• HOME
  • »
  • NEWS
  • »
  • life
  • »
  • പ്രാതൽ നേരത്തെയാക്കിയാൽ പ്രമേഹത്തെ തടയാം; പുതിയ കണ്ടെത്തലുമായി ഗവേഷകർ

പ്രാതൽ നേരത്തെയാക്കിയാൽ പ്രമേഹത്തെ തടയാം; പുതിയ കണ്ടെത്തലുമായി ഗവേഷകർ

നേരത്തെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ ആളുകള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്‍ പ്രതിരോധവും കുറവാണെന്ന് ഗവേഷകര്‍  നിരീക്ഷിച്ചു

  • Share this:
    ശരിയായ പ്രഭാതഭക്ഷണം കഴിക്കുന്നതില്‍ നിങ്ങള്‍ അശ്രദ്ധരാണെങ്കില്‍, എന്‍ഡോക്രൈന്‍ സൊസൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തിലെ ഫലങ്ങള്‍ നിങ്ങളുടെ സമീപനത്തെ മാറ്റിയേക്കാം. പ്രഭാതഭക്ഷണം നേരത്തേ കഴിച്ചാല്‍ വിശപ്പ് ശമിക്കുക മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവും കുറയുമെന്നാണ് ഗവേഷണം തെളിയിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വെര്‍ച്വല്‍ കോണ്‍ഫറന്‍സായ എന്‍ഡോ 2021-ല്‍ അവതരിപ്പിച്ച പഠനത്തില്‍ സൂചിപ്പിക്കുന്നത് അതിരാവിലെ ഭക്ഷണം കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയുന്നതിനും അതിലൂടെ ടൈപ്പ് 2 പ്രമേഹം വരാനുള്ള (Type II Diabetes) സാധ്യത കുറയുന്നതിനും സഹായിക്കുന്നു എന്നാണ്.

    നേരത്തെ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ ആളുകള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്‍ പ്രതിരോധവും കുറവാണെന്ന് ഗവേഷകര്‍  നിരീക്ഷിച്ചു എന്നതിനെക്കുറിച്ച് ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പഠനസംഘത്തിലെ പ്രധാന ഗവേഷകനായ ഡോ. മറിയം അലി വെളിപ്പെടുത്തി.

    ഭക്ഷണ സമയത്ത് രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവുകളുടെ പാറ്റേണുകള്‍ രേഖപ്പെടുത്താന്‍ മറിയം അലിയും സംഘവും, ആരോഗ്യവും പോഷകാഹാരവും സംബന്ധിച്ച ഒരു ദേശീയ സര്‍വേയില്‍ നിന്ന് 10,575 മുതിര്‍ന്ന അമേരിക്കന്‍ പൗരന്മാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തു. ഉപവാസമോ, 10 മണിക്കൂറോ അതില്‍ കുറവോ വരുന്ന ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതോ ഉയര്‍ന്ന ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകരുടെ സംഘം കണ്ടെത്തി.

    ലളിതമായി പറഞ്ഞാല്‍, ഉപവസിക്കുന്ന ആളുകള്‍ ഇന്‍സുലിനോട് പ്രതികരിക്കുന്നില്ല. ഈ പ്രതിരോധം ടൈപ്പ് -2 പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുന്ന ഘടകങ്ങളില്‍ ഒന്നാണ്. ഉപവാസം ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുമെന്ന് അഭിപ്രായപ്പെട്ട മുന്‍ ഗവേഷണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ കണ്ടെത്തലുകള്‍.എന്നാല്‍, ഒരു വ്യക്തി ഉപവസിച്ചാലും ഇല്ലെങ്കിലും രാവിലെ 8:30-ന് മുമ്പ് ആ ദിവസത്തെ ആദ്യത്തെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അവര്‍ക്ക് ഇന്‍സുലിന്‍ പ്രതിരോധം കുറവായിരിക്കും.

    രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രാഥമികമായി, ജീവിതശൈലി ഘടകങ്ങളും ജനിതക പരമായ കാര്യങ്ങളുമാണ് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുന്നത്. സാധാരണ ശരാശരി 40 വയസ്സിനു മുകളിലുള്ളവരേയും ശരീരഭാരം കൂടിയവരേയും ബാധിക്കാവുന്ന പ്രമേഹ രോഗാവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഇന്‍സുലിന്‍ എന്ന ആഗ്നേയഗ്രന്ഥിസ്രവത്തിന്റെ ഉല്പാദനം ശരീരത്തിന്റെ മൊത്തം ആവശ്യത്തിനു വേണ്ടത്ര തികയാതിരിക്കുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം വരുന്നത്. അമിതവണ്ണം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, മോശം ഭക്ഷണക്രമം, മാനസിക സമ്മര്‍ദ്ദം, നഗരവല്‍ക്കരണം എന്നിവയുള്‍പ്പടെയുള്ള നിരവധി ജീവിതശൈലി ഘടകങ്ങള്‍ ടൈപ്പ് 2 പ്രമേഹ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
    Published by:Jayashankar AV
    First published: