ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത തിരിച്ചടികള്‍ മൂലം നിരാശപ്പെടുന്നവരുണ്ടെങ്കില്‍ 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ എക്സിബിഷന് പവലിയനിലേക്ക് കടന്നുചെല്ലുക. അവിടെ വുഡ്പെക്കര്‍ എന്ന പേരിലുള്ള സ്റ്റാളില്‍ വീല്‍ചെയറില്‍ ഇരുന്ന് ഡെലിഗേറ്റുകളുമായി സംവദിക്കുന്ന ഒരു ചെറുപ്പക്കാരനെ കാണാം. അതാണ് ഗോകുല്‍.
2006-ല്‍ ഉണ്ടായ ഒരു അപകടത്തിലാണ് ഗോകുലിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്. പിന്നീട് ചികിത്സയുടെ ഭാഗമായി രണ്ട് വര്‍ഷത്തോളം കിടപ്പിലായി. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ തിരിച്ചടിയില്‍ തളര്‍ന്നു പോകാന്‍ ഈ ചെറുപ്പക്കാരന് തയാറായില്ല.ശേഷം 2009 ൽ ഒരു ഉയർത്തെഴുന്നേൽപ്പ് എന്നപോലെ തുടർപഠനത്തിന് ചേരുകയും ക്യാൻവാക്ക് എന്ന പേരിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഒരു സൊസൈറ്റി രൂപീകരിക്കുകയും ചെയ്തു.
ക്രാഫ്റ്റ് വില്ലേജിൽ ഒരു സ്റ്റുഡിയോയും സൊസൈറ്റി ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷി ഉള്ളവരുടെ കരവിരുതിൽ തീർത്ത ഉൽപ്പന്നങ്ങളുടെ സംഭരണ വിതരണ കേന്ദ്രമായി സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നു. “വുഡ്പെക്കർ ” എന്ന പേരിൽ ഒരു പുതിയ ബ്രാൻഡിൽ മൊമെന്റോകളും ഗിഫ്റ്റുകളും വളരെ മനോഹരമായി ചെയ്തുകൊടുക്കുന്നുണ്ട്. ഐ.എഫ്.എഫ്.കെയുടെ എക്സിബിഷന് പവലിയന്റെ മുഖ്യാകര്‍ഷണമാണ് ഗോകുലിന്റെ “വുഡ്പെക്കർ ” സ്റ്റാള്‍.
എൽഎൽ.ബി ബിരുദധാരി കൂടിയാണ് ഗോകുല്‍. ഡോക്ടർ മീനു ആണ് ഭാര്യ, മാനവ്, തരൺ മക്കളാണ്. കൂടുതലായി ഇനിയൊന്നും ചെയ്യാനില്ല ജീവിതം അപകടത്തോടെ അസ്തമിച്ചു എന്ന് കരുതുന്നവർക്ക് ഉയർത്തെഴുന്നേൽപിനുള്ള മാതൃകയാണ് ഗോകുലെന്ന് മന്ത്രി വി.എന്‍ വാസവന് ഫേസ്ബുക്കില്‍ കുറിച്ചു. ഗോകുലിൻ്റെ പ്രവർത്തനം ഏറെ അഭിനന്ദനാർഹമാണ്. ഐ.എഫ്.എഫ്.കെയിൽ എത്തുന്ന “വുഡ്പെക്കർ” ബ്രാൻഡിന്റെ ഉത്പന്നങ്ങൾ വാങ്ങി അദ്ദേഹത്തിന്റെ ഈ മുന്നേറ്റത്തിന് ഊർജ്ജം പകരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.