HOME » NEWS » Life » FUNERAL SERVICE FOR A CHRISTIAN WOMAN AT A MADRASSA IN MALAPPURAM 1

ക്രിസ്ത്യൻ വനിതയ്ക്ക് മദ്രസയിൽ അന്ത്യശുശ്രൂഷ; മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി മലപ്പുറം പൊന്നാട്

വീട്ടിൽ സൌകര്യമില്ലാത്തതിനാലാണ് ബ്രിഡ്ജറ്റ് റിച്ചാർഡ്സിന്‍റെ അന്ത്യശുശ്രൂഷ മദ്രസയിൽവെച്ച് നടത്തിയത്

News18 Malayalam | news18-malayalam
Updated: January 31, 2021, 11:42 AM IST
ക്രിസ്ത്യൻ വനിതയ്ക്ക് മദ്രസയിൽ അന്ത്യശുശ്രൂഷ; മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി മലപ്പുറം പൊന്നാട്
dead body
  • Share this:
മലപ്പുറം; മതസൗഹാർദ്ദതയുടെ നേർക്കാഴ്ചയായി മലപ്പുറത്തെ പൊന്നാട് എന്ന ഗ്രാമം. ക്രിസ്ത്യൻ വനിതയ്ക്ക് മദ്രസയിൽ അന്ത്യശുശ്രൂഷയൊരുക്കിയാണ് ഒരു നാട് മാതൃകയായത്. പൊന്നാട് തഹ്ലിമുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ ബ്രിഡ്ജറ്റ് റിച്ചാർഡ്സ് എന്ന 84-കാരിക്കാണ് അന്ത്യ ശുശ്രൂഷയൊരുക്കിയത്.

വീട്ടിൽ സൌകര്യമില്ലാത്തതിനാലാണ് ബ്രിഡ്ജറ്റ് റിച്ചാർഡ്സിന്‍റെ അന്ത്യശുശ്രൂഷ മദ്രസയിൽവെച്ച് നടത്തിയത്. ഇവരുടെ മൃതദേഹം ഒരു രാത്രി മദ്രസയിലെ ക്ലാസ് മുറിയിൽ സൂക്ഷിക്കുകയും ചെയ്തു.

കോഴിക്കോട് സ്വദേശിയായ ബ്രിഡ്ജറ്റ് റിച്ചാർഡ്സിന് മഞ്ചേരിയിലായിരുന്നു ജോലി. ജോലിയിൽനിന്ന് വിരമിച്ച ശേഷം നാലു സെന്‍റ് സ്ഥലം വാങ്ങി, 13 വർഷമായി ഇവർ പൊന്നാട്ടാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇവരുടെ ഭർത്താവ് മരിക്കുകയും ചെയ്തു. ഇതോടെ, സഹപ്രവർത്തകയായ ജാനകി എന്ന സ്ത്രീയാണ് ബ്രിഡ്ജറ്റിന് കൂട്ടായി ഉണ്ടായിരുന്നത്. നാട്ടുകാരുമായി ഉറ്റ സൌഹൃദത്തിലായിരുന്നു ഇവർ. അയൽവാസികളുടെ എന്ത് കാര്യത്തിനും മുന്നിൽ ഉണ്ടായിരുന്ന ബ്രിഡ്ജറ്റിനെ എല്ലാവരും അമ്മച്ചി എന്നാണ് വിളിച്ചിരുന്നത്.

You May Also Like- രണ്ടു വയസുകാരൻ പന്തെടുക്കാൻ നടുറോഡിലേക്ക് ഓടി; K S R T C ബസിനുമുന്നിൽനിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

വാർദ്ദക്യസഹജമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ചാണ് ബ്രിഡ്ജറ്റ് കഴിഞ്ഞ ദിവസം അന്തരിച്ചത്. തുടർന്ന് മൃതദേഹം പൊന്നാട്ടെ വസതിയിലേക്കു കൊണ്ടുവന്നു. ശനിയാഴ്ച രാവിലെ കോഴിക്കോട് വെസ്റ്റ് ഹിൽ സെമിത്തേരിയിലാണ് സംസ്ക്കാര ചടങ്ങുകൾ നടത്തേണ്ടിയിരുന്നത്. അതുവരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കണമായിരുന്നു. എന്നാൽ സ്ഥലക്കുറവ് കാരണം ഫ്രീസർ ബ്രിഡ്ജറ്റിന്‍റെ വീട്ടിനുള്ളിലേക്കു കൊണ്ടുവരാൻ സാധിച്ചില്ല.

ഇതോടെയാണ് പൊന്നാട് തഹ്ലിമുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മൃതദേഹം സൂക്ഷിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. മദ്രസയിലെ ക്ലാസ് മുറിയിലായിരുന്നു ഫ്രീസറിനുള്ളിൽ മൃതദേഹം സൂക്ഷിച്ചത്. മൃതദേഹം സൂക്ഷിച്ച ക്ലാസിന് ശനിയാഴ്ച മദ്രസയിൽ അവധി നൽകുകയും ചെയ്തു. അന്ത്യശുശ്രൂഷകളും മദ്രസയിൽവെച്ച് തന്നെ നടത്താൻ നാട്ടുകാർ തീരുമാനിച്ചു.

ഇതിനു മുന്നോടിയായി മദ്രസയുടെ സമീപത്തുവെച്ച് മൃതദേഹം അവസാനമായി കുളിപ്പിച്ചു. സ്ട്രെച്ചറിൽ എത്തിച്ച മൃതദേഹം ബ്രിഡ്ജറ്റിന്‍റെ സമീപവാസികളായ മുസ്ലീം സ്ത്രീകളാണ് കുളിപ്പിച്ചത്. ഇതിനുശേഷം അന്ത്യ ശുശ്രൂഷ ചടങ്ങുകൾ മദ്രസയിൽ വെച്ച് നടന്നു. കോഴിക്കോട് നിന്ന് എത്തിയ വൈദികനാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. അതിനുശേഷം മൃതദേഹം വെസ്റ്റ് ഹില്ലിലെ പള്ളി സെമിത്തേരിയിൽ എത്തിച്ചു സംസ്ക്കരിക്കുകയായിരുന്നു.

നാട്ടുകാർ ഒറ്റക്കെട്ടായാണ് ബ്രിഡ്ജറ്റിന് അന്ത്യയാത്രയേകിയത്. ജനപ്രതിനിധികൾ അടക്കമുള്ളവർ പൊന്നാട് തഹ്ലിമുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ എത്തിയിരുന്നു. മതസൗഹാർദ്ദതയുടെ നേർക്കാഴ്ചയായി മാറിയ പൊന്നാട് എന്ന ഗ്രാമത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേർ സോഷ്യൽ മീഡിയയിലും എത്തിയിട്ടുണ്ട്.
Published by: Anuraj GR
First published: January 31, 2021, 11:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories