ഭക്ഷണസാധനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി (Garlic). ആരോഗ്യ ഗുണങ്ങൾക്കു പുറമേ ചില വിശ്വാസങ്ങളും വെളുത്തുള്ളിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. ചൈനീസ്, തായ്, ഇന്ത്യൻ വിഭവങ്ങളിൽ വെളുത്തുള്ളി ധാരാളമായി ഉപയോഗിക്കുന്നുണ്ട്. തീവ്രമായ ഗന്ധമാണ് വെളുത്തുള്ളിക്ക് ഉള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിൽ സുഗന്ധവ്യഞ്ജനമായും (spice) വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. ചൈന (China) കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ് (India). അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്ന് എന്നതിനു പുറമെ വെളുത്തുള്ളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. വെളുത്തുള്ളിയെക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ വിശദമായിത്തന്നെ അറിയാം.
വെളുത്തുള്ളി ഒരു സുഗന്ധവ്യഞ്ജനമാണോ പച്ചക്കറിയാണോ എന്ന കാര്യത്തിൽ ചർച്ചകൾ ഇപ്പോളും നടക്കുന്നുണ്ടെങ്കിലും സസ്യശാസ്ത്രപരമായി ഇതിനെ ഒരു പച്ചക്കറി ആയാണ് തരം തിരിച്ചിരിക്കുന്നത്. ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (Indian Agricultural Research Institute) ഡോ. നവേദ് സാബിറിന്റെ അഭിപ്രായത്തിൽ, സാങ്കേതികമായി വെളുത്തുള്ളി ഒരു പച്ചക്കറിയാണ്. പക്ഷേ, ഇത് ഒരു സുഗന്ധവ്യഞ്ജനമായും അറിയപ്പെടുന്നു. വെളുത്തുള്ളി കൊണ്ട് മാത്രം ഒരു കറി ഉണ്ടാക്കാൻ കഴിയില്ല എന്നതാണ് ഇതിന് കാരണം. അതുകൊണ്ടാണ് ഇത് കൂടുതൽ സംസ്കരിച്ച് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്.
ഹിന്ദു പുരാണങ്ങൾ പ്രകാരം വെളുത്തുള്ളിയുടെ ഉത്ഭവം സമുദ്ര മന്ദന്റെ (Samudra Manthan) ഇതിഹാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമുദ്ര മന്ദനു ശേഷം രാഹു, കേതു എന്നീ രണ്ട് അസുരന്മാരെ മഹാവിഷ്ണു ശിരച്ഛേദം ചെയ്തതുമായി വെളുത്തുള്ളിയുടെ ഉത്ഭവം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുന്നു. അസുരന്മാരുടെ ശിരച്ഛേദത്തിനുശേഷം ഏതാനും തുള്ളി രക്തം നിലത്തു വീഴുകയും അതിൽ നിന്ന് വെളുത്തുള്ളിയും ഉള്ളിയും പുറത്തുവരുകയും ചെയ്തെന്നുമാണ് ഐതിഹ്യം. മറ്റ് ഐതിഹ്യങ്ങൾ അനുസരിച്ച് വെളുത്തുള്ളി ആദ്യമായി കണ്ടെത്തിയത് ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിലാണ്. പുരാതന ഈജിപ്തിൽ, ശരീരങ്ങളുടെ മമ്മിഫിക്കേഷന് വെളുത്തുള്ളി ഉപയോഗിച്ചിരുന്നു എന്നാണ് പല ചരിത്ര ഗ്രന്ഥങ്ങളിലും പറയുന്നത്.
ബിസി 700-800 കാലഘട്ടത്തിൽ രചിക്കപ്പെട്ട, ഏറ്റവും പഴയ ആയുർവേദ ഗ്രന്ഥമായ ചരക സംഹിതയിൽ (Charak Samhita) വെളുത്തുള്ളിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കുടലിലെ വിരശല്യം, കുഷ്ഠരോഗം, സന്ധിവേദന, അസ്ഥി വേദന എന്നീ പ്രശ്നങ്ങൾക്ക് വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ ശമനം ലഭിക്കുമെന്ന് ചരക സംഹിതയിൽ പറയുന്നു. വെളുത്തുള്ളിക്ക് പൊതുവേ ചൂടാണ്. അതിനാൽ, ആയുർവേദ ഗ്രന്ഥങ്ങൾ അനുസരിച്ച് വേനൽക്കാലത്ത് ഇത് പരിമിതമായ അളവിൽ കഴിക്കാനാണ് ആയുർവേദം നിർദേശിക്കുന്നത്.
വെളുത്തുള്ളി ഇന്ത്യൻ ഭക്ഷണങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാരണം ഇത് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യത്തെ കുറയ്ക്കുന്നു. തായ്, ചൈനീസ് വിഭവങ്ങളിൽ നോൺ-വെജ് ഭക്ഷണങ്ങളിലെ കൊഴുപ്പ് കുറയ്ക്കാനാണ് വെളുത്തുള്ളി ഉപയോഗിക്കുന്നത്.
വെളുത്തുള്ളി വീടുകളെയും മനുഷ്യരെയും ദുരാത്മാക്കളിൽ നിന്നും പ്രേതങ്ങളിൽ നിന്നും സംരക്ഷിക്കുന്നതായാണ് റൊമാനിയക്കാർ വിശ്വസിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.