National Doctor's Day 2020| 'നല്ല ഡോക്ടറാകുക, അതിൽ അഭിമാനിക്കുക'; ചില വേറിട്ട ഡോക്ടേഴ്സ് ഡേ ചിന്തകൾ

മറ്റേതു മേഖലയിലുമെന്നപോലെ വൈദ്യശാസ്ത്രത്തിലും ഒരു ശതമാനം കഴിവും തൊണ്ണൂറ്റൊമ്പത് ശതമാനം പരിശ്രമവും ആത്മാർത്ഥതയുമാണ് വിജയരഹസ്യം. ഇതു രണ്ടുമുണ്ടെങ്കിൽ സന്തോഷമായി ജീവിക്കാനുള്ള സാഹചര്യങ്ങൾ സ്വയം ഉണ്ടായിക്കൊള്ളും. സാമ്പത്തിക ലാഭത്തെപ്പറ്റി ആകുലപ്പെടേണ്ടതില്ല. മാനവരാശി ഉള്ളിടത്തോളം കാലം നല്ല ഡോക്ടർമാരുടെ ആവശ്യമുണ്ടാവും...! അതു കൊണ്ട് ഡോക്ടർമാരുടെ എണ്ണം എത്ര കൂടിയാലും നിങ്ങളൊരു നല്ല ഡോക്ടറായാൽ മതി, സമൂഹത്തിന് നിങ്ങളെ ആവശ്യമുണ്ടാവും.

News18 Malayalam | news18-malayalam
Updated: July 1, 2020, 3:42 PM IST
National Doctor's Day 2020| 'നല്ല ഡോക്ടറാകുക, അതിൽ അഭിമാനിക്കുക'; ചില വേറിട്ട ഡോക്ടേഴ്സ് ഡേ ചിന്തകൾ
പ്രതീകാത്മക ചിത്രം
  • Share this:
ഡോ. ശ്യാം കൃഷ്ണൻ

ഇന്ന് ഡോക്ടേഴ്സ് ഡേ. മനസ്സിൽ കടന്നു വന്ന ചില ചിന്തകൾ കുത്തിക്കുറിക്കണമെന്ന് തോന്നി. പുതുതലമുറയിലെ ഡോക്ടർമാർക്കും ഡോക്ടറാകാനാഗ്രഹിക്കുന്നവർക്കും ഡോക്ടർമാരെപ്പറ്റി അറിയാനാഗ്രഹിക്കുന്നവർക്കുമായി.

കോട്ടയം മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേരുന്നത് 1992ലാണ്. 28 വർഷം മുൻപ്. ഹിപ്പോക്രാറ്റിക് ഓത്ത് എടുത്ത് ഡോക്ടറായിട്ട് 22 വർഷം. ഔപചാരിക വിദ്യാഭ്യാസം വീണ്ടും തുടർന്നു. മെഡിക്കൽ കോളജിൽ ജോയിൻ ചെയ്തതിന് ശേഷം തുടർച്ചയായ 12 വർഷങ്ങൾ ഔപചാരിക മെഡിക്കൽ വിദ്യാഭ്യാസം. എം. ബി. ബി. എസ്സിനും എം. ഡി. ക്കും ശേഷം 2005 ൽ ഡി.എം. പൂർത്തിയാക്കി ന്യൂറോളജിസ്റ്റായി. മറ്റെല്ലാ ഡോക്ടർമാരെയും പോലെ ഇപ്പോഴും ഓരോ ദിവസവും പഠനം തുടരുന്നു....

ഞാൻ ഡോക്ടറാവാൻ മെഡിക്കൽ കോളജിൽ ചേരുമ്പോൾ ഞങ്ങളുടെ പഞ്ചായത്തിൽ (കോട്ടയം ജില്ലയിലെ ചിറക്കടവ് ) എന്റെ പരിചയത്തിൽ മൂന്നു ഡോക്ടർമാരേ ഉള്ളൂ.

എന്നാൽ ഇപ്പോൾ എന്റെ കുടുംബത്തിൽ മാത്രം അടുത്ത തലമുറയിൽ ആറോ ഏഴോ ഡോക്ടർമാരോ മെഡിക്കൽ വിദ്യാർത്ഥികളോ ഉണ്ട്. ചേട്ടൻ്റെ കുട്ടികളായ അഞ്ജന, അളകയുമുൾപ്പെടെ. ഈ കുട്ടികളുമായി സംസാരിക്കുമ്പോൾ അവർക്കുള്ളിലുള്ള പല ആകുലതകളും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അവർക്കായാണ് ഈ കുറിപ്പ്. ഒപ്പം അവ മനസ്സിലാക്കാർ ആഗ്രഹിക്കുന്ന മറ്റുള്ളവർക്കും.

Related News- National Doctor's Day 2020| ഡോക്ടർമാരെ സല്യൂട്ട് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; സേവനത്തെ അഭിനന്ദിച്ച് അമിത് ഷായും രാഹുൽ ഗാന്ധിയും

പൊതു സമൂഹത്തിന് ഡോക്ടർമാരോടും മെഡിക്കൽ സമൂഹത്തിനോടുമുള്ള മാറുന്ന കാഴ്ചപ്പാട്, കുറഞ്ഞു വരുന്ന ജോലി സാധ്യതകളും സാമ്പത്തിക ലാഭവും, ആയുഷ്കാലത്തിന്റെ മേജർ ഷെയർ കയ്യടക്കുന്ന ഔപചാരിക വിദ്യാഭ്യാസം, പഠന കാലത്ത് നേരിടേണ്ടി വരുന്ന (പലപ്പോഴും ഒഴിവാക്കാനാവാത്ത ) പീഡനങ്ങൾ ( വാക്കിന്റെ ഡിക്ഷ്ണറി മീനിങ്ങാണ് ഉദ്ദേശിച്ചത്!), മെഡിക്കൽ മേഖലയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് കൾച്ചർ അങ്ങനെ പലതും. ചുരുക്കിപ്പറഞ്ഞാൽ മെഡിക്കൽ പ്രഫഷന്റെ ഗ്ലാമറും ആകർഷണീയതയും അനുദിനം കുറഞ്ഞു വരുന്നു.എനിക്ക് എന്റെ കുഞ്ഞനുജന്മാരോടും അനുജത്തിമാരോടും പറയാനുള്ളത് ഇതിനെയൊക്കെപ്പറ്റിയാണ്. ഇത്തരം ചിന്തകൾ നിങ്ങളെ തളർത്തരുതെന്നാണ്, കർമ്മഭൂമിയിൽ നിന്ന് പിന്തിരിപ്പിക്കരുതെന്നാണ്!

ആദ്യമായി, സമൂഹത്തിൽ ഡോക്ടർമാരോടും മെഡിക്കൽ സമൂഹത്തിനോടും വളർന്നു വരുന്ന അസഹിഷ്ണുത. എന്താണ് കാരണം?
വലിയൊരളവുവരെ നമ്മളിൽ പലരുടെയും ചെയ്തികൾ ഇതിന് കാരണമാണെന്ന് പറയാതെ വയ്യ. സാമ്പത്തിക ലാഭത്തിൽ കണ്ണുവച്ച് മറ്റെല്ലാം മറക്കുന്ന ഒരു ന്യൂനപക്ഷം നമുക്കിടയിലുണ്ട്. പക്ഷേ, നൂറു ശതമാനം കൺവിക്ഷനോടെ, നെഞ്ചിൽ കൈവച്ച് എനിക്ക് പറയാനാവും ഇക്കൂട്ടർ ഒരു ന്യൂനപക്ഷം മാത്രമാണെന്ന്. ആരും ഡോക്ടറായി ജനിക്കുന്നില്ല. പൊതു സമൂഹത്തിൽ നിന്ന്, സമൂഹത്തിലെ കുടുംബങ്ങളിൽ നിന്നാണ് യുവഡോക്ടർമാർ ഉണ്ടായി വരുന്നത്. സമൂഹത്തിലെ മൂല്യച്യുതിയുടെ ഒരു പരിച്ഛേദം ഡോക്ടർ സമൂഹത്തിലും കാണും, സർക്കാർ ജോലിക്കാരിലും അദ്ധ്യാപകരിലും രാഷ്ട്രീയക്കാരിലുമെല്ലാമുള്ളതുപോലെ. പക്ഷേ, പൊതു സമൂഹവുമായി ഏറ്റവും അടുത്തിടപഴകുന്ന വിഭാഗങ്ങളിലൊന്നായതിനാൽ ഡോക്ടർമാരിലെ പുഴുക്കുത്തുകൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ഒരു ന്യൂനപക്ഷം ചെയ്യുന്ന ദുഷ്ചെയ്തികളുടെ കളങ്കം ഡോക്ടർ എന്ന വലിയ സമൂഹത്തിന് മേൽ മുഴുവൻ ആരോപിക്കപ്പെടും. ശരിയാണ്.

പൊതുസമൂഹത്തിന്റെ ശത്രുതയ്ക്ക് ഇതുമാത്രമല്ല കാരണം. എന്തിനെയും ഏതിനേയും സംശയത്തോടെ നോക്കുന്ന പൊതുസമൂഹമാണ് ഇന്നത്തേത്. ഒന്നിന്റെയും നിജസ്ഥിതിയോ ശാസ്ത്രീയ വശമോ അറിയാനുള്ള ക്ഷമയോ ശ്രമമോ നടത്താത്ത മാധ്യമങ്ങൾക്ക് ഇതിൽ നല്ല പങ്കുണ്ട്.

ആശുപത്രിയിലെത്തിയാൽ പിന്നെ ആരും രോഗം കൊണ്ട് മരിക്കുന്നില്ല, ഡോക്ടറുടെയോ നഴ്സിന്റേയോ അനാസ്ഥ കൊണ്ടേ മരിക്കുന്നുള്ളൂ! അതാണ് പലരുടേയും കാഴ്ചപ്പാട്.

TRENDING: അമ്പെയ്ത്ത് താരങ്ങളായ ദീപിക കുമാരിയും അതാനു ദാസും വിവാഹിതരായി [PHOTOS]UC Browser| TikTok ജനപ്രിയമായിരിക്കാം; പക്ഷേ എന്തുകൊണ്ടാണ് ഇത്രയധികം പേർ യുസി ബ്രൗസർ നിരോധനത്തിൽ സങ്കടപ്പെടുന്നത് ? [NEWS] 'റേഷനരി കൂട്ടി ചോറുണ്ടു; സർക്കാരിന് ഒരു ബിഗ് സല്യൂട്ട്': സംവിധായകൻ രഞ്ജിത് ശങ്കർ [NEWS]

വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെപ്പറ്റി പൊതു സമൂഹത്തിനുള്ള അജ്ഞതയാണ് മറ്റൊരു കാരണം. മനുഷ്യ ശരീരത്തിന്റെയും കോശങ്ങളുടെയും പ്രവർത്തനങ്ങളുടെ സിംഹഭാഗവും ഇന്നും ശാസ്ത്രത്തിന് അറിയില്ല. അപരിമിതമായ ബുദ്ധിയും കഴിവുകളുമുള്ള മറ്റൊരാൾ (ഞാൻ ദൈവ വിശ്വാസിയാണ്. ഈ 'ആളെ ' ഞാൻ ദൈവമെന്ന് വിളിക്കും. വിശ്വാസമില്ലാത്തവർക്ക് പ്രകൃതി - നേച്ചർ - എന്ന് വിളിക്കാം ) സൃഷ്ടിച്ച അതിസങ്കീർണ്ണമായ ഒരു ' ഉപകരണ' ത്തെ യൂസർ മാനുവൽ പോലുമില്ലാതെ റിപ്പയർ ചെയ്യുക എന്ന ധർമ്മമാണ് ഡോക്ടർ ചെയ്യേണ്ടത്. ശാസ്ത്രം ഇത്ര പുരോഗമിച്ചെങ്കിലും ഉത്തരമില്ലാത്ത ചോദ്യങ്ങളും പരിഹാരമില്ലാത്ത പ്രശ്നങ്ങളും അസംഖ്യമുണ്ടെന്ന് നമുക്കറിയാം. പക്ഷേ പൊതു സമൂഹം വൈദ്യശാസ്ത്രത്തിന്റെ ഇത്തരം പരിമിതികളെ പറ്റി വലിയൊരളവുവരെ അജ്ഞരാണെന്നതാണ് യാഥാർത്ഥ്യം. ആമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം മൂലം ഗർഭിണി മരിക്കുമ്പോഴും വിൻഡോ പീരിയഡിലിരിക്കുന്ന ദാതാവിന്റെ രക്തം സ്വീകരിച്ച രോഗിക്ക് എച്ച്. ഐ.വി. ബാധിക്കുമ്പോഴുമൊക്കെ പൊതു സമൂഹം ഡോക്ടർക്കെതിരെ തിരിയുന്നത് ഈ അജ്ഞത മൂലമാണ്. 

എന്താണ് പരിഹാരം?

ശരിയായ ആശയ വിനിമയം ( രോഗിയുമായും ബന്ധുക്കളുമായും) ഉണ്ടാവാത്തതിനാലാണ് തൊണ്ണൂറു ശതമാനം കേസുകളിലും പ്രശ്നമുണ്ടാകുന്നത്. എന്റെ വിദ്യാർത്ഥികളോട് ഞാൻ എപ്പോഴും പറയാറുള്ള കാര്യമാണ് രോഗി നിങ്ങളുടെ അടുത്ത് വരുന്നത് ഒരു മരുന്ന് കുറിപ്പടിക്കു വേണ്ടി മാത്രമല്ല എന്ന്. രോഗത്തെപ്പറ്റിയും ടെസ്റ്റുകളെപ്പറ്റിയും അവയുടെ ആവശ്യകതയെപ്പറ്റിയും ചികിത്സയെപ്പറ്റിയും ചികിത്സയുടെ പരിമിതികളെപ്പറ്റിയും രോഗിക്കും ബന്ധുക്കൾക്കും പറഞ്ഞു കൊടുക്കുക. പാത്രമറിഞ്ഞു വേണം വിളമ്പാൻ എന്നതും അറിയണം. രോഗിയുടെയും ബന്ധുവിന്റെയും വിദ്യാഭ്യാസ നിലവാരം മനസ്സിലാക്കി അവർക്ക് ഗ്രഹിക്കാവുന്ന ലളിതമായ ഭാഷയിൽ വേണം സംസാരിക്കാൻ. അദ്ധ്യാപകനായ രോഗിയോടും കൃഷിക്കാരനായ രോഗിയോടും ഒരേ രീതി പറ്റില്ലെന്നർത്ഥം. പ്രായോഗികമായി ഇതു കൈകാര്യം ചെയ്യണമെങ്കിൽ ഡോക്ടർക്ക് സമൂഹവുമായി ഇടപഴകി ശീലമുണ്ടാകണം!

നാം പ്രാക്ടീസ് ചെയ്യുന്നത് ഒരു ശാസ്ത്രമാണെന്ന് മനസ്സിലാക്കണം. പ്രാക്ടീസ് ചെയ്യുന്ന മേഖലയിൽ പരമാവധി അറിവ് സമ്പാദിക്കുകയും ശാസ്ത്രീയമായി ശരിയായ കാര്യങ്ങൾ ചെയ്യുന്നത് ശീലമാക്കുകയും ചെയ്താൽ പ്രശ്നങ്ങൾ കുറയും. ധാർമികതയ്ക്കും ആത്മാർത്ഥതയ്ക്കും മനസ്സാക്ഷിക്കും തുല്യ പ്രാധാന്യം കൊടുക്കണം. കാണുന്ന ഓരോ രോഗിയെയും നിങ്ങളുടെ അച്ഛനോ അമ്മയോ ആയി കണ്ട് ചികിത്സിക്കണം എന്ന ശൈലിയിൽ പറയുന്ന ഒരു പ്രഫസർ എനിക്കുണ്ടായിരുന്നു. എനിക്കിതിനോട് യോജിപ്പില്ല. ആത്മാർത്ഥത കാണിക്കാൻ രോഗിയെ അച്ഛനായി കാണേണ്ട കാര്യമില്ല. കാരണം നമ്മുടെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് മറ്റൊരാളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല! എന്നിൽ വിശ്വാസമർപ്പിച്ച് വന്ന ഒരു വ്യക്തിയാണിത്, ഇദ്ദേഹത്തിന് ശാസ്ത്രീയമായി എന്നാലാവുന്നത് ഞാൻ ചെയ്യും എന്ന ഉറച്ച ആത്മബോധമാണ് വേണ്ടത്.

ഇന്നത്തെക്കാലത്ത് ശരി ചെയ്യുന്നതിന്റെ അത്ര തന്നെ പ്രാധാന്യമുണ്ട് ശരിയാണ് ചെയ്തതെന്ന് രേഖപ്പെടുത്തുന്നതിന്. കേസ് ഫയലിലും രോഗിക്കു നൽകുന്ന കുറിപ്പടിയിലും രോഗവിവരങ്ങളും പരിശോധനാ ഫലങ്ങളും നിങ്ങളുടെ തീരുമാനങ്ങളുടെ
ശാസ്ത്രീയ അടിസ്ഥാനവും കൃത്യമായി രേഖപ്പെടുത്തുക. ആവശ്യമുള്ളയിടങ്ങളിലെല്ലാം രോഗിയുടെ സമ്മതം(consent ) എടുക്കുക. മെഡിക്കൽ റെക്കോർഡിങ്ങിനും ഡോക്യുമെന്റേഷനും പ്രാധാന്യം കൊടുക്കുക. സ്പോട്ടിൽ കിട്ടുന്ന അടിയിൽ നിന്നും 'ക്നീ ജെർക്ക് റിയാക്ഷ' (knee jerk) നായുണ്ടാകുന്ന മാധ്യമ വിചാരണയിൽ നിന്നും ഇതുകൊണ്ട് നിങ്ങൾക്ക് സംരക്ഷണം കിട്ടില്ല എന്നത് ശരി തന്നെ. പക്ഷേ അധികാരികൾക്കു മുൻപിലും കോടതിയിലും ശരിയായ മെഡിക്കൽ രേഖകൾ നിങ്ങളുടെ ശരികൾക്ക് മെഡിക്കൽ രേഖകൾ ശക്തമായ തുണയാകും.

doctor's day, national doctor's day 2020, pm modi, rahul gandhi, amit shah, doctors in India. ഡോക്ടർമാരുടെ ദിനം, ഡോക്ടേഴ്സ് ദിനം

മെഡിക്കൽ പ്രഫഷനിൽ വളരെ പ്രധാനമായതും എന്നാൽ പലരും മറക്കുന്നതുമായ ഒന്നാണ് ടീം വർക്ക്. കുഴഞ്ഞുമറിഞ്ഞ മെഡിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഒരു തലച്ചോർ തനിച്ച് ചിന്തിക്കുന്നതിന്റെ അഞ്ചിരട്ടി പ്രയോജനമുണ്ടാകും അഞ്ചു തലച്ചോറുകൾ ഒന്നിച്ച് ചിന്തിച്ചാൽ. മറ്റുള്ളവരുടെ അഭിപ്രായങ്ങളും സഹിഷ്ണുതയോടെ കേൾക്കാൻ തയ്യാറാവണം. പ്രഫസറുടെ മനസ്സിലുദിക്കാത്ത ആശയം പി.ജി. ഡോക്ടറുടെ മനസ്സിൽ വന്ന് അതുകൊണ്ട് രോഗി രക്ഷപെടുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. ടീമിലെ നഴ്സിംഗ് അസിസ്റ്റന്റ് തൊട്ട് എല്ലാവർക്കും പരസ്പര ബഹുമാനം കൊടുക്കാൻ ശീലിക്കണം. ആവശ്യമുള്ളപ്പോൾ മറ്റു സ്പെഷ്യലിസ്റ്റുകൾക്കോ സെക്കന്റ് ഒപ്പീനിയനായി സ്വന്തം മേഖലയിലെ മറ്റൊരാൾക്കോ റഫർ ചെയ്യുന്നതിൽ ഒരു മടിയും വിചാരിക്കേണ്ടതില്ല. ആരും സർവ്വജ്ഞരല്ല. അതുപോലെ രോഗിക്ക് മറ്റൊരു ഡോക്ടറുടെ അഭിപ്രായം അറിയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ റഫറൻസ് കൊടുക്കാൻ മടിക്കേണ്ടതില്ല.

ഇതൊക്കെ ചെയ്താലും ചിലപ്പോൾ അടികിട്ടാം. ഓർക്കുക, നമ്മുടെ പൊതു സമൂഹത്തിൽ ഒന്നോ രണ്ടോ ശതമാനം സൈക്കോപാത്തുകളും സാമൂഹ്യ വിരുദ്ധരുമുണ്ട്. അവർക്കും അവരുടെ ബന്ധുക്കൾക്കും രോഗം വരാം; അവർ അങ്ങനെ രോഗികളായോ കൂട്ടിരിപ്പുകാരായോ നിങ്ങളുടെ മുൻപിൽ വരാം. ഇത്തരക്കാരുടെ അടി ഡോക്ടർമാർക്കു മാത്രമല്ല അധ്യാപകർക്കും പോലീസുകാർക്കും ആർക്കുവേണമെങ്കിലും കിട്ടാം. അത് അങ്ങനെ കണക്കാക്കിയാൽ മതി. ഇത്തരക്കാരെ സാമാന്യബുദ്ധി കൊണ്ട് തിരിച്ചറിയാൻ പറ്റും. തിരിച്ചറിഞ്ഞ് സൂക്ഷിക്കുക മാത്രമാണ് പരിഹാരം.

മറ്റേതു മേഖലയിലുമെന്നപോലെ വൈദ്യശാസ്ത്രത്തിലും ഒരു ശതമാനം കഴിവും തൊണ്ണൂറ്റൊമ്പത് ശതമാനം പരിശ്രമവും ആത്മാർത്ഥതയുമാണ് വിജയരഹസ്യം. ഇതു രണ്ടുമുണ്ടെങ്കിൽ സന്തോഷമായി ജീവിക്കാനുള്ള സാഹചര്യങ്ങൾ സ്വയം ഉണ്ടായിക്കൊള്ളും. സാമ്പത്തിക ലാഭത്തെപ്പറ്റി ആകുലപ്പെടേണ്ടതില്ല. മാനവരാശി ഉള്ളിടത്തോളം കാലം നല്ല ഡോക്ടർമാരുടെ ആവശ്യമുണ്ടാവും...! അതു കൊണ്ട് ഡോക്ടർമാരുടെ എണ്ണം എത്ര കൂടിയാലും നിങ്ങളൊരു നല്ല ഡോക്ടറായാൽ മതി, സമൂഹത്തിന് നിങ്ങളെ ആവശ്യമുണ്ടാവും.ഔപചാരിക മെഡിക്കൽ വിദ്യാഭ്യാസം വളരെ ദൈർഘ്യമേറിയതാണ് (അതു കഴിഞ്ഞാലും ജീവിത കാലം മുഴുവൻ നിങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്!) . അനുദിനം ആഴവും പരപ്പും വർദ്ധിക്കുന്ന ഒരു മഹാസമുദ്രമാണ് വൈദ്യശാസ്ത്രം. അതു കൊണ്ട് ഇത് ഒഴിവാക്കാനാവില്ല. ഔപചാരിക മെഡിക്കൽ വിദ്യാഭ്യാസം പലപ്പോഴും കാഠിന്യങ്ങൾ നിറഞ്ഞതാണ്, പ്രത്യേകിച്ച് പി.ജി. കാലഘട്ടത്തിൽ (പി.ജി. ചെയ്യുമ്പോൾ മുപ്പത്താറു മണിക്കൂർ, ഒരു മിനിട്ടിരിക്കാതെ ഓടിനടന്ന് ഡ്യൂട്ടി എടുത്തിട്ട് അതിന്റെ കൂടെ ഒരു മണിക്കൂർ നീണ്ട അക്കാഡമിക് പ്രസന്റേഷൻ ചെയ്യേണ്ടി വരുന്നത് സാധാരണ കാര്യം മാത്രം.). ഇത് പൊരിവെയിലത്ത് വാടാതിരിക്കാനാതി നിങ്ങളെ തീയിൽ മുളപ്പിക്കുന്നതായി കരുതിയാൽ മതി. പഠിത്തമെല്ലാം കഴിഞ്ഞ് ജീവിച്ചു തുടങ്ങുക എന്ന തത്വം ഡോക്ടർമാർക്ക് ബാധകമല്ല. പഠിച്ചു കൊണ്ട് ജീവിക്കാൻ നാം പഠിക്കണം. കാര്യങ്ങൾ ബാലൻസിൽ കൊണ്ടുപോകാൻ ശീലിക്കണം. ഞാനും എന്റെ സഹധർമ്മിണിയും കല്യാണം കഴിച്ചതും കുട്ടികളുണ്ടായതുമെല്ലാം പഠനത്തോടൊപ്പമാണ് .

മേൽ പറഞ്ഞതുപോലെ അനുദിനം ആഴവും പരപ്പും വർദ്ധിക്കുന്ന ഈ മഹാസമുദ്രത്തിൽ ആർക്കും "ജാക്ക് ഓഫ് ഓൾ " ആവാൻ പറ്റില്ല. സ്പെഷ്യലൈസ്ഡ് ചികിത്സകൾക്ക് തീർച്ചയായും സ്പെഷ്യലിസ്റ്റുകൾ ആവശ്യമാണ്. പക്ഷേ എല്ലാ രോഗികൾക്കും രോഗങ്ങൾക്കും സ്പെഷ്യലൈസ്ഡ് ചികിത്സയും സ്പെഷ്യലിസ്റ്റുകളും ആവശ്യമില്ല എന്ന വസ്തുതയും നാം മനസ്സിലാക്കുകയും പൊതു സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുകയും വേണം.

doctor's protest, KGMOA, KGMOA protest, Doctor's day, ഡോക്ടർമാരുടെ പ്രതിഷേധം, കെജിഎംഒഎ, കെജിഎംഒഎ പ്രതിഷേധം

വിദേശ രാജ്യങ്ങളിലുള്ള കുടുംബ ഡോക്ടർ / പ്രൈമറി കെയർ ഫിസിഷ്യൻ കോൺസെപ്റ്റ് തീർച്ചയായും നല്ലതാണ്. ഒരു ജനറൽ പ്രാക്ടീഷണറുടെ സേവനത്തെ ഒരിക്കലും കുറച്ച് കാണരുത്.

അവസാനമായി ഏറ്റവും പ്രധാന്യമുള്ള കാര്യം - ഡോക്ടറെ 'ദൈവത്തെപ്പോലെ ' കാണുന്ന ഒരു പൊതു സമൂഹം ഇന്നില്ലെന്നും ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്നും ഉള്ള യാഥാർത്ഥ്യം മനസ്സിലാക്കുക. അത് ഒരു കെട്ടുകഥ മാത്രമാണ്, സമൂഹം അങ്ങനെ കരുതുന്നത് ഡോക്ടർമാർക്ക് നല്ലതല്ല താനും. ഇതിനെ മനുഷ്യർക്ക് നേരിട്ടുപകാരമുള്ള ഒരു പ്രൊഫഷൻ ആയി മാത്രം കാണുക. അങ്ങനെയുള്ള മറ്റേതു പ്രഫഷനിലും (ഉദാഹരണം: അധ്യാപകർ, പോലീസുകാർ ) അത്യാവശ്യമുള്ള ഒന്നാണ് ആത്മാർത്ഥത. അതു പുലർത്തുക. സമൂഹത്തിൽ നിന്ന് എക്സ്ട്രാ റിട്ടേൺസ് ഒന്നും പ്രതീക്ഷിക്കരുത്. ഭഗവദ് ഗീതയിലെപ്പോലെ 'നിഷ്കാമ കർമ്മത്തിൽ' വിശ്വസിക്കുക, ഫലം തന്നേ വന്നുകൊള്ളും. എന്നാൽ ആത്മാർത്ഥത ഒരു അഡിക്ഷനായി ജീവിക്കാൻ മറക്കരുത്. കുടുംബത്തെ നോക്കാനും ഉല്ലാസത്തിനും സമയം കണ്ടെത്തണം. കാരണം അറിവും കോമൺസെൻസും മനസ്സാന്നിധ്യവും എമ്പതി(empathy)യുമെല്ലാം ആവശ്യമുള്ള ഒന്നാണ് മെഡിക്കൽ പ്രാക്ടീസ്‌. അതിന് സന്തോഷമുള്ള ഒരു മനസ്സ് അത്യാവശമാണ്.

സഹജീവികളെ നേരിട്ട് സഹായിക്കാൻ ഇത്രയുമധികം കഴിയുന്ന മറ്റൊരു പ്രഫഷനില്ല. അതിനാൽ ഒരു ഡോക്ടറായതിൽ അഭിമാനിക്കുക!

അവസാന വർഷ ന്യൂറോളജി ഡി.എം. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിന് ഞാൻ സ്ഥിരമായി പറയാറുള്ള ഒരു വാചകം പറഞ്ഞ് നിർത്തട്ടെ.
' വളരെ നല്ല ഡോക്ടർക്കേ ഒരു നല്ല ന്യൂറോളജിസ്റ്റാകാനാവൂ .... ഒരു നല്ല മനുഷ്യനേ ഒരു നല്ല ഡോക്ടറാവാനാകൂ !"

(തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ന്യൂറോളജി പ്രൊഫസറാണ് ലേഖകൻ)
First published: July 1, 2020, 3:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading