HOME » NEWS » Life » HAPPY BIRTHDAY TO GOPINATH MUTHUKADU WHO EXPLORE MAGIC IN KERALA

Happy Birthday Gopinath Muthukad | ഇന്ദ്രജാലത്തിന്‍റെ മാന്ത്രികചെപ്പ് തുറന്ന ഗോപിനാഥ് മുതുകാടിന് ജന്മദിനാശംസകൾ

ജാലവിദ്യരംഗത്ത് കേരളത്തിൽ നിന്ന് ഇത്രയേറെ സംഭാവനകൾ നൽകുകയും ആ മേഖലയിൽ ശ്രദ്ധേയനാകുകയും ചെയ്ത മറ്റൊരു മജീഷ്യൻ ഇല്ലെന്നു തന്നെ പറയാം

News18 Malayalam | news18-malayalam
Updated: April 10, 2021, 3:13 PM IST
Happy Birthday Gopinath Muthukad | ഇന്ദ്രജാലത്തിന്‍റെ മാന്ത്രികചെപ്പ് തുറന്ന ഗോപിനാഥ് മുതുകാടിന് ജന്മദിനാശംസകൾ
Gopinath Muthukad
  • Share this:
ജാലവിദ്യയിൽ മലയാളക്കര ലോകത്തിന് നൽകിയ വലിയ സംഭാവനയാണ് ഗോപിനാഥ് മുതുകാട്. വ്യത്യസ്തവും നവീനവുമായ ജാലവിദ്യകൾ ഇതിനോടകം ഗോപിനാഥ് മുതുകാട് നമുക്കായി സമ്മാനിച്ചിട്ടുണ്ട്. ഏറെ സാഹസികമായ ജാലവിദ്യകളിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

1964 ഏപ്രിൽ പത്താം തീയതി മലപ്പുറം ജില്ലയിലെ കവളമുക്കട്ടയിൽ കവണഞ്ചേരി കുഞ്ഞുണ്ണി നായരുടേയും മുതുകാട് ദേവകിയമ്മയുടെയും മകനായാണ് ഗോപിനാഥ് ജനിച്ചത്. പത്താമത്തെ വയസു മുതൽ അദ്ദേഹം മാജിക്ക് പരിശീലനം ആരംഭിച്ചു. മഞ്ചേരി എൻ. എസ്സ്. എസ്സ്. കോളേജിൽ നിന്നു ഗണിതശാസ്തത്തിൽ ബിരുദം നേടി തുടർന്ന് എൽ എൽ ബി പഠനം തുടങ്ങിയെങ്കിലും മാജിക്കിനോടുള്ള അമിതമായ താൽപര്യം കാരണം പഠനം ഉപേക്ഷിച്ചു. അതിനു ശേഷമാണ് ജാലവിദ്യ രംഗത്ത് ഗോപിനാഥ് മുതുകാട് കൂടുതൽ ശ്രദ്ധേയനാകുന്നത്. 1985 മുതൽ പ്രൊഫഷണൽ ജാലവിദ്യ രംഗത്ത് ഗോപിനാഥ് മുതുകാട് ഉണ്ട്. സംസ്ഥാനത്തും പുറത്തുമായി ആയിരകണക്കിന് വേദികളിൽ അദ്ദേഹം ജാലവിദ്യ അവതരിപ്പിച്ചു. തൊണ്ണൂറുകളിൽ വേദിയിൽ നിന്ന് വേദികളിലേക്കുള്ള പ്രയാണമായിരുന്നു ഗോപിനാഥ് മുതുകാടിന്‍റെ ജാലവിദ്യ ജീവിതം. അതിനിടെ വിദേശത്തും നിരവധി വേദികളിൽ അദ്ദേഹം ജാലവിദ്യ അവതരിപ്പിച്ചു. 1996-ൽ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി തിരുവനന്തപുരം കഴക്കൂട്ടത്ത് സ്ഥാപിച്ചു

നിലമ്പൂർ ആസ്ഥാനമാക്കി മുതുകാട് മാജിക്കൽ എന്റർടെയ്നേഴ് സ് എന്ന പേരിൽ ഒരു മാജിക്ക് ട്രൂപ്പിനു രൂപം കൊടുത്തു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു വരുന്നു. മാജിക്കിനെ ആധുനികവൽക്കരിച്ചതിനും ഈ രംഗത്ത് ഒട്ടേറെ പുതുമകൾ സൃഷ്ടിച്ചതിനും ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരവും മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചട്ടുണ്ട്.2002-ൽ വിസ്മയ ഭാരത യാത്ര 2004-ൽ ഗാന്ധി മന്ത്ര ,2007-ൽ വിസ്മയ് സ്വരാജ് യാത്ര , 2010-ൽ മിഷൻഇന്ത്യ തുടങ്ങിയ സന്ദേശ ഭാരത യാത്രകൾ നടത്തി.

ഗോപിനാഥ് മുതുകാടിന് ലഭിച്ച പുരസ്കാരങ്ങൾ

ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരം
കേരള സംഗീതനാടക അക്കാദമി പുരസ്കാരം (1995)
ഇന്റർനാഷണൽ മാജിക് സ്റ്റാർ,പാരീസ് (1999)
പ്രതിഭാ പ്രണാമം,ഗവണ്മെന്റ് ഓഫ് കേരള (2000)
അവാർഡ്‌ ഓഫ് എക്സലൻസ് ,ഗവണ്മെന്റ് ഓഫ് ഒമാൻ (2001)
മാജിക്കിനെ ജനകീയ കലയായി വളർത്തിയതിനും മാന്ത്രിക കലാ രംഗത്തുള്ള പ്രവർത്തനങ്ങളുടെ സമഗ്ര സംഭാവനക്കും മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന ഇന്റർനാഷണൽ മെർലിൻ അവാർഡ്‌ (2011)(International Magicians Society,USA)
കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്(2017)

കഴക്കൂട്ടത്തെ മാജിക് പ്ലാനെറ്റ്

കുട്ടികൾക്ക്‌ വിനോദത്തോടൊപ്പം വിജ്‌ഞാനവും പകർന്നു നൽകാൻ തിരുവനന്തപുരം കഴക്കൂട്ടത്ത് ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച കേന്ദ്രമാണ് മാജിക് പ്ലാനെറ്റ്. ഈഫ്‌ യൂ ഡോണ്ട്‌ ബിലീവ്‌ ഇൻ മാജിക്‌ യു വിൽ നെവർ ഫൈൻഡ്‌ ഇറ്റ്‌... ഇതാണ്‌ കിൻഫ്രായിലെ മാജിക്‌ പ്ലാനെറ്റിലെ സ്വാഗതവാക്യം. കഴക്കൂട്ടത്ത്‌ കിൻഫ്രാ ഫിലിം ആൻഡ്‌ വീഡിയോ പാർക്കിലാണ് ഈ സ്ഥാപനം. ദിവസം രണ്ടു ഷോ ഉണ്ടാകും. അതു കഴിയുമ്പോൾ മറ്റൊരു വാതിൽ തുറക്കപ്പെടും. അതിലൂടെ പുറത്തിറങ്ങാം. ഒരു കൺകെട്ട്‌ വിദ്യയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച്‌ നിർമ്മിച്ചതാണ്‌ ഈ മാജിക്‌ പ്ലാനെറ്റ്‌. ഓരോ ചുവടിലും വിസ്‌മയം നിറയ്‌ക്കുന്ന മാജിക്‌ പ്ലാനെറ്റ്.

ജാലവിദ്യരംഗത്ത് കേരളത്തിൽ നിന്ന് ഇത്രയേറെ സംഭാവനകൾ നൽകുകയും ആ മേഖലയിൽ ശ്രദ്ധേയനാകുകയും ചെയ്ത മറ്റൊരു മജീഷ്യൻ ഇല്ലെന്നു തന്നെ പറയാം. അമ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന ഗോപിനാഥ് മുതുകാടിന് എല്ലാവിധ ആശംസകളും നേരുന്നു.
Published by: Anuraj GR
First published: April 10, 2021, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories