• HOME
  • »
  • NEWS
  • »
  • life
  • »
  • NHS Food Scanner App | ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ഫുഡ് സ്കാനർ ആപ്പുമായി UK

NHS Food Scanner App | ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ഫുഡ് സ്കാനർ ആപ്പുമായി UK

പഞ്ചസാര, കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണം, ഉപ്പ് എന്നിവയുടെ കാര്യത്തിൽ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ അളവുകളോട് കൂടിയ ആരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ തിരഞ്ഞെടുക്കാൻ ആളുകളെ സഹായിക്കുന്ന ആപ്പാണിത്

  • Share this:
യുകെയിലെ ഔദ്യോഗിക ആരോഗ്യ സേവന വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (NHS - National Health Service) തങ്ങളുടെ പൗരന്മാര്‍ക്കായി ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുന്നതിനുള്ള പുതിയ ഫുഡ് സ്‌കാനര്‍ ആപ്പ് പുറത്തിറക്കി. ഗവണ്‍മെന്റിന്റെ മള്‍ട്ടിമീഡിയ ആന്റി-ഒബീസിറ്റി ബെറ്റര്‍ ഹെല്‍ത്ത് കാമ്പെയ്നിന്റെ ഭാഗമായാണ് എന്‍എച്ച്എസ് ഫുഡ് സ്‌കാനര്‍ ആപ്പ് (NHS Food Scanner App) തിങ്കളാഴ്ച ബ്രിട്ടനിൽ പുറത്തിറക്കിയത്.

ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനായി കടകളിൽ എത്തുന്നവർക്ക് എളുപ്പത്തില്‍ ആരോഗ്യകരമായ ഭക്ഷണ പായ്ക്കറ്റുകൾ കണ്ടെത്താന്‍ ഈ ആപ്പിലെ ഫീച്ചറുകള്‍ സഹായിക്കുന്നു. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പിലെ ഫീച്ചറുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നത്തിന്റെ ബാര്‍കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ആരോഗ്യകരമായ ബദലുകള്‍ ലഭിക്കും. പഞ്ചസാര, കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണം, ഉപ്പ് എന്നിവയുടെ കാര്യത്തിൽ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ അളവുകളോട് കൂടിയ ആരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ തിരഞ്ഞെടുക്കാൻ ആളുകളെ സഹായിക്കുന്ന ആപ്പാണിത്.

പുതിയ എന്‍എച്ച്എസ് ആപ്പ് പരീക്ഷിച്ച ഇന്ത്യന്‍ വംശജയായ ഡയറ്റീഷ്യന്‍ ഡോ. ലിനിയ പട്ടേല്‍ ഈ സേവനത്തില്‍ പൂര്‍ണ തൃപ്തയാണ്.''കുട്ടികള്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കണ്ടെത്തുന്നത് രക്ഷിതാക്കളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യേകിച്ചും അവര്‍ അമിതമായി ഭക്ഷണം കഴിക്കുന്നവരാണെങ്കില്‍.. എന്‍എച്ച്എസ് ഫുഡ് സ്‌കാനര്‍ ആപ്പ് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു രസകരമായ മാര്‍ഗമാണ്. അതിനാല്‍ കടയില്‍ പോകുമ്പോൾ ഈ ആപ്പ് ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ സ്‌കാന്‍ ചെയ്യാം, അനാരോഗ്യകരമായവ ഒഴിവാക്കാം'' അവര്‍ പറഞ്ഞു.

കോവിഡ്-19 മഹാമാരി സമയത്ത് കുട്ടികള്‍ക്ക് അനാരോഗ്യകരമായ ലഘുഭക്ഷണം നല്‍കുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിച്ചതായി പുതിയ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതിനാല്‍, കുട്ടികളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിന് കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്റെ ലക്ഷ്യം. കോവിഡിന്റെ തുടക്കം മുതല്‍ രാജ്യത്തെ കുട്ടികളില്‍ പൊണ്ണത്തടിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് കാണിക്കുന്നത്. ഇംഗ്ലണ്ടിലെ നാല് സ്‌കൂള്‍ കുട്ടികളില്‍ ഒരാള്‍ക്ക് ഇപ്പോള്‍ അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടെന്നാണ് എന്‍എച്ച്എസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

''മഹാമാരി സമയം കുടുംബങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, ഇത് ശീലങ്ങളിലും ദിനചര്യകളിലും വളരെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്,'' യുകെ പബ്ലിക്ക് ഹെല്‍ത്ത് മിനിസ്റ്റര്‍ മാഗി ത്രൂപ്പ് പറഞ്ഞു. ''പുതുവര്‍ഷം നമുക്ക് മാത്രമല്ല, നമ്മുടെ കുടുംബാംഗങ്ങൾക്കും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള നല്ല സമയമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികള്‍ കണ്ടെത്തുക എന്നത് നമ്മില്‍ ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നാണ്. സൗജന്യ എന്‍എച്ച്എസ് ഫുഡ് സ്‌കാനര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ, കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പു വരുത്താനും അനാരോഗ്യകരമായവ ഒഴിവാക്കാനും കഴിയും'' അവര്‍ പറഞ്ഞു.

മഹാമാരി കാരണം കുട്ടികള്‍ വീട്ടില്‍ തന്നെ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാൽ കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദം വർദ്ധിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തങ്ങള്‍ക്ക് ധാരണയുണ്ടെന്ന് ബ്രിട്ടനിലെ ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിലെ (DHSC - The Department of Health and Social Care) ചീഫ് ന്യൂട്രീഷ്യനിസ്റ്റ് ഡോ അലിസണ്‍ ടെഡ്സ്റ്റോൺ പറഞ്ഞു.

''കുട്ടികളെ അനാരോഗ്യകരമായ ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ക്കൊപ്പം, കൂടുതല്‍ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ക്കായുള്ള കുട്ടികളുടെ ആവശ്യം ചെറുക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണെന്ന് മാതാപിതാക്കള്‍ പറയുന്നതില്‍ അതിശയിക്കാനില്ല. അതുകൊണ്ടാണ് എന്‍എച്ച്എസ് ഫുഡ് സ്‌കാനര്‍ ആപ്പ് മാതാപിതാക്കളെ സഹായിക്കുന്നതിനുള്ള മികച്ച ഒരു സംവിധാനമാണെന്ന് പറയുന്നത്. കുട്ടികൾ കഴിക്കുന്ന പഞ്ചസാര, കൊഴുപ്പ്, ഉപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. വേഗത്തിലും എളുപ്പത്തിലും ആരോഗ്യകരമായ ഭക്ഷണം ഒഴിവാക്കാൻ ഈ ആപ്പ് സഹായിക്കും. കുട്ടികള്‍ ആരോഗ്യത്തോടെയിരിക്കാനും, പ്രമേഹം, കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഈ ആപ്പ് തീർച്ചയായും സഹായിക്കും'' ടെഡ്‌സ്റ്റോണ്‍ വ്യക്തമാക്കി.

നല്ല ആരോഗ്യത്തിനായുള്ള ക്യാമ്പയ്‌നിലൂടെ (Better Health Campaign) ഡിഎച്ച്എസ്സിയുടെ പൊണ്ണത്തടി വിരുദ്ധ ക്യാമ്പെയ്നിന്റെ ഭാഗമാണ ഈ ആപ്പ്. കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്കായി ഏകദേശം 100 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് യുകെ ഗവണ്‍മെന്റ് നിക്ഷേപിച്ചിരിക്കുന്നത്.

യുകെ ആസ്ഥാനമായുള്ള പാരന്റിംഗ് ഹബ് നെറ്റ്മംസ് നടത്തിയ ഒരു സര്‍വേയില്‍ - 58 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധിയ്ക്ക് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ പഞ്ചസാരയോ കൊഴുപ്പോ അടങ്ങിയ ലഘുഭക്ഷണങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് വിവരം. കൂടാതെ, ഏകദേശം മൂന്നില്‍ രണ്ട് (64 ശതമാനം) രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ ലഘുഭക്ഷണം എത്രത്തോളം ആരോഗ്യകരമാണ് എന്ന് ആശങ്കാകുലരാണെന്നും സര്‍വേയില്‍ പറയുന്നു. ഏകദേശം 90 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഈ ആപ്പ് പ്രയോജനപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആപ്പിനോടൊപ്പം നല്‍കുന്ന ഔദ്യോഗിക വിവരണത്തില്‍ പറയുന്നത്: ''നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആരോഗ്യകരമായ ഭക്ഷണ പാനീയങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിനായുള്ളതാണ് ഈ ഫുഡ് സ്‌കാനര്‍ ആപ്പ്. ഭക്ഷണപാനീയങ്ങള്‍ക്കുള്ളിലുള്ളത് നിങ്ങൾക്ക് വ്യക്തമാക്കുന്നതിനായി ആപ്പിനുള്ളില്‍ ഞങ്ങള്‍ ഓഗ്മെന്റഡ് റിയാലിറ്റിയാണ് ഉപയോഗിക്കുന്നത്. ഞങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും വിശദമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. ആപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. ഒപ്പം കൂടുതല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ആപ്പിൽ ചേര്‍ക്കും. ഈ ആപ്പിലെ ഭക്ഷണ സാധനങ്ങളുടെ പോഷക വിവരങ്ങള്‍ നല്‍കുന്നത് ബ്രാന്‍ഡ് ബാങ്കും ഫുഡ് സ്വിച്ചുമാണ്'' ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ എന്‍എച്ച്എസ് ഫുഡ് സ്‌കാനര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
Published by:user_57
First published: