നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • യൂട്യൂബ് നോക്കി യോഗ ചെയ്യുന്നവർ സൂക്ഷിക്കുക; പരിക്കുകൾ ഒഴിവാക്കാൻ അറിയേണ്ട കാര്യങ്ങൾ

  യൂട്യൂബ് നോക്കി യോഗ ചെയ്യുന്നവർ സൂക്ഷിക്കുക; പരിക്കുകൾ ഒഴിവാക്കാൻ അറിയേണ്ട കാര്യങ്ങൾ

  യോഗ ചെയ്യുന്നതിനിടെ ശരീരത്തിലെ പേശികൾക്കും അസ്ഥികൾക്കും സ്ഥാനചലനമുണ്ടാക്കുന്ന രീതിയിൽ കഠിനമായ യോഗാസന രീതികൾ ചെയ്യാൻ ശ്രമിക്കരുത്.

  • Share this:
   കോവിഡ് മഹാമാരിയുടെ ഈ കാലത്ത് മിക്കവാറും എല്ലാവരും വീട്ടിലിരുന്ന് യോഗകളും മറ്റും ചെയ്യാൻ താൽപര്യമുള്ളവരാണ്. ലോക്ക്ഡൗൺ കാരണം ജിമ്മുകളും വർക്ക് ഔട്ട് സ്റ്റുഡിയോകളും മറ്റും അടച്ചിരിക്കുന്നതിനാൽ ആരോഗ്യത്തോടെ ഇരിക്കുന്നതിനും ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായി പലരും യോഗയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൃത്യവും വ്യക്തവുമായ മാർഗനിർദേശവും മേൽനോട്ടവുമില്ലാതെ ചെയ്യുന്ന മറ്റെല്ലാ കാര്യങ്ങളെയും പോലെ തന്നെ യോഗയും ശരിയായി ചെയ്യാതിരുന്നാൽ ശാരീരികമായ പരിക്കുകൾ ഉണ്ടാകുന്നതിന് പലപ്പോഴും കാരണമാകാറുണ്ട്.

   നിങ്ങളുടെ ആരോഗ്യ പരിപാലനത്തിന്റെ ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുക്കുന്നത് വളരെ നല്ല കാര്യം തന്നെ. നിങ്ങളുടെ വ്യായാമ മുറകളിൽ യോഗ പരിശീലനങ്ങൾ വളരെ മികച്ചതാണെങ്കിലും യോഗ ചെയ്യുമ്പോൾ പരിക്കുകൾ ഒഴിവാക്കാൻ വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

   യോഗ പോസുകൾ
   ഇൻസ്റ്റാഗ്രാമിൽ ധാരാളം 'സ്വയം പ്രഖ്യാപിത' യോഗാചാര്യൻമാർ ഉണ്ട്. അവരുടെ ശരീരത്തെ നമുക്ക് ഒരിക്കലും ഊഹിക്കാനാകാത്ത വിധത്തിൽ അവർക്ക് വളയ്ക്കാനും തിരിക്കാനുമൊക്കെ കഴിയും. അത് കണ്ട് അന്ധമായി നാം അവരെ അനുകരിക്കാൻ ശ്രമിക്കരുത്. അവർ ചെയ്യുന്ന അതേ ആസനങ്ങൾ നമുക്ക് കഴിയുമെങ്കിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ. നിലവിലെ സാഹചര്യങ്ങളെ അതുപോലെ സ്വീകരിക്കുക എന്നതാണ് യോഗയുടെ ഏറ്റവും പ്രധാനപ്പെട്ട ആശയമെന്ന് മറക്കരുത്. അതിനാൽ, മറ്റൊരാളെപ്പോലെയാകാൻ ശ്രമിക്കുക വഴി പരിക്ക് വിളിച്ചു വരുത്താൻ മാത്രമേ സാധിക്കൂ. അല്ലെങ്കിൽ യോഗ ചെയ്യുന്നതിനിടെ ശരീരത്തിലെ പേശികൾക്കും അസ്ഥികൾക്കും സ്ഥാനചലനമുണ്ടാക്കുന്ന രീതിയിൽ കഠിനമായ യോഗാസന രീതികൾ ചെയ്യാൻ ശ്രമിക്കരുത്.

   നമുക്കെല്ലാവർക്കും വ്യത്യസ്ത ശേഷിയുള്ള ശരീരമാണുള്ളത്, അവ വ്യത്യസ്തമായ രീതിയിലാണ് വളയുകയും തിരിയുകയുമൊക്കെ ചെയ്യുന്നത് എന്നതിനാൽ നിങ്ങളുടെ പരിമിതികൾ മനസ്സിലാക്കി സാവധാനം മാത്രം യോഗ ചെയ്യുക. മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി അപകടങ്ങൾ വരുത്തി വയ്ക്കേണ്ടതില്ല.

   യോഗ ചെയ്യുമ്പോൾ മുമ്പുണ്ടായ പരിക്കുകളും അവ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്ന മേഖലകളും പ്രത്യേകം ശ്രദ്ധിക്കുക

   വീട്ടിൽ യോഗ പരിശീലിക്കുമ്പോൾ, നമ്മളിൽ പലരും യൂട്യൂബ് വീഡിയോകളെയാണ് ആശ്രയിക്കുന്നത്. മികച്ച ശാരീരികക്ഷമത കൈവരിക്കുന്നതിന്‌ സൗജന്യ ഓൺലൈൻ സ്രോതസ്സുകൾ ഉപയോഗിക്കുന്നത് വളരെ മികച്ച കാര്യം തന്നെയാണ്‌. വിലയേറിയ യോഗ ക്ലാസുകൾക്കായി നിങ്ങളുടെ പണം ചെലവാക്കിയില്ലെങ്കിലും, ഈ വീഡിയോകൾ കണ്ട് യോഗാസനങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ ഓർക്കേണ്ട ഒരു പ്രധാന കാര്യം, അവ നിങ്ങളുടെ കഴിവിനും പരിമിതികൾക്കും അനുസൃതമായി തയ്യാറാക്കിയിട്ടുള്ളവയല്ല എന്നതാണ്.

   അതുകൊണ്ട്, യോഗാസനങ്ങൾ ചെയ്യുമ്പോൾ മുമ്പ് നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ പറ്റിയിട്ടുണ്ടെങ്കിൽ ചില പ്രത്യേക പോസ് ചെയ്യുന്നതിലൂടെ ഉണ്ടാകാവുന്ന അനാവശ്യമായ സമ്മർദ്ദം അല്ലെങ്കിൽ വീക്കം പേശിവേദനയ്ക്ക് കാരണമാകാം. ഇത്തരം പോസുകൾ ഒഴിവാക്കുകയോ അല്ലെങ്കിൽ വളരെ ആയാസരഹിതമായി മാത്രം ഈ പോസുകൾ ചെയ്യുകയോ ചെയ്യുക. ചിലപ്പോൾ, ഇത് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ വേദന ഉണ്ടാകുന്നതിനു കാരണമാകാം. മുതുകിന്റെ മുകൾഭാഗം, കഴുത്ത്, കൈത്തണ്ട എന്നിങ്ങനെ പലർക്കും വേദനയുണ്ടാകാവുന്ന ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളുണ്ട്. കഠിനമായ യോഗമുറകൾ അത്തരം ഭാഗങ്ങളിൽ വളരെയധികം സമ്മർദ്ദം ചെലുത്തുന്നുവെന്നതിനാൽ ഈ ഭാഗത്തെ ബാധിക്കുന്ന പോസുകൾ ചെയ്യുമ്പോൾ നാം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

   യോഗാഭ്യാസത്തിൻറെ അടിസ്ഥാനം ശ്വാസോച്ഛ്വാസം
   എല്ലാ ആസനങ്ങളും വ്യായാമമുറകളും ശ്വസനത്തെ കേന്ദ്രീകരിച്ചുള്ളതാണ്, അതിനാൽ നിങ്ങളുടെ എല്ലാ പോസുകളും നിങ്ങളുടെ ശ്വാസഗതിയെ കേന്ദ്രീകരിച്ചിട്ടുള്ളതായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങളുടെ ശ്വസനത്തെ ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആക്കുന്ന ആയാസം നിറഞ്ഞ വ്യായാമമുറകൾ പേശികളിലുണ്ടാക്കുന്ന ഉളുക്കിനോ മറ്റ് പരിക്കുകൾക്കോ കാരണമാകും. അതിനാൽ, യോഗയിൽ നിങ്ങൾ ചെയ്യുന്ന ഓരോ ചെറു ചലനത്തെപ്പോലും നിങ്ങളുടെ ശ്വാസഗതിയുമായി ബന്ധിപ്പിക്കാൻ പഠിക്കുക.

   ഉചിതമായ രീതിയിൽ ശരീരത്തെ വിന്യസിക്കാൻ പഠിക്കുക
   ശരീരത്തിന് ഉള്ളിലും പുറത്തുമുള്ള സകല അവയവങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും സന്ധികൾക്കും വ്യായാമം കൊടുക്കുന്നതാണ് ഓരോ യോഗാസനങ്ങളും. എന്നാൽ പരിക്ക് ഉണ്ടാകാൻ കാരണമാകുന്ന വെല്ലുവിളി നിറഞ്ഞ ആസനങ്ങൾ ചെയ്യാൻ തിരക്കുകൂട്ടുന്നതിനുപകരം, ശരീരം നിലത്ത് ഉറച്ചുനിൽക്കുന്നതിനും ഉചിതമായ രീതിയിൽ ശരീരത്തെ വിന്യസിക്കുന്നതിനും സഹായിക്കുന്ന എളുപ്പമുള്ള പോസുകൾ പഠിച്ചു കൊണ്ടു വേണം യോഗ പഠനം ആരംഭിക്കേണ്ടത്. നിങ്ങളുടെ ശാരീരിക വിന്യാസ നിലയും നിലത്ത് ഉറച്ചുനിൽക്കുന്നതിനുള്ള കഴിവും ശക്തമാണെങ്കിൽ, നിങ്ങൾക്ക് പരിക്ക് പറ്റാനുള്ള സാധ്യത വളരെ കുറവാണ്.

   സപ്പോർട്ടീവ് ഗിയറുകൾ ഉപയോഗിക്കുക
   മിക്കവാറും ആളുകൾക്ക് തുടക്കത്തിൽ തന്നെ പത്മാസനമോ ഹലാസനമോ ചെയ്യാൻ കഴിയില്ല. വളരെ ആയാസപ്പെട്ട് അവ ചെയ്യാൻ ശ്രമിക്കുന്നത് ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാകുന്നതിന് കാരണമാകും. നമ്മളിൽ മിക്കവാറും ആളുകൾക്ക് കൈകൾ കൊണ്ട് ശരിയായ സ്ഥലത്ത് തൊടാൻ കഴിയണമെന്നില്ല, അല്ലെങ്കിൽ നമുക്ക്, ചില ആസനങ്ങളുടെ ചില പോസുകളിലേക്ക് കടക്കാൻ കഴിയണമെന്നില്ല, അത് സ്വാഭാവികമാണ്. അതിൽ യാതൊരു കുഴപ്പവുമില്ല. അത്തരം സാഹചര്യങ്ങളിൽ, ഒരു ബ്ലോക്ക്, ഒരു നീ പാഡ് അല്ലെങ്കിൽ ഒരു ബെൽറ്റ് പോലുള്ള യോഗ ഗിയറുകൾ ഉപയോഗിക്കുന്നത് ശരീരത്തിനു പരിക്കേൽക്കാതെ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായ രീതിയിലും യോഗ ചെയ്യാൻ നിങ്ങളെ സഹായിക്കും. ഈ സപ്പോർട്ടീവ് ഗിയറുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നതാണ്‌. അതേസമയം ഒരു ബ്ലോക്കിന് പകരം ഒരു തലയണയും ഒരു ബെൽറ്റിന് പകരം ഒരു ദുപ്പട്ടയും ഉപയോഗിച്ചാലും പണം ചെലവഴിക്കാതെ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന യോഗ പോസുകൾ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും.
   Published by:Naveen
   First published:
   )}