• HOME
 • »
 • NEWS
 • »
 • life
 • »
 • Smoking | അർബുദം മാത്രമല്ല, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും പുകവലി കാരണമാകും; അവ എന്തൊക്കെ?

Smoking | അർബുദം മാത്രമല്ല, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും പുകവലി കാരണമാകും; അവ എന്തൊക്കെ?

പുകവലി യഥാർത്ഥത്തിൽ കാൻസർ എന്ന മഹാ വിപത്തിനേക്കാൾ ദോഷകരമായ പല പ്രത്യാഘാതങ്ങളും ശരീരത്തിൽ ഉണ്ടാക്കിയേക്കും

 • Share this:
  തീയേറ്ററിൽ സിനിമ (Cinema) പ്രദർശിപ്പിക്കാൻ ആരംഭിക്കുന്നതിനു മുൻപ് പുകയില വിരുദ്ധ പരസ്യങ്ങൾ (anti-tobacco advertisements) സ്ഥിരമായി ഉണ്ടാകാറുണ്ട്. പുകവലി (Smoking) ആരോഗ്യത്തിന് ഹാനികരമാണെന്നും പുകവലി ക്യാൻസറിന് (Cancer) കാരണമാകുമെന്നും ഈ പരസ്യങ്ങൾ നമ്മളോട് പറയുന്നു. പുകവലി യഥാർത്ഥത്തിൽ കാൻസർ എന്ന മഹാ വിപത്തിനേക്കാൾ ദോഷകരമായ പല പ്രത്യാഘാതങ്ങളും ശരീരത്തിൽ ഉണ്ടാക്കിയേക്കും.

  കാൻസർ വരുമെന്ന ഒരേയൊരു കാരണം കൊണ്ട് മാത്രമല്ല പുകവലി ഉപേക്ഷിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നത്. ജീവിതശൈലിയിലെ മാറ്റത്തിന്റെ ഫലമായി പുകവലി ജനങ്ങൾക്കിടയിൽ ഒരു പ്രധാന ദുശീലമായി മാറികഴിഞ്ഞു. ഇത് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുക അപകടകരമായ നിരവധി പ്രത്യാഘാതങ്ങളാണ്.

  സിനിമ ഒരു ജനപ്രിയ മാധ്യമമാണെങ്കിൽ കൂടി സിനിമയ്ക്ക് മുൻപുള്ള ഈ നിർബന്ധിത മുന്നറിയിപ്പ് പരസ്യങ്ങൾ പുകയില ഉത്പന്നങ്ങളോടുള്ള ഭയം ജനിപ്പിക്കാൻ പോന്നവയായി മാറിയിട്ടില്ല എന്നതാണ് സത്യം. കാരണം നിലവിൽ ലോകമെമ്പാടുമുള്ള മുതിർന്നവരിൽ 19% പേർ പുകയില ഉപയോഗിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

  സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗം, മദ്യത്തിന്റെ ഉപയോഗം,
  മോട്ടോർ വാഹന അപകടങ്ങൾ, ആയുധം കൊണ്ടുള്ള ആക്രമണങ്ങൾ എന്നീ കാരണങ്ങൾ മൂലം ഉണ്ടാകുന്ന മരണങ്ങളെക്കാൾ കൂടുതൽ മരണങ്ങൾ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്നുണ്ട്.

  ഓരോ വർഷവും അമേരിക്കയിൽ 480,000ലധികം മരണങ്ങൾ സംഭവിക്കുന്നത് പുകവലി കാരണമാണ്. ലോകാരോഗ്യ സംഘടന (WHO) യുടെ 2021ലെ കണക്ക് പ്രകാരം ലോകം ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിലൊന്നാണ് പുകവലി അല്ലെങ്കിൽ പുകയില ഉപയോഗം. പുകവലി ക്യാൻസറിന് കാരണമാകുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇത് ശരീരത്തിന്റെ ഏതൊക്കെ അവയവങ്ങളെ ബാധിക്കുമെന്നും മറ്റെന്തെല്ലാം അസുഖങ്ങൾക്ക് കാരണമാകുമെന്നും എല്ലാവർക്കും അറിവുണ്ടായിരിക്കില്ല. പുകവലി ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളെ ബാധിക്കുമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പട്ടികപ്പെടുത്തിയിട്ടുണ്ട്.

  • മൂത്രസഞ്ചി

  • രക്തം (അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ)

  • സെർവിക്സ്

  • വൻകുടലും മലാശയവും (വൻകുടൽ)

  • അന്നനാളം

  • വൃക്കയും മൂത്രനാളിയും

  • ശ്വാസനാളം

  • കരൾ

  • ഓറോഫറിൻക്സ്

  • പാൻക്രിയാസ്

  • ആമാശയം

  • ശ്വാസനാളം, ബ്രോങ്കസ്, ശ്വാസകോശം


  ഗർഭിണികളായ സ്ത്രീകളെയും പുകവലി വളരെയധികം ബാധിക്കുന്നുണ്ട്. പുകവലിക്കുന്ന സ്ത്രീകൾക്ക് ഗർഭം ധരിക്കാനുള്ള സാധ്യത കുറയുന്നു. മാത്രമല്ല പലപ്പോഴും എക്ടോപിക് ഗർഭാവസ്ഥയിലേക്ക് പുകവലി സ്ത്രീകളെ നയിക്കുന്നു. ബീജസങ്കലനം ചെയ്ത അണ്ഡം ഫാലോപ്യൻ ട്യൂബിൽ വളരുന്ന അവസ്ഥയാണ് എക്ടോപിക് ഗർഭധാരണം. ഇത് അമ്മയുടെ ജീവന് തന്നെ ഭീഷണിയായേക്കാം. എക്ടോപിക് ഗർഭധാരണം സംഭവിച്ചാൽ ഫാലോപ്യൻ ട്യൂബുകൾ പൊട്ടിപോകാനാണ് കൂടുതലും സാധ്യത. ഇത് അണുബാധയ്ക്കും അമിതമായ ആന്തരിക രക്തസ്രാവത്തിനും അതിലൂടെ മരണത്തിനു വരെയും കാരണമായേക്കാം.

  സാധാരണ രീതിയിലുള്ള ഗർഭം ധരിച്ചാൽ തന്നെ പുകവലി ജനനത്തിനു മുമ്പും ശേഷവും ഉള്ള കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി സിഡിസി വ്യക്തമാകുന്നു. പുകവലി കൊണ്ട് ഗർഭിണികളായ സ്ത്രീകളിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ ഇവയാണ്:

  • പ്രസവത്തിൽ കുഞ്ഞിന്റെ മരണം

  • എക്ടോപിക് ഗർഭാവസ്ഥ

  • മാസം തികയാതെയുള്ള പ്രസവം

  • ജനിച്ച ഉടനെയുള്ള കുഞ്ഞുങ്ങളുടെ മരണം (SIDS)

  • ശിശുക്കളിൽ ഓറോഫേഷ്യൽ അവസ്ഥ


  പുകവലിക്കുന്നത് ഹൃദയാഘാതത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നും സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. പുകവലി ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗങ്ങൾക്ക് കാരണമാകുകയും ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പുകവലിക്കുമ്പോൾ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയാനിടയാകും.

  ഇത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കുന്നു. ശരീരത്തിന്റെ പ്രവർത്തങ്ങൾക്കും തലച്ചോറിനും ആവശ്യമായ ഓക്സിജൻ നല്കാൻ ഹൃദയം കഠിനമായി പ്രവർത്തിക്കേണ്ട അവസ്ഥ ഇതിലൂടെ ഉണ്ടാകും. ഹൃദയത്തിനു തകരാറുകൾ സംഭവിച്ചാൽ അത് ശരീരത്തിന്റെ പൊതുവായ എല്ലാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതിന് ഒപ്പം മരണത്തിനു വരെ കാരണമാകും.

  പുകവലി എങ്ങനെയാണു ചർമ്മത്തിന് ദോഷകരമായി ബാധിക്കുകയെന്ന് നോക്കാം. സ്ഥിരമായി പുകവലിക്കുന്ന ഒരു വ്യക്തിയെ സാധാരണയായി ചർമത്തിലുണ്ടാകുന്ന വിവിധ ലക്ഷണങ്ങളിലൂടെ മറ്റുള്ളവർക്ക് എളുപ്പം മനസിലാക്കാൻ സാധിക്കുന്നു. കാരണം പുകവലി ശീലമാക്കിയ ഒരാളുടെ നാവ്, ചുണ്ട് എന്നിവ വളരെയധികം കറുത്തതായി കാണപ്പെടും. കൂടാതെ വിരലുകളിലും നഖങ്ങളിലും മഞ്ഞ നിറം ഉണ്ടാകുന്നു.

  ഒപ്പം പല്ലുകളുടെ നിറവ്യത്യാസവും പുകവലിക്കുമ്പോൾ സാധാരണയായി കണ്ടു വരുന്ന ഒരു കാര്യമാണ്. കൂടാതെ പുകവലിക്കുന്നവരുടെ ചർമ്മം വരണ്ടതായി മാറും ഒപ്പം മുഖത്ത് ആഴത്തിലുണ്ടാകുന്ന ചുളിവുകൾ, കണ്ണുകളിലെ അമിത ക്ഷീണം എന്നിവ പുകവലിയുടെ ദീർഘകാല പ്രത്യാഘാതങ്ങളാണ് എന്ന് അമേരിക്കൻ ഓസ്റ്റിയോപതിക് കോളേജ് ഓഫ് ഡെർമറ്റോളജിയുടെ (AOCD) പഠനങ്ങൾ പറയുന്നു. പാമോപ്ലാന്റാർ പുസ്റ്റുലോസിസ്, സോറിയാസിസ്, ഹൈഡ്രാഡെനിറ്റിസ് സപ്പുറേറ്റിവ, സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസ്, വിവിധ വാസ്കുലർ, ഓറൽ രോഗങ്ങൾ തുടങ്ങി നിരവധി ത്വക്ക് രോഗങ്ങളും മൂർദ്ധന്യാവസ്ഥയിലേക്ക് എത്തിക്കാൻ പുകവലിക്ക് കഴിയുന്നതായി അമേരിക്കൻ ഓസ്റ്റിയോപതിക് കോളേജ് ഓഫ് ഡെർമറ്റോളജി അവരുടെ പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

  ശ്വാസകോശ സംബന്ധമായ നിരവധി പ്രശ്നങ്ങളും പുകവലി കാരണം ഉണ്ടാകുന്നു. അവയിൽ ഒന്നാണ് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി). ഇതിൽ എംഫിസെമയും ക്രോണിക് ബ്രോങ്കൈറ്റിസും ഉൾപ്പെടുന്നു. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റിപ്പോർട്ട് അനുസരിച്ച് പുകവലി മൂലമുണ്ടാകുന്ന അസുഖങ്ങൾ നിരവധിയാണ്. അവയിൽ ചിലതാണ് ഇവ:

  • പല്ലിന്റെ ആരോഗ്യം നഷ്ടമാകും

  • കണ്ണുകളിൽ തിമിര സാധ്യത വർദ്ധിപ്പിക്കുന്നു

  • ടൈപ്പ് 2 പ്രമേഹത്തിനു കാരണമാകുന്നു

  • രോഗപ്രതിരോധ പ്രവർത്തനം മന്ദഗതിയിലാക്കുന്നു

  • റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ കാരണമാകുന്നു


  പുകവലി ഒഴിവാക്കേണ്ടതിന്റെ കാരണം ക്യാൻസർ വരും എന്നതുകൊണ്ട് മാത്രമല്ല. ഇത്തരത്തിലുള്ള നിരവധി രോഗാവസ്ഥകളിലേക്ക് എത്തിച്ചേരും എന്നുള്ളതുകൊണ്ട് കൂടിയാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
  First published: