ഇന്ത്യയില്‍ 12-14 വയസ്സുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് (Covid Vaccination) ആരംഭിച്ചിരിക്കുകയാണ്. ലോകമെമ്പാടും കോവിഡ് 19ന്റെ (Covid 19) പുതിയ വകഭേദങ്ങളുടെ വ്യാപനം തുടരുകയും എന്നാൽ സ്കൂളുകള്‍ വീണ്ടും തുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ മാതാപിതാക്കള്‍ക്ക് ഇത് കുറച്ച് ആശ്വാസം പകരുന്നുണ്ട്. എന്നാൽ ഒന്നിലധികം വാക്സിനുകള്‍ ചേർന്ന് കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തിൽ അമിതമായ സമ്മർദ്ദം ചെലുത്തുമോ എന്ന ആശങ്ക നിലവിലുണ്ട്. പക്ഷേ, കുട്ടികള്‍ ദിവസേന നൂറുകണക്കിന് രോഗാണുക്കളുമായി സമ്പർക്കത്തിൽ വരുന്നുണ്ടെന്ന വസ്തുത ആരും മറക്കരുത്. ഏതൊരു വാക്സിനേയും അപേക്ഷിച്ച്,സാധാരണ ജലദോഷമോ തൊണ്ടവേദനയോ കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ അമിത സമ്മർദ്ദം ചെലുത്തുന്നുണ്ട്. വാക്സിനേക്കാള്‍ വാക്സിനേഷനിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗമാണ് കുട്ടികളിൽ അപകടസാധ്യത വർദ്ധിപ്പിക്കുക.
എല്ലാ വാക്സിനുകളും പൊതുജനങ്ങള്‍ക്കായി അംഗീകരിക്കപ്പെടുന്നതിന് മുമ്പ് കര്‍ശനമായ സുരക്ഷാ പരിശോധനയിലൂടെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെയും കടന്നുപോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കണം. ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി ഉറപ്പു വരുത്തിയതിന് ശേഷമേ ഏതൊരു വാക്സിനും ജനങ്ങളിൽ കുത്തിവെയ്ക്കാൻ തുടങ്ങുകയുള്ളൂ. കുട്ടിയ്ക്ക് പനി ഇല്ലാത്തപക്ഷം കുത്തിവെയ്പ് എടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ രക്ഷിതാക്കള്‍ക്ക് നിർദ്ദേശം നൽകുന്നു.
രോഗബാധിതരായ ആളുകള്‍ക്ക് വാക്സിനേഷന് നല്‍കുന്നതാണ് കോവിഡ് വ്യാപനം ചെറുക്കാനുള്ള ഏക മാര്‍ഗമെന്നാണ് ഫോര്‍ട്ടിസ് ഹോസ്പിറ്റലുകളിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് മേധാവി ഡോ യോഗേഷ് കുമാര്‍ ഗുപ്ത പറയുന്നത്. നമുക്ക് വാക്സിന് മുഖേന പ്രതിരോധശേഷി ലഭിച്ചു കഴിഞ്ഞാല്‍ അത് ആവര്‍ത്തിച്ചുള്ളതോ ഗുരുതരമായതോ ആയ കോവിഡ് അണുബാധയെ തടയുമെന്നും അദ്ദേഹം പറഞ്ഞു.
Also read-
Nutrients | കുട്ടികൾക്ക് നിർബന്ധമായും ദിവസവും ലഭിക്കേണ്ട 6 തരം പോഷകങ്ങൾ
വൈറല്‍ അണുബാധയോ പനിയോ ഉള്ള കുട്ടികള്‍ വാക്സിനേഷന് എടുക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ ആഴ്ച കാത്തിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിർദ്ദേശിക്കുന്നു. കുട്ടി രക്തം കട്ട പിടിക്കാതിരിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അവരുടെ ശിശുരോഗ വിദഗ്ധനുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്തതിന് ശേഷം വേണം വാക്സിനേഷന്റെ കാര്യത്തിൽ തീരുമാനമെടുക്കാനെന്നും ഗുപ്ത പറയുന്നു. വാക്സിൻ സ്വീകരിച്ച കുട്ടികളിൽ ചെറിയ പനിയും ഇന്‍ഫ്ലുവന്‍സ പോലുള്ള ലക്ഷണങ്ങളും കുത്തിവെയ്പ്പ് എടുത്ത സ്ഥലത്ത് വേദനയും അനുഭവപ്പെട്ടേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. വാക്സിനോടുള്ള പ്രതികരണമെന്നോണം തലകറക്കം അല്ലെങ്കില്‍ അനാഫൈലക്സിസ് (അലര്‍ജി) എന്നീ അസ്വാഭാവിക ലക്ഷണങ്ങൾ ഉണ്ടായേക്കാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Also Read-
മികച്ച ദാമ്പത്യജീവിതവും പങ്കാളിയുടെ സന്തോഷവും തമ്മിലുള്ള ബന്ധം; സ്ത്രീകൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
''എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ കുത്തി വെയ്പ്പ് നല്കാന് നിരവധി മാസങ്ങള്‍ എടുത്തേക്കും. കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാകാൻ ചിലപ്പോള്‍ ഒരു വര്‍ഷത്തിലേറെ സമയം എടുത്തേക്കാം'', സിംബയോസിസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനും നിയോനറ്റോളജിസ്റ്റുമായ ഡോ വൈദേഹി ദണ്ഡേ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.