നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Covid 19 | കോവിഡ് 19 വൃക്കകളെ ബാധിക്കുന്നു; കോശങ്ങളിൽ കേടുപാടുകളും ഉണ്ടാക്കുന്നുവെന്ന് പഠനം

  Covid 19 | കോവിഡ് 19 വൃക്കകളെ ബാധിക്കുന്നു; കോശങ്ങളിൽ കേടുപാടുകളും ഉണ്ടാക്കുന്നുവെന്ന് പഠനം

  കോവിഡ് 19ന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസ് വൃക്കകളെ ബാധിക്കുകയും കോശങ്ങളില്‍ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നതായി ഗവേഷകരുടെ അന്താരാഷ്ട്ര സംഘം

  • Share this:
   കോവിഡ് 19ന് (Covid 19) കാരണമാകുന്ന സാര്‍സ് കോവ്-2 (SARS-CoV-2) വൈറസ് വൃക്കകളെ (Kidney) ബാധിക്കുകയും കോശങ്ങളില്‍ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നതായി ഗവേഷകരുടെ (Researchers) അന്താരാഷ്ട്ര സംഘം. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഗവേഷകർ തെളിയിച്ചു. കിഡ്‌നി ഫൈബ്രോസിസ് വൃക്കയിൽ പരിക്ക് പറ്റുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ്.

   കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ ഗുരുതരമായ തകരാറുകള്‍ ഉണ്ടാക്കുന്നുണ്ട്. ചിലപ്പോള്‍ വൃക്കകളിൽ അണുബാധയുണ്ടായേക്കാം. എന്നാല്‍ ഈ അണുബാധയുടെ ഫലമായി വൃക്കയില്‍ കൃത്യമായി സംഭവിക്കുന്നത് എന്താണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

   ജര്‍മ്മനിയിലെ ആര്‍ഡബ്ല്യുടിഎച്ച് യുണിക്ലിനിക് ആഷന്‍, നെതര്‍ലന്‍ഡ്സിലെ റാഡ്ബൗഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് -19 രോഗികളുടെ വൃക്കയിലെ കോശങ്ങള്‍ പരിശോധിക്കുകയുണ്ടായി. കോവിഡിന്റെ ഭാഗമല്ലാത്ത ശ്വാസകോശ അണുബാധയുള്ള രോഗികളുമായി താരതമ്യപ്പെടുത്തിയപ്പോള്‍ കോവിഡ് രോഗികളുടെ കോശങ്ങളില്‍ കേടുപാടുകൾ ഉണ്ടായതായി കണ്ടെത്തി. 'സെല്‍ സ്‌റ്റെം സെല്‍' (Cell Stem Cell) എന്ന ജേർണലിലാണ് ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.

   അടുത്ത ഘട്ടത്തിൽ വൃക്കയുടെ തകരാറിന്റെ കാരണം കണ്ടെത്തുന്നതിനും ഇത് വൈറസിന്റെ നേരിട്ടുള്ള പ്രവർത്തനത്തിന്റെ ഫലമാണോ എന്ന് മനസിലാക്കുന്നതിനും ഓര്‍ഗനോയിഡുകള്‍ എന്ന് വിളിക്കുന്ന മിനി കിഡ്‌നികള്‍ ഗവേഷക സംഘം ലാബിൽ വികസിപ്പിച്ചു. കിഡ്നി ഓര്‍ഗനോയിഡുകള്‍ വികസിപ്പിച്ചെടുത്തത് സ്റ്റെം സെല്ലുകളില്‍ നിന്നാണ്. പ്രതിരോധ കോശങ്ങള്‍ ഒഴികെയുള്ള, വൃക്കയിലെ നിരവധി കോശങ്ങൾ അതില്‍ ഉള്‍പ്പെട്ടിരുന്നു. ഗവേഷകർ കിഡ്നി ഓര്‍ഗനോയിഡുകളിൽ സാര്‍സ്-കോവ്-2 അണുബാധ ഉണ്ടാക്കുകയും അതിലൂടെ വൃക്കയിലെ കോശങ്ങളില്‍ വൈറസിന്റെ നേരിട്ടുള്ള സ്വാധീനം എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുകയും ചെയ്തു.

   കോവിഡ് 19 രോഗികളുടെ കോശങ്ങളിലെന്ന പോലെ കിഡ്‌നി ഓര്‍ഗനോയിഡുകളിലും കേടുപാടുകൾ ഉണ്ടാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. രോഗം ബാധിച്ച കിഡ്‌നി ഓർഗനോയിഡുകള്‍ തെളിയിക്കുന്നത് വൈറസ് കോശങ്ങള്‍ക്ക് നേരിട്ട് കേടുപാടുകള്‍ വരുത്തുന്നുവെന്നാണ്. ഈ പഠനത്തിലൂടെ കൊറോണ വൈറസ് ശരീരത്തില്‍ ഉണ്ടാക്കുന്ന ദോഷകരമായ ഫലങ്ങൾ എന്തൊക്കെയാണെന്ന് തങ്ങള്‍ കണ്ടെത്തിയെന്ന് റാഡ്ബൗഡില്‍ നിന്നുള്ള ഗവേഷകനായ ജിറ്റ്‌സ്‌കെ ജാന്‍സെന്‍ പറഞ്ഞു.

   ''ഞങ്ങളുടെ പഠനം കോവിഡ് 19 രോഗബാധ വൃക്കകളിൽ കേടുപാടുകൾ ഉണ്ടാക്കുന്നുവെന്ന് തെളിയിക്കുന്നു. കൊറോണ വൈറസ് വൃക്കകളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതിന് കാരണമാകുന്നുവെന്ന് മറ്റു പഠനങ്ങൾ കാണിച്ചിട്ടുണ്ട്. അതിനുള്ള വിശദീകരണമാണ് ഞങ്ങളുടെ പഠനം നൽകുന്നത്'', ആര്‍ഡബ്ല്യുടിഎച്ചില്‍ നിന്നുള്ള കാതറീന റെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

   മുന്‍പ്, വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തില്‍ കോവിഡ് വൈറസിന് മനുഷ്യന്റെ വൃക്കയിലെ കോശങ്ങളെ നേരിട്ട് ആക്രമിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.
   Published by:Karthika M
   First published:
   )}