ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലരായിരിക്കാൻ രാത്രിയിൽ നല്ല ഉറക്കം ലഭിക്കണം. ഉറക്കം നന്നായില്ലെങ്കിൽ നിങ്ങൾക്ക് അലസതയും മന്ദതയുമൊക്കെ അനുഭവപ്പെടും. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പോലെത്തന്നെ നല്ല ആരോഗ്യത്തിന് നല്ല ഉറക്കവും പ്രധാനമാണ്. സമ്മർദ്ദം, ഉത്കണ്ഠ, ഏകാന്തത തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഉറക്കക്കുറവിന് കാരണമാവാറുണ്ട്. ദീർഘകാലം ഉറക്കമില്ലായ്മ അഥവാ ഇൻസോമ്നിയ (Insomnia) ഉണ്ടായാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കും. വിഷാദരോഗം, രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിൽ എന്നിവയെല്ലാം ഇത് മൂലം ഉണ്ടാവാം.
നഗരത്തിലെ ജീവിതരീതിയാണ് പലപ്പോഴും ഇൻസോമ്നിയയെ ഗുരുതരമാക്കുന്നത്. ചില ഭക്ഷണപദാർഥങ്ങൾ നിങ്ങൾക്ക് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും. ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബാത്ര തൻെറ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇൻസോമ്നിയയെ മറികടക്കാൻ നിങ്ങൾ എന്തെല്ലാം കഴിക്കണമെന്നും അവർ നിർദ്ദേശിക്കുന്നുണ്ട്. ഓരോ പദാർഥത്തിൻെറയും ഗുണഗണങ്ങളും അവർ പങ്കുവച്ചിട്ടുണ്ട് “നിങ്ങൾ ഉറങ്ങുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവരാണോ? മൂന്നിലൊരാൾക്ക് ഉറക്കക്കുറവ് ഉണ്ടാവുന്നുവെന്നാണ് കണക്ക്. സ്തീകളെ ഇത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇൻസോമ്നിയയെ മറികടക്കാൻ നിങ്ങൾ കഴിക്കേണ്ട അഞ്ച് ഭക്ഷണപദാർഥങ്ങൾ താഴെ പറയുന്നവയാണ്,” ബാത്ര ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നു.
അശ്വഗന്ധ
മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന വിതനോളൈഡ്സ് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണപദാർഥമാണ് അശ്വഗന്ധ. ഉറക്കത്തിന് സഹായിക്കുന്ന ട്രൈതിലീൻ ഗ്ലൈക്കോളും ഇതിലടങ്ങിയിട്ടുണ്ട്. കിടക്കുന്നതിന് അരമണിക്കൂർ മുമ്പ് അശ്വഗന്ധ കഴിക്കണമെന്ന് ബാത്ര പറയുന്നു.
ചമോമൈല്‍ ചായ
ചമോമൈല്‍ ചായ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഉറക്കം വരാത്ത രാത്രിയിൽ ഒരു ഗ്ലാസ് ചമോമൈല്‍ ചായ കുടിക്കുന്നത് നല്ലതാണ്. ഇളംചൂടിൽ ഈ ചായ കുടിക്കുന്നതാണ് ഗുണപ്രദം. അപിഗെനിൻ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ ഇത് ഉറക്കത്തിന് സഹായിക്കുമെന്ന് ലവ്നീത് ബാത്ര പറയുന്നു.
ബദാം
ഫൈബറും നല്ല കൊഴുപ്പും അടങ്ങിയിട്ടുള്ള ബദാമിന് മാറാവ്യാധികളെപ്പോലും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മഗ്നീഷ്യത്തിൻെറ കലവറയായ ബദാം ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ കൂടുതൽ ഉത്പാദിപ്പിക്കുന്നതിന് കാരണമാവും. ബദാം ഭക്ഷണത്തിൻെറ ഭാഗമാക്കിയാൽ ഒരുപരിധി വരെ ഇൻസോമ്നിയയിൽ നിന്ന് രക്ഷ നേടാൻ സാധിക്കും.
മത്തൻക്കുരു
മത്തൻക്കുരുവിൽ അടങ്ങിയിരിക്കുന്ന ട്രിപ്ടോഫാനും അത് പോലെ സിങ്കും ഉറക്കത്തെ സഹായിക്കുന്ന മെലാടോണിന്‍ ഉൽപ്പാദിപ്പിക്കുന്നതിന് ഗുണം ചെയ്യും. നല്ല ഉറക്കത്തിന് മത്തങ്ങക്കുരു കഴിക്കുന്നത് നല്ലതാണെന്ന് ലവ്നീത് ബാത്ര കൂട്ടിച്ചേർത്തു.
ജാതിക്കയിട്ട പാൽ
കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം നൽകുമെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ പാലിൽ അൽപം ജാതിക്ക കൂടി ചേർത്ത് കുടിച്ചാൽ അത് ഇരട്ടി ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡായ ട്രിപ്ടോഫാൻ നല്ല ഉറക്കം നൽകുന്നതിന് സഹായിക്കും. ശരീരത്തിൽ സെറാടോണിനും മെലാടോണിനും ഉണ്ടാവുന്നത് വർധിക്കുകയും അങ്ങനെ ഉറക്കം നന്നാവുകയും ചെയ്യുമെന്ന് ലവ്നീത് ബാത്ര വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.