Hajj 2022 | ഹജ്ജ് 2022: ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങൾ ഇന്ന് ആരംഭിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31
Hajj 2022 | ഹജ്ജ് 2022: ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങൾ ഇന്ന് ആരംഭിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31
കോവിഡ് പ്രോട്ടോക്കോളുകളും ഇന്ത്യൻ, സൗദി അറേബ്യൻ സർക്കാരുകൾ തീരുമാനിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചായിരിക്കും ഹജ്ജ് തീർഥാടകരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നടപ്പിലാക്കുക
2022ലെ ഹജ്ജ് (Hajj) തീർത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങൾ ഇന്ന് ആരംഭിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയും രാജ്യസഭാംഗവുമായ മുഖ്താർ അബ്ബാസ് നഖ്വിയാണ് (Mukhtar Abbas Naqvi) ഇക്കാര്യം അറിയിച്ചത്.
മുംബൈയിലെ ഹജ്ജ് ഹൗസിൽ വച്ച് നടന്ന ഹജ്ജ് 2022 പ്രഖ്യാപന വേളയിൽ, ഹജ്ജ് നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനായിരിക്കുമെന്ന് മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. 2022ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 31 വരെയാണ്. താൽപ്പര്യമുള്ള തീർത്ഥാടകർക്ക് ഓൺലൈനായും "ഹജ്ജ് മൊബൈൽ ആപ്പ്" വഴിയും അപേക്ഷിക്കാം.
ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർ ഇത്തവണ "വോക്കൽ ഫോർ ലോക്കൽ" പദ്ധതി പ്രോത്സാഹിപ്പിക്കണമെന്നും തദ്ദേശീയ ഉൽപന്നങ്ങളുമായി തീർത്ഥാടകർ ഹജ്ജിന് പോകണമെന്നും നഖ്വി പറഞ്ഞു. നേരത്തെ സൗദി അറേബ്യയിൽ നിന്നാണ് തീർത്ഥാടകർ ബെഡ് ഷീറ്റ്, തലയിണ, കുട, തുടങ്ങിയ സാധനങ്ങൾ വാങ്ങിയിരുന്നതെന്നും എന്നാൽ ഇത്തവണ ഇത്തരം വസ്തുക്കൾ ഇന്ത്യയിൽ നിന്ന് തന്നെ വാങ്ങാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സാധനങ്ങൾ സൗദി അറേബ്യയേക്കാൾ 50 ശതമാനം കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ നിന്ന് വാങ്ങാനാകുമെന്നും ഈ ഉത്പന്നങ്ങളെല്ലാം ഹജ്ജ് തീർഥാടകർക്ക് ഇന്ത്യയിലെ എംബാർക്കേഷൻ പോയിന്റുകളിൽ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി ഹജ്ജ് തീർഥാടകർ സൗദി അറേബ്യയിൽ നിന്നാണ് ഇത്തരം സാധനങ്ങളെല്ലാം വാങ്ങുന്നതെന്നും എന്നാൽ ഇവയിൽ പലതും "മെയ്ഡ് ഇൻ ഇന്ത്യ" ഉത്പന്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ കമ്പനികൾ ഇന്ത്യയിൽ നിന്ന് ഇവ വാങ്ങി സൗദി അറേബ്യയിൽ ഹജ്ജ് തീർഥാടകർക്ക് ഇരട്ടിയോ മൂന്നിരട്ടിയോ വിലയ്ക്ക് വിൽക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ പ്രതിവർഷം 2 ലക്ഷത്തോളം ഹജ്ജ് തീർഥാടകരെയാണ് അയയ്ക്കാറുള്ളത്. 2022ലെ ഹജ്ജ് സമയത്ത് കോവിഡ് പ്രോട്ടോക്കോളുകളും ഇന്ത്യൻ, സൗദി അറേബ്യൻ സർക്കാരുകൾ തീരുമാനിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചായിരിക്കും ഹജ്ജ് തീർഥാടകരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നടപ്പിലാക്കുകയെന്നും മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. ഹജ്ജ് 2022 നടപടിക്രമങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി എന്നിവയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അടുത്ത വർഷത്തേയ്ക്കുള്ള ഹജ്ജ് തീർത്ഥാടനത്തിന്റെ മുഴുവൻ നടപടിക്രമങ്ങളും തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2022ലെ ഹജ്ജിനുള്ള എംബാർക്കേഷൻ പോയിന്റുകൾ 21ൽ നിന്ന് 10 ആയി കുറച്ചതായും നഖ്വി പറഞ്ഞു. അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്നൗ, മുംബൈ, ശ്രീനഗർ എന്നിവയാണ് പത്ത് എംബാർക്കേഷൻ പോയിന്റുകൾ.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.