നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'ജിംനോസ്റ്റാക്കിയം വാരിയരാനം'; പി കെ വാരിയരുടെ പേരിൽ ഒരു ഔഷധ സസ്യം

  'ജിംനോസ്റ്റാക്കിയം വാരിയരാനം'; പി കെ വാരിയരുടെ പേരിൽ ഒരു ഔഷധ സസ്യം

  കണ്ണൂര്‍ ജില്ലയിലെ ആറളം വനപ്രദേശത്ത് കണ്ടെത്തിയ പുതിയ ഇനം സസ്യത്തിനാണ്​ പി കെ വാര്യരുടെ പേര് നല്‍കിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   മലപ്പുറം: കേരളക്കരയുടെ ആയുര്‍വേദ സംസ്കാരത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്തിയ പി കെ വാര്യര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചും ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനത്തിന്​ അംഗീകാരമായും ഒരു ഔഷധ സസ്യത്തിന് അദ്ദേഹത്തിന്റെ പേര്​ നൽകി ആദരിച്ചിട്ടുണ്ട്​ കേരളം. കണ്ണൂര്‍ ജില്ലയിലെ ആറളം വനപ്രദേശത്ത് കണ്ടെത്തിയ പുതിയ ഇനം സസ്യത്തിനാണ്​ പി കെ വാര്യരുടെ പേര് നല്‍കിയത്. 'ജിംനോസ്റ്റാക്കിയം വാരിയരാനം' എന്നാണ് ഈ സസ്യത്തിന്റെ പേര്.

   Also Read- വൈദ്യകുലപതി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി കെ വാരിയര്‍ അന്തരിച്ചു

   സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം ജനുസ്സില്‍പ്പെട്ടതാണ് ഇത്. 70 സെ. മീ. നീളത്തില്‍ വളരുന്ന ഈ സസ്യം നവംബറിനും മാര്‍ച്ച് മാസത്തിനും ഇടയിലാണ് പുഷ്പിക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള പുഷ്പങ്ങളാണ് ഇതിലുണ്ടാകുക. വംശനാശം നേരിടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഈ ചെടി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഔഷധ സസ്യ ഉദ്യാനത്തില്‍ പരിപാലിക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ ഇനത്തില്‍പ്പെട്ട 14 സസ്യങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വെറും ഏഴെണ്ണം മാത്രമാണുള്ളത്.

   Also Read- PK Warrier | 'നഷ്ടമായത് ആയുർവേദ രംഗത്തെ കുലപതിയെ': മന്ത്രി വീണാ ജോർജ്

   2015 സെപ്തംബറില്‍ കണ്ണൂരിലെ ആറളം വന്യജീവിസങ്കേതത്തിൽ നിന്നാണ് സസ്യത്തെ ആദ്യമായി തിരിച്ചറിഞ്ഞത്‌. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവർഗീകരണ വിഭാഗം ശാസ്ത്രജ്ഞനായ ഡോക്ടർ കെ എം പ്രഭുകുമാറിന്‍റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ നിന്നുള്ള അന്താരാഷ്​ട്ര സസ്യവർഗീകരണ ജേർണലായ ക്യൂ ബുള്ളറ്റിനിൽ ഇതിന്‍റെ കണ്ടെത്തൽ സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

   Also See- 'നഷ്ടപ്പെടുന്നത് ഗുരുതുല്യനായ വ്യക്തി': പി കെ വാരിയരുടെ വിയോഗത്തിൽ മുൻമന്ത്രി കെ കെ ശൈലജ

   ശനിയാഴ്ച ഉച്ചയോടെയായിരുന്നു വൈദ്യകുലപതി പി കെ വാരിയരുടെ അന്ത്യം സംഭവിച്ചത്. പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാവൈദ്യനായാണ് അദ്ദേഹം അറിയപ്പെടുന്നത്.

   1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിനു സമർപ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി. അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി കെ വാരിയരെത്തേടിയെത്തിയ ബഹുമതികളിൽ ചിലതുമാത്രം. കേരള ആയുർവേദ മണ്ഡലം, അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സ്‌മൃതിപർവമെന്ന പേരിൽ രചിച്ച ആത്മകഥ സംസ്‌ഥാന സാഹിത്യ അക്കാദമി അവാർഡിന് അർഹമായി.

   കോട്ടയ്ക്കൽ ആര്യവൈദ്യശാല, ആയുർവേദകോളേജ്, സെന്റർ ഓഫ് മെഡിസിനൽ പ്ലാന്റ് റിസർച്ച് എന്നിവ സ്ഥാപിച്ചു. ഗവേഷണത്തിന് പരമപ്രാധാന്യം നൽകി. ഔഷധച്ചെടികളുടെ വലിയ ഒരു ഉദ്യാനം കോട്ടയ്ക്കലിൽ സംരക്ഷിച്ചുവരുന്നത് ഡോ. പി കെ വാരിയരുടെ നിർദ്ദേശത്തിലാണ്. പാരമ്പര്യത്തിന്റെ നന്മകൾ ഉൾക്കൊള്ളുമ്പോഴും ആധുനികവത്ക്കരണത്തേയും അദ്ദേഹം ഉൾക്കൊണ്ടു. കഷായത്തെ ടാബ്ലറ്റ് രൂപത്തിലാക്കി. ലേഹ്യത്തെ ഗ്രാന്യൂളുകളാക്കി. ഭസ്മത്തെ ഗുളിക രൂപത്തിലാക്കി. കോട്ടയ്ക്കലിന് പുറമെ പാലക്കാടും നഞ്ചൻകോടും ആര്യവൈദ്യശാലയ്ക്ക് ഫാക്ടറികളുണ്ടായി. കലയേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കാനും ആര്യവൈദ്യശാല മുൻകയ്യെടുത്തു. കോട്ടയ്ക്കൽ പി എസ്വി നാട്യസംഘം പ്രശസ്തമായ ഒരു കഥകളി ഗ്രൂപ്പാണ്.

   1987 ൽ കോപ്പൻഹേഗനിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് നേടി. 1999 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് നൽകി ആദരിച്ചു. 2009 ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി D.Sc. അവാർഡും നൽകി. 1997 ൽ ആൾ ഇന്ത്യാ ആയുർവേദിക് കോൺഗ്രസ് ആയുർവേദ മഹർഷിപട്ടം നൽകി ആദരിച്ചിട്ടുണ്ട്.

   കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ: ഡോ. കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ.
   Published by:Rajesh V
   First published: