• HOME
 • »
 • NEWS
 • »
 • life
 • »
 • Depression | ഒരുപാട് നേരം ഇരിക്കുന്നവരില്‍ വിഷാദരോഗവും ഉത്കണ്ഠയും സാധാരണമെന്ന് പഠനം

Depression | ഒരുപാട് നേരം ഇരിക്കുന്നവരില്‍ വിഷാദരോഗവും ഉത്കണ്ഠയും സാധാരണമെന്ന് പഠനം

ദീര്‍ഘനേരം ഇരിക്കുന്നവരില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കോവിഡ് 19 ലോക്ക്ഡൗണ്‍ (Covid Lockdown) സമയത്ത് അതിജീവിക്കാന്‍ സാങ്കേതിക മുന്നേറ്റങ്ങള്‍ ലോകജനതയെ സഹായിച്ചിരിക്കാം. പക്ഷെ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം നിരവധി വ്യക്തികള്‍ അവരുടെ ഉദാസീനമായ ജീവിതശൈലിയുടെ ഫലമായി മടിച്ചിരിക്കാന്‍ ആഗ്രഹിക്കുകയാണെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. പഠനത്തില്‍ കണ്ടെത്തിയതനുസരിച്ച്, 2020 ഏപ്രിലിനും ജൂണിനുമിടയില്‍ ദീര്‍ഘനേരം ഇരിക്കുന്നവരില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

  ''കോവിഡ് നമ്മുടെ പെരുമാറ്റത്തെ ബാധിക്കുമെന്ന് നമുക്ക് തന്നെ അറിയാമായിരുന്നു'' എന്ന് അയോവ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിന് നേതൃത്വം നൽകിയ ജേക്കബ് മേയര്‍ പറഞ്ഞു. ലോക്ക്ഡൗൺ സമയം ആളുകളുടെ ചിന്തകളെയും വികാരങ്ങളെയും ലോകത്തെക്കുറിച്ചുള്ള ധാരണകളെയും എങ്ങനെ സ്വാധീനിച്ചുവെന്ന് മനസിലാക്കാൻ സംഘടിപ്പിച്ചരണ്ട് ഗവേഷണങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു.

  ഏറ്റവും പുതിയ ഈ കണ്ടെത്തലുകള്‍ ഫ്രണ്ടിയേഴ്‌സ് ഇന്‍ സൈക്യാട്രിയിലായിരുന്നു പ്രസിദ്ധീകരിച്ചത്. യുഎസിലെ 50 സംസ്ഥാനങ്ങളില്‍ നിന്നുള്ള 3,000 ത്തിലധികം സന്നദ്ധപ്രവര്‍ത്തകർ പഠനത്തിന്റെ പൂര്‍ത്തീകരണത്തിൽ പങ്കാളികളായി. മഹാമാരിക്ക് മുമ്പ് ആഴ്ചയില്‍ 2.5 മുതല്‍ 5 മണിക്കൂര്‍ വരെ മിതമായതും തീവ്രവുമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവരുടെ ശാരീരിക പ്രവർത്തനങ്ങളിൽ കോവിഡ് സംബന്ധമായ നിയന്ത്രണങ്ങള്‍ വന്നതിന് തൊട്ടുപിന്നാലെ 32% കുറവുണ്ടായതായി പഠനം കണ്ടെത്തി.

  ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്തില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം, പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗംപേരും വിഷാദവും ഉത്കണ്ഠയും ഒറ്റപ്പെടലും അനുഭവിച്ചതായി പരാമര്‍ശിക്കുന്നു.

  ഒരു വ്യക്തിയുടെ ഉദാസീനമായ പെരുമാറ്റങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍, അവരുടെ മാനസികാരോഗ്യ നില എന്നിവ തമ്മിലുള്ള ബന്ധം നിര്‍ണ്ണയിക്കാനാണ് ജേക്കബ് മേയറും സഹപ്രവര്‍ത്തകരും (യൂണിവേഴ്‌സിറ്റീസ് വെല്‍ബീയിംഗ് ആന്‍ഡ് എക്‌സര്‍സൈസ് ലബോറട്ടറി) ചേർന്ന് ഈ പഠനം നടത്തിയത്.

  പഠനത്തില്‍ പങ്കെടുത്തവരോട് വ്യായാമം, സ്‌ക്രീന്‍ സമയം, കസേരയിൽ ഇരിക്കുക തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങൾക്കായി എത്ര സമയം ചെലവഴിച്ചു എന്നതുൾപ്പെടെയുള്ള ചോദ്യങ്ങള്‍ നിറഞ്ഞ ഒരു സര്‍വേ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു. പങ്കെടുക്കുന്നവരോട് പഠനത്തിന്റെ ഭാഗമായി അവരുടെ നിലവിലെ ശീലങ്ങളെ കോവിഡ് മഹാമാരിയ്ക്ക് മുമ്പുള്ള അവസ്ഥയിൽനിന്ന് വേര്‍തിരിച്ച് പറയാനും ആവശ്യപ്പെട്ടിരുന്നു.

  ഒരുപാട് നേരം ഇരിക്കുന്നവരില്‍ വിഷാദം, ഉത്കണ്ഠ എന്നിവ കാണുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയെങ്കിലും ഇരിക്കുന്നത് വിഷാദത്തിന് കാരണമാകുമെന്ന് അത് അര്‍ത്ഥമാക്കുന്നില്ലെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ വിഷാദമുള്ളവര്‍ കൂടുതല്‍ ഇരിക്കാറുണ്ടെന്ന് മേയര്‍ അനുമാനിച്ചു, അല്ലെങ്കില്‍ കൂടുതല്‍ ഇരിക്കുന്ന ആളുകള്‍ കൂടുതല്‍ വിഷാദരോഗികളായി മാറി എന്നും കരുതപ്പെടുന്നു. മറ്റ് നിരവധി ഘടകങ്ങളും അതിന് ബാധകമാകുന്നുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
  Published by:Karthika M
  First published: