• HOME
 • »
 • NEWS
 • »
 • life
 • »
 • GlaxoSmithKline | എച്ച്ഐവി ഭേദമാക്കുന്ന ചികിത്സാരീതി; മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാൻ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ

GlaxoSmithKline | എച്ച്ഐവി ഭേദമാക്കുന്ന ചികിത്സാരീതി; മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാൻ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ

രോഗികളിലെ രോഗപ്രതിരോധ കോശങ്ങളെ ആക്രമിക്കുന്ന വൈറസിനെ ഉണർത്താനും മറഞ്ഞിരിക്കുന്നതിനെ പുറത്തുകൊണ്ടുവന്ന് നശിപ്പിക്കുകയും ചെയ്യുന്ന ചികിത്സാരീതിയാണ് ഗ്ലാക്സോ സ്മിത്ത്ക്ലൈൻ ആവിഷ്ക്കരിച്ചത്

gsk

gsk

 • Last Updated :
 • Share this:
  എച്ച്ഐവി ഭേദമാക്കുന്ന ചികിത്സാരീതിയുമായി പ്രശസ്ത മരുന്ന് നിർമ്മാതാക്കളായ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ. ഇതിന്‍റെ മനുഷ്യരിലെ പരീക്ഷണം അടുത്ത വർഷം തന്നെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. രോഗികളിലെ രോഗപ്രതിരോധ കോശങ്ങളെ ആക്രമിക്കുന്ന വൈറസിനെ ഉണർത്താനും മറഞ്ഞിരിക്കുന്നതിനെ പുറത്തുകൊണ്ടുവന്ന് നശിപ്പിക്കുകയും ചെയ്യുന്ന ചികിത്സാരീതിയാണ് ഗ്ലാക്സോ സ്മിത്ത്ക്ലൈൻ ആവിഷ്ക്കരിച്ചത്.

  ജിഎസ്‌കെയുടെ എച്ച്‌ഐവി ഹെൽത്ത് ഡിവിഷൻ വിഐവി ഹെൽത്ത്‌കെയറിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് മേധാവി ഡോ കിംബർലി സ്മിത്ത് പുതിയ ചികിത്സാരീതി വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്. "രോഗികളിൽ ഒളിഞ്ഞിരിക്കുന്ന വൈറസിനെ ഉണർത്തുകയും അതിൽ നിന്ന് മുക്തി നേടുകയും ചെയ്യുക എന്നതാണ് ഈ ചികിത്സാരീതിയുടെ ആശയം"- ഡോ. കിംബർലി സ്മിത്ത് പറഞ്ഞു.

  മനുഷ്യേതര പ്രൈമേറ്റുകളിൽ തെറാപ്പി ഇതിനകം പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച കോശങ്ങൾ ഈ ചികിത്സയിലൂടെ തിരിച്ചറിയുന്നതിൽ വിജയിച്ചതായാണ് ഗ്ലാക്സോ സ്മിത്ത്ക്ലൈൻ അവകാശപ്പെടുന്നത്.

  "ഇത് മനുഷ്യരിൽ വിജയകരമായാൽ അത് ചരിത്രപരമായ ഒരു നാഴികക്കല്ല് ആയിരിക്കും. എച്ച്‌ഐവിക്കെതിരായ ഒരു നീണ്ട പോരാട്ടമാണിത്, കാര്യങ്ങൾ വളരെ മികച്ചതാണ്. ഈ ചികിത്സയിലൂടെ രോഗികൾക്ക് ദീർഘ കാലം ജീവിക്കാനാകും. ഈ ചികിത്സാരീതി പൂർണതോതിൽ നടപ്പാക്കുന്നതോടെ 20-30 വർഷത്തെ സമയപരിധിക്കുള്ളിൽ എയ്ഡ്സ് എന്ന മഹാമാരിയെ പൂർണമായും ഇല്ലാതാക്കാനാകും? ഞാൻ തീർച്ചയായും അങ്ങനെ പ്രതീക്ഷിക്കുന്നു."- ഡോ കിംബർലി സ്മിത്ത് പറഞ്ഞു.

  ലോകമെമ്പാടും 38 ദശലക്ഷത്തിലധികം ആളുകൾ എച്ച്ഐവി ബാധിതരാണ്. യുകെയിൽ ഏകദേശം 105,000 പേർക്ക് വൈറസ് ബാധയുണ്ട്.

  ഫാർമസ്യൂട്ടിക്കൽസ്, വാക്‌സിനുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഗ്ലാക്സോ സ്മിത്ത്ക്ലൈൻ ഉപഭോക്തൃ ആരോഗ്യ വിഭാഗത്തെ വിഭജിച്ചിട്ടുണ്ട്. എച്ച്ഐവി പ്രതിരോധ ഗവേഷണത്തെക്കുറിച്ചുള്ള GSK പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുന്നുണ്ട്.

  ആക്ടിവിസ്റ്റ് നിക്ഷേപകരായ എലിയട്ടിന്റെയും ബ്ലൂബെല്ലിന്റെയും ആവശ്യപ്രകാരമാണ് ഇതുസംബന്ധിച്ച ഗവേഷണത്തിലും വികസനത്തിലും കൂടുതൽ നിക്ഷേപം നടത്താൻ ജിഎസ്‌കെ തയ്യാറായത്. എച്ച്ഐവി പ്രതിരോധ വിപണിയിലെ ഒരു പ്രധാന താരമാണ് ഗ്ലാക്സോ സ്മിത്ത്ക്ലൈൻ. നിലവിൽ വൈറസ് ബാധിച്ച ആളുകൾക്ക് നൽകുന്ന എല്ലാ ചികിത്സകളുടെയും പകുതിയോളം സംഭാവനയും ഗ്ലാക്സോ സ്മിത്ത്ക്ലൈനിന്‍റേതാണ്.

  Also Read- Reproductive Health|പുരുഷന്മാർ പ്രത്യുൽപ്പാദന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  കമ്പനിയുടെ നൂതന ചികിത്സാരീതികൾ സമീപ വർഷങ്ങളിൽ ദീർഘകാല ഫലം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പ്രതിദിന ഗുളികകളായി എടുക്കുന്നതിനുപകരം നീണ്ട ഇടവേളകളിൽ കുത്തിവെക്കാനാകുന്ന മരുന്നുകളും കമ്പനി ഇറക്കും. ഈ ഇടവേളകൾ കൂടുതൽ ദൈർഘ്യമുള്ളതാക്കാൻ GSKയിലെ ഗവേഷകർ പ്രയത്നിക്കുന്നുണ്ട്, ആത്യന്തികമായി എച്ച് ഐ വി രോഗികൾക്ക് ഓരോ ആറ് മാസത്തിലും ഒരു കുത്തിവയ്പ്പ് നൽകാമെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

  എച്ച്‌ഐവി ഇല്ലാത്തവരും എന്നാൽ ഉയർന്ന അപകടസാധ്യതയുള്ളവരുമായ ആളുകൾക്കായി ദീർഘകാലം പ്രവർത്തിക്കുന്ന പ്രതിരോധ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നുണ്ടെന്നും നിലവിൽ വൈറസ് ബാധിക്കുന്നതിൽ നിന്ന് അവരെ സംരക്ഷിക്കാൻ ദിവസേന ഗുളികകൾ കഴിക്കേണ്ടതുണ്ടെന്നും ജിഎസ്‌കെ പറഞ്ഞു.
  Published by:Anuraj GR
  First published: