ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്ന ആളാണോ നിങ്ങൾ? ലൈംഗികാരോഗ്യം വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ പ്രകൃതിയിൽ തന്നെ ലഭ്യമാണ്. ലൈംഗികാസക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും പ്രകൃതി നമുക്ക് നൽകുന്നു. ലൈംഗികാരോഗ്യം വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച ഭക്ഷണവസ്തുക്കളിലൊന്ന് ഇഞ്ചിയാണെന്ന് നമ്മളിൽ പലർക്കും അറിയാം. എന്നാൽ, ഇക്കാര്യത്തിൽ ആപ്പിളിന്റെ പ്രാധാന്യത്തെയും വില കുറച്ച് കാണരുത്.
ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭക്ഷണങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഇഞ്ചിയുടെ ചിത്രമാണെന്ന് നിസംശയം പറയാം. ഇന്ത്യയിലും ഏഷ്യയിലുമുള്ള ജനങ്ങൾ 4000-ത്തിലേറെ വർഷങ്ങളായി കഴിക്കുന്ന ഭക്ഷണമാണ് ഇഞ്ചി. ലൈംഗികാരോഗ്യവും ഇഞ്ചിയുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വസ്തുതകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാൽ, ഒരുപാട് ഗുണങ്ങൾ അവകാശപ്പെടാൻ കഴിയുന്ന ഈ ഭക്ഷണവസ്തു കഴിക്കാതിരിക്കാൻ അതൊരു കാരണമാകേണ്ടതില്ല. ലൈംഗികാസക്തി വർദ്ധിച്ചില്ലെങ്കിലും പുരുഷന്മാരിലെ പ്രത്യുൽപ്പാദനശേഷിയെ സ്വാധീനിക്കാൻ ഇഞ്ചിയ്ക്ക് തീർച്ചയായും കഴിയും. ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ മാരകരോഗങ്ങളെ പ്രതിരോധിക്കാനും നമ്മെ സഹായിക്കും. പുരുഷബീജങ്ങളുടെ ഡി എൻ എയെയും അതിന്റെ ഗുണനിലവാരത്തെയും സംരക്ഷിക്കാനുള്ള ശേഷിയും ഇഞ്ചിയ്ക്കുണ്ട്.
ആപ്പിളിന്റെ പ്രാധാന്യം
'ദിവസവും ഒരു ആപ്പിൾ കഴിക്കൂ, ഡോക്റ്ററെ അകറ്റി നിർത്തൂ' എന്ന ചൊല്ല് വളരെ പ്രശസ്തമാണ്. എന്നാൽ, നിങ്ങളും ലൈംഗികപങ്കാളിയുമായുള്ള ബന്ധത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു പഴവർഗം കൂടിയാണ് ആപ്പിൾ. ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണമാണ് ആപ്പിൾ. ഇറ്റലിയിൽ സംഘടിപ്പിക്കപ്പെട്ട ഒരു പഠനം പ്രകാരം, ആഴ്ചയിൽ രണ്ടിൽ കൂടുതൽ ആപ്പിൾ കഴിക്കുന്ന സ്ത്രീകൾ കൂടുതൽ തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായും വ്യക്തിപരമായി ലൈംഗികബന്ധത്തിൽ കൂടുതൽ സംതൃപ്തി അനുഭവിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലെ പ്രധാന ലൈംഗിക ഹോർമോണായ എസ്ട്രാഡിയോളിന് സമാനമായ ഫ്ലോറിഡ്സിൻ എന്ന തന്മാത്ര ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ജീവകങ്ങളുടെ കാര്യത്തിലും ആപ്പിൾ സമ്പുഷ്ടമാണ്. എല്ലാ അർത്ഥത്തിലും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പഴവർഗം തന്നെയാണ് ആപ്പിൾ.
പൊതുവായ ഭക്ഷണരീതി ശ്രദ്ധിയ്ക്കുക
ലൈംഗികാസക്തി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ ഫലപ്രാപ്തിയെ സംബന്ധിച്ച വാദങ്ങൾ അതിശയോക്തി കലർന്നവയാണോ? കഴിച്ച ഉടൻ തന്നെ ലൈംഗികാസക്തി ഉണർത്തുന്ന തരത്തിലുള്ള സ്വാധീനമൊന്നും ഈ ഭക്ഷണങ്ങൾക്ക് ലൈംഗികാരോഗ്യത്തിൽ ചെലുത്താൻ കഴിയില്ല എന്ന് ഡോക്റ്റർമാർ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്, തണ്ണിമത്തന് പുരുഷന്മാരുടെ ശരീരത്തിലെ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനത്തെ സ്വാധീനിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ, ഈ സ്വാധീനം പൂർണമായ അർത്ഥത്തിൽ പ്രാവർത്തികമാകണമെങ്കിൽ ഒരു പുരുഷൻ ദിവസവും ശരാശരി രണ്ടോ മൂന്നോ തണ്ണിമത്തൻ കഴിക്കേണ്ടി വരും.
പ്രായം കൂടുന്നതിനനുസരിച്ച് ജനിതക അവയവങ്ങൾ ചുരുങ്ങാൻ ആരംഭിക്കുന്നു. സ്ത്രീകളിൽ ആർത്തവ വിരാമത്തിന് ശേഷം സ്ത്രീ ലൈംഗിക അവയവത്തിന്റെ വലിപ്പം കുറഞ്ഞു തുടങ്ങുന്നു. പുരുഷന്മാരിലാകട്ടെ, ലിംഗത്തിന്റെ വലിപ്പത്തിലും ലൈംഗികോദ്ധാരണത്തിലും കുറവുണ്ടാകുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സമീകൃതാഹാരം ശീലമാക്കണം. പരമാവധി കാലം ലൈംഗികാരോഗ്യം നിലനിർത്തണമെങ്കിൽ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പതിവായി കഴിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sex education, Sexual Life