ശ്രീലങ്കയിലെ (Srilanka) തലൈമന്നാറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള (india) നീന്തല്‍ യത്‌നം വിജയകരമായി പൂര്‍ത്തിയാക്കി ആറംഗ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള നാലു സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും രണ്ട് എഞ്ചിനീയറിങ് ഒന്നാം വർഷ വിദ്യാര്‍ത്ഥികളുമാണ് 'മാനവികതയ്ക്കും മികച്ച ജീവിതത്തിനും വേണ്ടിയുള്ള നീന്തല്‍' എന്ന സന്ദേശവുമായെത്തിയ സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച (ഏപ്രില്‍ 22) ഉച്ചയോടെ തമിഴ്‌നാട്ടിലെ രാമേശ്വരത്തു നിന്ന് ബോട്ടില്‍ ശ്രീലങ്കയിലെ തലൈമന്നാറിലേക്കു തിരിച്ച സംഘം രാത്രി പന്ത്രണ്ടു മണിയോടെ അവിടെ നിന്ന് ഇന്ത്യന്‍ തീരത്തേക്കുള്ള നീന്തല്‍ ആരംഭിക്കുകയായിരുന്നു. പാക് കടലിടുക്കിലൂടെ പത്തു മണിക്കൂറോളം നീണ്ട നീന്തലിനു ശേഷം 28 കിലോമീറ്റർ താണ്ടി ശനിയാഴ്ച രാവിലെ ധനുഷ്‌ക്കോടിയില്‍ എത്തി.
രാമേശ്വരം മുനിസിപ്പൽ ചെയർമാൻ കെ ഇ നാസർഖാൻ. കൗൺസിലർമാർ, തമിഴ്‌നാട് ഫിഷര്‍മെന്‍ അസോസ്സിയേഷന്‍ പ്രസിഡന്റ് ബോസ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, ആന്ധ്രാ പ്രദേശ് സ്വിമ്മിങ് അസോസ്സിയേഷന്‍ ട്രഷറര് ഐ രമേശ്, കൊച്ചി ഹെറിറ്റേജ് ജനറൽ സെക്രട്ടറി എം സ്മിതി, മുരളീധര ബാബു തകഴി തുടങ്ങിയവര്‍ ചേര്‍ന്നാണ് സംഘത്തെ സ്വീകരിച്ചത്.
രാമേശ്വരത്തു നിന്നു പ്രധാന ബോട്ടും അകമ്പടി ബോട്ടും ചേര്‍ന്നായിരുന്നു യാത്ര തിരിച്ചത്. തുടര്‍ന്ന് രാത്രി എട്ടു മണിയോടെ തലൈമന്നാറിനു സമീപം നങ്കൂരമിട്ടു. ആറു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആറ് ഒഫീഷ്യലുകളും നിരീക്ഷകരും മറ്റ് ക്രൂ അംഗങ്ങളും അടക്കം 23 പേരാണ് സംഘത്തിലുണ്ടായിരുന്നത്. നീന്തല്‍ സംഘാംഗങ്ങള്‍ ഒരാഴ്ചയായി രാമേശ്വരത്തെത്തി കടലില്‍ പരിശീലനം നടത്തി വരികയായിരുന്നു. ആന്ധ്രാ സ്വദേശികളായ കൊളബേബി സ്പന്ദന (19), ബോണ്‍ത അലംകൃതി(13), കലവക്കൊലു ജോണ്‍സന്‍ (16), പിടുരുശ്രീ ഗൗതാമ പ്രണവ് രാഹുല്‍ (18), കലവക്കൊലു കിങ് ജോര്‍ജ്ജ് (16), തെര്‍ളി സാത്വിക് (15) എന്നീ വിദ്യാര്‍ത്ഥികളാണ് നീന്തല്‍ സംഘത്തിലുള്ളത്. സാഹസിക നീന്തല്‍ താരമായ തുളസി ചൈതന്യയുടെ നേതൃത്വത്തിലാണ് ഇവര്‍ പരിശീലനം നേടിയത്. പാക് കടലിടുക്ക് ഇതിനു മുന്‍പ് നീന്തിക്കടന്നിട്ടുള്ള മലയാളിയായ എസ് പി മുരളീധരന്‍, വിശ്വനാഥൻ സത്യനാരായണ അടക്കമുള്ള നീന്തല്‍ താരങ്ങള്‍ വിദ്യാര്‍ത്ഥികളെ അനുഗമിച്ചു.
മുതിർന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന നീന്തൽ പ്രകടനമായിരുന്നു വിദ്യാർത്ഥികളുടേതെന്ന് മുഖ്യ സംഘടകനായ നീന്തൽ താരം എസ്. പി. മുരളീധരൻ പറഞ്ഞു. തുടക്കത്തിൽ മികച്ച കാലാവസ്ഥ ആയിരുന്നു എങ്കിലും അവസാന ഘട്ടത്തിലെ എതിർ ദിശയിലേക്ക് ഉള്ള കാറ്റ് ചെറിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്നും നീന്തൽ താരങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.