വെറും വയറ്റിൽ (empty stomach) ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിശ്വാസം. എന്നാൽ, ഇതിൽ കുറച്ച് നാരങ്ങ ( lemon) നീര് കൂടി ചേർത്ത് കുടിച്ചാൽ കൂടുതൽ അത്ഭുകരമായ ഫലങ്ങളായിരിക്കും ലഭിക്കുക. നാരങ്ങ വിറ്റാമിൻ സിയുടെ (Vitamin C) മികച്ച ഉറവിടമാണ്, മാത്രമല്ല ഇത് ധാരാളം ആരോഗ്യ ഗുണങ്ങൾ (health benefits) നൽകുകയും ചെയ്യും. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും, ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ നില വർധിപ്പിക്കുന്നതിനും സഹായിക്കും.
നിങ്ങൾ പാനീയങ്ങൾ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ഒരിക്കലും നാരങ്ങാ വെള്ളം ഒഴിവാക്കരുത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിലൂടെ ലഭിക്കും. നിങ്ങൾ ശരീര ഭാരത്തിൽ കുറവ് വരുത്താൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ ഇനി മുതൽ തീർച്ചയായും നാരാങ്ങാ വെള്ളം തിരഞ്ഞെടുക്കണം. ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലോറി വളരെ കുറവാണെന്നാണ് ഹെൽത്തിഫൈമീ പറയുന്നത്. ഒരു ഗ്ലാസ്സ് ഓറഞ്ച് ജ്യൂസിൽ 110 കലോറി അടങ്ങിയിരിക്കും.
ശരീര ഭാരം കുറയ്ക്കാൻ നാരങ്ങ വെള്ളം എങ്ങനെ തയ്യാറാക്കാം:
1. വെള്ളം ചൂടാക്കുക.
2. ഇളം ചൂടുള്ള വെള്ളത്തിലേയ്ക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക, പഞ്ചസാര ചേർക്കാതിരിക്കുന്നതാണ് കൂടുതൽ ഫലപ്രദം.
3. വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക
നാരങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. രോഗത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനുള്ള കഴിവ് ഇത് നിങ്ങളുടെ ശരീരത്തിന് നൽകുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ കഴിയും. എന്നാൽ, നാരങ്ങ വെള്ളമാണ് കുടിക്കുന്നതെങ്കിൽ കൂടുതൽ ഗുണഫലങ്ങൾ ലഭിക്കും. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ വിജയകരമാക്കാനും ഇത് സഹായിക്കും. നാരങ്ങാ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിലേക്ക് അധികം കലോറി എത്താതെ തന്നെ വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാകും, അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. അങ്ങനെ ശരീരഭാരത്തിൽ ക്രമേണ കുറവ് വരുത്താൻ കഴിയും.
ഭക്ഷണത്തിന് തൊട്ടുമുമ്പ് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നതായി ഹെൽത്തിഫൈമി പറയുന്നു.
പല സസ്യങ്ങളിലെയും പോലെ നാരങ്ങയിലും ഉയർന്ന അളവിൽ പൊട്ടാസ്യമുണ്ടെന്നും തൽഫലമായി, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാൻ നാരങ്ങ വെള്ളം സഹായിക്കുമെന്നും ചീഫ് ന്യൂട്രീഷനിസ്റ്റും വെൽനസ് വിദഗ്ധയുമായ ശിവാനി സിക്രി പറയുന്നു. അനീമിയ, വൃക്കയിലെ കല്ലുകൾ എന്നിവയെ പ്രതിരോധിക്കാൻ നാരങ്ങാ വെള്ളത്തിന് കഴിയുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, കൃത്യമായ ഫലങ്ങൾക്കായി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lemon, Lemon water