പുകവലിയും മദ്യപാനവും ഉപേക്ഷിച്ചാല്‍ ചെറുപ്പമാകാം
അമിതമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരുടെ ആന്തരികാവയവങ്ങളും ചര്‍മ്മവും അതിവേഗം പഴക്കമാകുന്നതായാണ് പഠനം വ്യക്തമാക്കുന്നത്.
മദ്യപാനവും പുകവലിയും ഉപേക്ഷിച്ചാല്‍ കൂടുതല്‍ ചെറുപ്പമാകാനും ഊര്‍ജസ്വലത കൈവരിക്കാനും സാധിക്കുമെന്ന് പുതിയ പഠനം. ജേര്‍ണല്‍ ഓഫ് എപിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. അമിതമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരുടെ ആന്തരികാവയവങ്ങളും ചര്‍മ്മവും അതിവേഗം പഴക്കമാകുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. അതേസമയം വളരെ കുറഞ്ഞ അളവില്‍ മാത്രം മദ്യപിക്കുന്നവരില്‍ ഇത്തരമൊരു പ്രശ്നമുണ്ടാകുന്നില്ലെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡെന്മാര്ക്കിലെ 11500 പേരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇവരുടെ ഹൃദയം ഉള്‍പ്പടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമതയും ചര്‍മ്മത്തിലെ കോശങ്ങള്‍ പ്രായമേറുന്നതുമാണ് പഠനവിധേയമാക്കിയത്. പതിനൊന്നര വര്‍ഷംകൊണ്ടാണ് ഇത്രയും പേരുടെ ആരോഗ്യറിപ്പോര്‍ട്ട് വിശകലനം ചെയ്തു പഠനം നടത്തിയത്. അമിതമായ മദ്യപാനവും പുകവലിയും പ്രായമേറുന്നതിനൊപ്പം, ഹൃദയാരോഗ്യം അപകടത്തിലാക്കുകയും അതുവഴി മരണം വരെ സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അമിതമായ അളവില്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവര്‍ ഇത് ഉപേക്ഷിക്കുമ്പോള്‍ ആന്തരികാവയവങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചര്‍മ്മകോശങ്ങള്‍ നല്ലരീതിയില്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നതായും പഠനത്തില്‍ വ്യക്തമായി.
Loading...