഫ് പ്രശസ്തനായത്. ഷരീഫ് ചാച്ച മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും മാത്രമല്ല, സിഖുകാരുടെയും ക്രിസ്ത്യാനികളുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിട്ടുണ്ട്.

   അനാഥ ശവശരീരങ്ങള്‍

   അനാഥ ശവശരീരങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ഷെരീഫ് പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മോര്‍ച്ചറികളിലും എത്താറുണ്ടായിരുന്നു. 72 മണിക്കൂറോളം ആരും അവകാശികളായി എത്താത്ത ശവശരീരങ്ങളാണ് പോലീസ് ഷെരീഫിന് കൈമാറാറുള്ളത്. ഈ നിസ്വാര്‍ത്ഥ സേവനത്തിനാണ് 2020ല്‍ അദ്ദേഹത്തെ തേടി ഇന്ത്യയിലെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ എത്തിയത്.

   'ചടങ്ങിന് ഒരു ദിവസം മുമ്പാണ് ഞങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കോള്‍ ലഭിച്ചത്. അവര്‍ ഞങ്ങളെ ഡല്‍ഹിയിലേക്കാണ് ക്ഷണിച്ചത്. മൂന്ന് പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കി. ഡല്‍ഹിയിലെ അശോക ഹോട്ടലിലാണ് താമസിച്ചത്. തിങ്കളാഴ്ച വൈകുന്നേരം പിതാവിന് രാഷ്ട്രപതി പത്മശ്രീ നല്‍കി ആദരിച്ചു' ഷെരീഫിന്റെ മകന്‍ ഷബ്ബര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

   കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് നടി കങ്കണ റണാവത്തും പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. വീഡിയോയില്‍ കങ്കണ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളാണ് ഇതിന് കാരണം. വീഡിയോയില്‍, തനിക്ക് ലഭിച്ച ബഹുമതിയില്‍ നന്ദി പറയുന്നതിനൊപ്പം നിരവധി വിദ്വേഷ പരാമര്‍ശങ്ങളും താരം നടത്തിയിരുന്നു.
   Published by:Jayashankar AV
   First published:
   )}