ഈ കോവിഡ് കാലത്ത് ഒന്നും പഴയതുപോലെയല്ല. പുതിയ ശീലങ്ങൾ നമ്മൾ ആർജ്ജിച്ചുകഴിഞ്ഞു. അതിനിടെയാണ് ഇത്തവണ വിജയദശമി എത്തുന്നത്. കോവിഡ് മാനദണ്ഡപ്രകാരം ഇത്തവണ ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്തുന്ന ചടങ്ങ് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഈ ചടങ്ങ് വീടുകളിൽ നടത്തേണ്ടിവരും. ഇതേക്കുറിച്ച് പ്രശസ്ത ജ്യോത്സ്യനായ ഹരി പത്തനാപുരം പറയുന്നത് എന്താണെന്ന് നോക്കാം.
കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. കേരളത്തിൽ എഴുത്തിനിരുത്ത് എന്നും ഇത് അറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേത്രങ്ങളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്. എന്നാൽ ഇത്തവണ കോവിഡ് വ്യാപനം കാരണം ചടങ്ങ് വീട്ടിൽ തന്നെ നടത്തണം.
വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. ആദ്യമായി ചെയ്യേണ്ടത് നിലവിളക്ക് കൊളുത്തിവെക്കുക. അതിനുശേഷം ഗണപതി ഒരുക്ക് തയ്യാറാക്കിയശേഷം എഴുത്തിനിരുത്തുന്നയാൾ കിഴക്കോട്ടോ വടക്കോട്ടോ മുഖം തിരിഞ്ഞ് ഇരിക്കണം. ആചാര്യനാകേണ്ടത് അപ്പൂപ്പനോ, അമ്മൂമ്മയോ അമ്മയോ അച്ഛനോ അങ്ങനെ മുതിർന്ന ആരുമാകാം. ഒരു താലത്തിൽ നെല്ല് കുത്തരി എടുക്കുക. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയശേഷം ഗുരു സ്വർണമോതിരം തേനിൽ മുക്കിയശേഷം നാവിൽ ഓം എന്ന് എഴുതണം. വേണമെങ്കിൽ ആദ്യക്ഷരമായ ഓം ഹരിഃ ശ്രീ ഗണപതയെ നമഃ. ഹരി എന്നത് നാവിൽ എഴുതുകയും അത് കുട്ടിയെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യാം. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു.
അതിനുശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടുവിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ "ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ" എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.
ഇത്തവണ പൂജവെയ്പ് ഒക്ടോബർ 23 വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്രങ്ങൾ തുറക്കുന്ന സമയത്ത് നടത്താം. പൂജ എടുപ്പ് ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ ഉദിച്ചു 6.13ന് ശേഷം പൂജ എടുക്കാം. 6.13 മുതൽ 7.42 വരെയാണ് ഏറ്റവും അനുകൂലായ സമയം. ഈ സമയം തന്നെ എഴുത്തിനിരുത്താനും ഉത്തമമാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ, രാവിലെ ഒമ്പതിനുള്ളിൽ വിദ്യാരംഭം നടത്തിയാലും മതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hari pathanapuram, Navarathri, Vidyarambham, Vijaya dashami day, വിദയദശി, വിദ്യാരംഭം, ഹരി പത്തനാപുരം