മധ്യപ്രദേശ് സർക്കാർ (Madhya Pradesh) വിദ്യാർത്ഥികൾക്ക് സ്കൂൾ തലം തൊട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് (Artificial Intelligence) പഠിക്കാൻ അവസരം ഒരുക്കുന്നു. സ്കൂളുകളിൽ എട്ടാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്കായി നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) ഒരു കോഴ്സ് ആരംഭിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ (Shivraj Singh Chouhan) അറിയിച്ചു. രാജ്യത്ത് ഇത്തരത്തിൽ ഒരു സംരംഭം ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 240 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സായിരിക്കും ആരംഭിക്കുക.
സംസ്ഥാനത്ത് മൃഗചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി ടെലിമെഡിസിൻ (Veterinary Telemedicine) സൗകര്യം ആരംഭിക്കാനും സർക്കാരിന് പദ്ധതി ഉണ്ട്. മൃഗസംരക്ഷകർക്ക് പശുക്കളുടെയും മറ്റ് മൃഗങ്ങളുടെയും രോഗങ്ങളെക്കുറിച്ച് ഫോണിലൂടെ ഉപദേശം തേടാൻ ഇത് സഹായിക്കും. കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിളകളുടെ രോഗങ്ങളും സംബന്ധിച്ച് വിദഗ്ധരുമായി ഫോണിൽ ബന്ധപ്പെടാൻ കർഷകർക്ക് വേണ്ടിയും സമാനമായ സംവിധാനം ആരംഭിക്കുമെന്നും ഞായറാഴ്ച ഭോപ്പാലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
നഗരപ്രദേശങ്ങളിൽ സഞ്ജീവനി ക്ലിനിക്കുകൾ സ്ഥാപിക്കുന്നത് ഉൾപ്പടെ മറ്റ് പല സുപ്രധാന തീരുമാനങ്ങളും ഭോപ്പാലിലെ പച്മറിയിൽ നടന്ന മധ്യപ്രദേശ് മന്ത്രിസഭയുടെ ദ്വിദിന സമ്മേളനത്തിൽ കൈക്കൊണ്ടതായി മുഖ്യമന്ത്രി അറിയിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഗതാഗത നയം കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളും സംസ്ഥാന മന്ത്രിസഭായോഗം സ്വീകരിച്ചിട്ടുണ്ട്. സമ്മേളനം ഞായറാഴ്ച അവസാനിച്ചു.
Also Read-
Nationwide Strike| സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി; സർക്കാർ ഇന്നുതന്നെ ഉത്തരവിറക്കണം
”പശുക്കൾക്കും മറ്റ് മൃഗങ്ങൾക്കും എന്തെങ്കിലും അസുഖമുണ്ടായാൽ മൃഗ സംരക്ഷകർക്ക് ഫോണിൽ ഉപദേശം ലഭിക്കുന്നതിനായി വെറ്ററിനറി ടെലിമെഡിസിൻ സൗകര്യം ഒരുക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. അതുപോലെ, കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും വിളകളുടെ രോഗങ്ങളെക്കുറിച്ചും വിദഗ്ധരിൽ നിന്ന് ഉപദേശം ലഭിക്കുന്നതിന് കർഷകർക്കായി ടെലികോൾ ക്രമീകരണം ഏർപ്പെടുത്തും”, ചൗഹാൻ പറഞ്ഞു.
കോവിഡ് 19 മഹാമാരി കാരണം മുടങ്ങി പോയ മുഖ്യമന്ത്രി തീർഥ ദർശൻ യോജന (മുതിർന്ന പൗരന്മാർക്കുള്ള സൗജന്യ തീർഥാടന പദ്ധതി) അടുത്ത മാസം മുതൽ പുനരാരംഭിക്കുമെന്നും ആദ്യ ട്രെയിൻ ഏപ്രിൽ 18 ന് വാരണാസിയിലേക്ക് പുറപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാരും ആദ്യ ട്രെയിൻ യാത്രയിൽ പങ്ക് ചേരും. മുതിർന്ന പൗരന്മാരെ ദൂരെയുള്ള തീർഥാടന കേന്ദ്രങ്ങളിൽ വിമാനമാർഗം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനായുള്ള കന്യാദാൻ പദ്ധതിയുടെ ധനസഹായം 55,000 രൂപയായി വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പുതുക്കിയ "ലാഡ്ലി ലക്ഷ്മി യോജന" മെയ് 2 ന് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ന്യായവില ഷോപ്പുകൾ വിവിധോദ്ദേശ ഷോപ്പുകളാക്കി മാറ്റുമെന്നും റേഷൻ കൂടാതെയുള്ള സാധനങ്ങളും ഇവിടെ വിൽക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സ്കൂളുകളിൽ വിപുലീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും 24 കോടി രൂപയ്ക്ക് കെട്ടിടങ്ങൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൻകിട ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനായി 25,000ത്തിന് മേൽ ജനസംഖ്യയുള്ള നഗരപ്രദേശങ്ങളിൽ "മുഖ്യമന്ത്രി സഞ്ജീവനി ക്ലിനിക്ക്" സ്ഥാപിക്കുമെന്ന് ചൗഹാൻ പറഞ്ഞു, ചില പ്രദേശങ്ങളിൽ ഈ സൗകര്യം ഏപ്രിൽ 22 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ എംബിബിഎസ് പഠിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്നും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് ഈ നീക്കം പ്രയോജനകരമാകുമെന്നും ചൗഹാൻ പറഞ്ഞു. ഭൂമി കൈമാറ്റ രേഖകൾ ഓൺലൈനായി ലഭ്യമാക്കുന്നതിന് സൈബർ താലൂക്കുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.