• HOME
  • »
  • NEWS
  • »
  • life
  • »
  • Second Child | രണ്ടാമത്തെ കുട്ടിയ്ക്കായുള്ള തയ്യാറെടുപ്പിലാണോ? ദമ്പതികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Second Child | രണ്ടാമത്തെ കുട്ടിയ്ക്കായുള്ള തയ്യാറെടുപ്പിലാണോ? ദമ്പതികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ സമയത്ത് മാതാപിതാക്കളിൽ (Parents) ആശങ്കകൾ ഉണ്ടാവുക സ്വാഭാവികമാണ്. രണ്ടാമത്തെ കുഞ്ഞിനായി തയ്യാറെടുക്കുന്ന ദമ്പതികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • Share this:
    ഒരു കുഞ്ഞിനെ വളർത്തുക എന്നത് തന്നെ ഒരുപാട് ഉത്തരവാദിത്തങ്ങൾ നിറഞ്ഞ കാര്യമാണ്. രണ്ടാമത്തെ കുഞ്ഞുകൂടി (Second Child) ആകുമ്പോൾ ഉത്തരവാദിത്തങ്ങൾ ഇരട്ടിയായി വർദ്ധിക്കുന്നു. രണ്ടു കുഞ്ഞുങ്ങളുടെ കാര്യത്തിലും ഒരുപോലെ ശ്രദ്ധ പുലർത്തേണ്ടി വരും. ഈ സമയത്ത് മാതാപിതാക്കളിൽ (Parents) ആശങ്കകൾ ഉണ്ടാവുക സ്വാഭാവികമാണ്. രണ്ടാമത്തെ കുഞ്ഞിനായി തയ്യാറെടുക്കുന്ന ദമ്പതികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

    കുട്ടികളിൽ ഒരാളോട് കൂടുതൽ സ്നേഹം തോന്നുമോ എന്ന ആശങ്ക

    ആദ്യത്തെ കുഞ്ഞ് ജനിക്കുന്ന അനുഭവം എല്ലാ മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതകൾ നിറഞ്ഞതായിരിക്കും. എന്നാൽ രണ്ടാമത്തെ കുട്ടി ജനിക്കുമ്പോൾ സ്നേഹം പങ്കുവയ്ക്കപ്പെടുമോ എന്നാലോചിച്ചുള്ള ആശങ്കകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ കുട്ടികൾക്ക് തുല്യ സ്നേഹവും പിന്തുണയും നൽകുന്നു എന്ന് മാതാപിതാക്കൾ ഉറപ്പാക്കണം.

    രണ്ടു കുട്ടികളുടെയും കഴിവുകളെ ഒരുപോലെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യണം. രണ്ടാമത്തെ കുട്ടി വളരുമ്പോൾ പഠനത്തിലും സ്പോർട്സിലുമൊക്കെ ആദ്യത്തെ കുട്ടിയേക്കാൾ മികവ് പ്രകടിപ്പിച്ചേക്കാം. ആദ്യത്തെ കുട്ടി കൂടുതൽ ഉത്തരവാദിത്തം കാണിക്കുന്നതായും തോന്നിയേക്കാം. ഇത്തരം സാഹചര്യങ്ങളിലെല്ലാം രണ്ടു കുട്ടികളിലും മാതാപിതാക്കളുടെ ഹൃദയത്തിൽ അവർക്ക് ഒരേ സ്ഥാനമാണെന്ന ബോധ്യം വളർത്തണം.

    രണ്ട് കുട്ടികളെയും ഒരേപോലെ ശ്രദ്ധിക്കാൻ കഴിയുമോ എന്ന ആശങ്ക

    ആദ്യത്തെ കുട്ടി ജനിക്കുമ്പോൾ തന്നെ അവരുടെ പരിചരണവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉണ്ടായേക്കാം. രണ്ടാമത്തെ കുട്ടി ജനിക്കുമ്പോൾ നിങ്ങൾക്ക് നേരത്തെ ഒരാളെ വളർത്തിയ അനുഭവം ഒരു മുതൽക്കൂട്ടാകും. എന്നാൽ രണ്ടു പേരുടെയും രീതികളും സ്വഭാവവും വ്യത്യസ്തമാണെങ്കിൽ ചിലപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എന്നാൽ ഇതേ തോന്നലുകൾ ആദ്യത്തെ കുട്ടി ജനിച്ചപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അതിനെയെല്ലാം അഭിമുഖീകരിച്ചാണ് ഇവിടം വരെ എത്തിയതെന്നും ഓർക്കുക. അനാവശ്യമായ ഭയം മൂലം കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ, പ്രശ്നങ്ങൾ പ്രായോഗികമായി കൈകാര്യം ചെയ്യുക.

    ആദ്യത്തെയും രണ്ടാമത്തെയും കുട്ടികൾ തമ്മിൽ ഒത്തുപോയേക്കില്ലെന്ന ഭയം

    നിങ്ങളുടെ ആദ്യത്തെ കുട്ടിയോട് പുതിയ ഒരംഗം കൂടി ജീവിതത്തിലേക്ക് വരാൻ പോകുന്നു എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുക. തനിക്ക് ലഭിച്ചിരുന്ന ശ്രദ്ധയും സ്നേഹവും ഇനി കുറഞ്ഞുപോകുമോ എന്ന തോന്നൽ അവർക്ക് ഉണ്ടായേക്കാം. ഈ പ്രശ്നം കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം വരാൻ പോകുന്ന കുഞ്ഞിനെ നന്നായി പരിപാലിക്കേണ്ടത് മൂന്നുപേരുടെയും കൂട്ടുത്തരവാദിത്തമാണെന്ന് ആദ്യത്തെ കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക എന്നതാണ്. രണ്ട് കുട്ടികൾ ഉള്ളപ്പോൾ സ്നേഹവും ശ്രദ്ധയും ഇരട്ടിയാകുമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക.

    സാമ്പത്തികമായ ബുദ്ധിമുട്ടുകളെക്കുറിച്ചോർത്തുള്ള ആശങ്ക

    മറ്റൊരു പ്രധാന പ്രശ്നമാണ് സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചോർത്തുള്ള ആശങ്ക. രണ്ട് കുട്ടികളാകുമ്പോൾ ചിലവുകൾ ഇരട്ടിയാകും. കുഞ്ഞുങ്ങൾ ജനിക്കുന്നത് മുതൽ അവർ സ്വന്തം കാലിൽ നിൽക്കുന്നത് വരെയെങ്കിലും അവരുടെ വസ്ത്രങ്ങളും ഭക്ഷണവും എല്ലാം മാതാപിതാക്കൾ വേണം ശ്രദ്ധിക്കാൻ. രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നതിനു മുമ്പ് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളും ചെലവുകളും നന്നായി നിയന്ത്രിക്കുകയും കൃത്യമായ ആസൂത്രണം നടത്തുകയും വേണം. ഒരാൾ തന്നെ ചിലവുകൾ നോക്കുന്ന രീതി മാറ്റുകയും സാമ്പത്തിക ഉത്തരവാദിത്തങ്ങൾ കൂട്ടായി ഏറ്റെടുക്കുകയും വേണം. കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും ജോലിക്ക് പോകുന്ന രീതിയിലേക്ക് മാറണം. അങ്ങനെ വരുമ്പോൾ കുട്ടികൾക്ക് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളൊന്നും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും അതിനായി നിങ്ങളുടെ സമ്പാദ്യം ഉപയോഗിക്കാനും കഴിയും.
    Published by:Rajesh V
    First published: