കൊതുകുകൾ പരത്തുന്ന പനികളാണ് മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവ. ഈയിടെയായി ഈ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗിയുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന രോഗങ്ങളാണിവ.
മലേറിയ അനോഫിലിസ് കൊതുകുകളാണ് പരത്തുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ഈഡിസ് കൊതുകിലൂടെയാണ് പകരുന്നത്.
എന്താണ് ഡെങ്കിപ്പനി?
ഈഡിസ് കൊതുകുകൾ പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് ഡെങ്കിപ്പനി. DEN-1, DEN-2, DEN-3, DEN-4 എന്നിവയാണ് രോഗത്തിന് കാരണമാകുന്ന നാല് പ്രധാന വൈറസുകൾ. ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ പനി എന്നും വിളിക്കാറുണ്ട്. കാരണം ഇത് രോഗികളിൽ എല്ലുകൾ പൊട്ടുന്നത് പോലെയുള്ള കഠിനമായ പേശീ വേദനകൾക്ക് കാരണമാകാറുണ്ട്. ഓരോ വർഷവും ഏകദേശം 400 മില്യൺ പേർ ഡെങ്കിപ്പനി ബാധിതരാകുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് ലോകമെമ്പാടും മരിക്കുന്നവരുടെ എണ്ണം 22,000ലധികമാണ്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പ്രായം അനുസരിച്ച് വ്യത്യാസപ്പെടുന്നു. സാധാരണയായി രോഗബാധിതനായ ഒരു കൊതുക് ഒരാളെ കടിച്ചതിന് ശേഷം 4 മുതൽ 7 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ആരംഭിക്കും. ഡെങ്കിപ്പനി ബാധിക്കുന്നവർക്ക് കണ്ടുവരുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്:
- കടുത്ത പനി, 105ºF വരെ
- കടുത്ത പേശീ സന്ധി വേദന
- കഠിനമായ തലവേദന
- നെഞ്ചിലോ പുറകിലോ വയറിലോ ആരംഭിച്ച് കൈകാലുകളിലേക്കും മുഖത്തേക്കും പടരുന്ന ചുവന്ന പാടുകൾ
- കണ്ണുകൾക്ക് പിന്നിലുണ്ടാകുന്ന വേദന
- ഓക്കാനം, ഛർദ്ദി
- വയറിളക്കം
ഡെങ്കിപ്പനി ചില രോഗികളിൽ ഗുരുതരമാകാറുണ്ട്. ഇത്തരം ഡെങ്കിപ്പനി ജീവന് തന്നെ ഭീഷണിയാകുകയും രോഗത്തിന്റെ ഏറ്റവും തീവ്രമായ അവസ്ഥയായ ഡെങ്കി ഷോക്ക് സിൻഡ്രോമായി മാറുകയും ചെയ്യാറുണ്ട്. താഴെപ്പറയുന്നവയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ.
- തലവേദന
- പനി
- പാടുകൾ
- രക്തസ്രാവം
- ചെറിയ ചുവന്ന പാടുകൾ
- മൂക്കിൽ നിന്നോ മോണയിൽ നിന്നോ ഉള്ള രക്തസ്രാവം
- കറുത്ത മലം
എന്താണ് മലേറിയ?
പ്ലാസ്മോഡിയം എന്ന പരാന്നഭോജി മൂലമുണ്ടാകുന്ന ജീവൻ വരെ അപകടപ്പെടുത്തുന്ന കൊതുകുജന്യ രോഗമാണ് മലേറിയ. രോഗബാധിതരായ പെൺ അനോഫിലിസ് കൊതുകുകൾ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. പരാന്നഭോജികൾ മനുഷ്യരുടെ കരളിൽ പെരുകുകയും ചുവന്ന രക്താണുക്കളെ ബാധിക്കുകയും ചെയ്യുന്നു. എന്നാൽ ഈ അവസ്ഥ ചികിത്സയിലൂടെ ഭേദമാക്കാനാകും.
2019ൽ, ലോകമെമ്പാടും 229 മില്യൺ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 409000ഓളം പേർ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.
മലേറിയയുടെ ലക്ഷണങ്ങൾ
മലേറിയയുടെ ലക്ഷണങ്ങളെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കാം: ഗുരുതരമല്ലാത്ത മലേറിയയും ഗുരുതരമായ മലേറിയയും
ഗുരുതരമല്ലാത്ത മലേറിയയുടെ പ്രധാന രോഗ ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്
- വിറയൽ
- തലവേദന, പനി, ഛർദ്ദി
- ചിലപ്പോൾ അപസ്മാരവും ഉണ്ടായേക്കാം
- അമിതമായ വിയർപ്പും തുടർന്നുണ്ടാകുന്ന ക്ഷീണവും
ഗുരുതരമായ മലേറിയയുടെ ലക്ഷണങ്ങൾ ഇവയാണ്:
- പനിയും വിറയലും
- ബോധക്ഷയം
- ശ്വാസതടസ്സം
- അനീമിയ
- രക്തസ്രാവ ലക്ഷണങ്ങൾ
- അവയവങ്ങളുടെ പ്രവർത്തനങ്ങളിലുണ്ടാകുന്ന വൈകല്യം
- മഞ്ഞപ്പിത്തം
എന്താണ് ചിക്കുൻഗുനിയ?
'ചിക്കൻഗുനിയ' എന്ന വാക്കിന്റെ അർത്ഥം 'കുനിഞ്ഞ് നടക്കുക' എന്നാണ്. പനിയും സന്ധി വേദനയുമാണ് ചിക്കുൻഗുനിയയുടെ പ്രധാന ലക്ഷണങ്ങൾ. "ഈഡിസ് ഈജിപ്തി" എന്ന ഇനം കൊതുകുകകളാണ് പ്രധാനമായും ചിക്കുൻഗുനിയ വൈറസ് പടർത്തുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, പസഫിക്, ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിലാണ് ഈ രോഗം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.
ചിക്കുൻഗുനിയയുടെ ലക്ഷണങ്ങൾ
ചിക്കുൻഗുനിയ രോഗത്തിന്റെ ഇൻക്യുബേഷൻ കാലയളവ് രണ്ട് മുതൽ ആറ് ദിവസം വരെയാണെങ്കിലും, അണുബാധയ്ക്ക് ശേഷം നാല് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.
- കടുത്ത പനി (104 °F). ഇത് സാധാരണയായി രണ്ട് ദിവസം നീണ്ടുനിൽക്കുകയും പെട്ടെന്ന് കുറയുകയും ചെയ്യും
- കൈകാലുകളിലെ തിണർപ്പ്
- ഒന്നിലധികം സന്ധികളെ ബാധിക്കുന്ന സന്ധീ വേദനകൾ (രണ്ടു വർഷത്തോളം നീണ്ടുനിൽക്കാം)
- തലവേദന
- വിശപ്പില്ലായ്മ
ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ എന്നീ രോഗങ്ങളുടെ സമാനതകൾ എന്തൊക്കെയാണ്?
ചിക്കുൻഗുനിയയുടെയും ഡെങ്കിപ്പനിയുടെയും പ്രധാന ലക്ഷണം കടുത്ത പനിയാണ്. കൊതുകുകൾ പരത്തുന്ന വൈറൽ രോഗങ്ങളാണ് ഇവ മൂന്നും. ഇൻകുബേഷൻ കാലയളവും ഏകദേശം സമാനമാണ്.
ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ എന്നിവയുടെ ചികിത്സകൾ തമ്മിലുള്ള വ്യത്യാസം?
അനോഫിലിസ് കൊതുകാണ് മലേറിയയ്ക്ക് കാരണമാകുന്നത്. എന്നാൽ ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും ഉണ്ടാകുന്നത് ഈഡിസ് കൊതുകുകളാണ്. കൂടാതെ, ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും കൊതുക് പരത്തുന്ന വൈറൽ അണുബാധകളാണ്, അതേസമയം മലേറിയ ഉണ്ടാകുന്നത് പ്ലാസ്മോഡിയം എന്നറിയപ്പെടുന്ന പരാന്നഭോജിയാണ്. അതുകൊണ്ട് തന്നെ ഈ രോഗങ്ങളുടെ ചികിത്സാരീതിയും വ്യത്യസ്തമാണ്.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ എന്നിവ തടയുന്നതിനുള്ള മാർഗങ്ങൾ
ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്ന ഈഡിസ് കൊതുകുകൾ പകൽസമയത്താണ് കൂടുതൽ സജീവമായി കാണപ്പെടുന്നത്. എന്നാൽ മലേറിയ പരത്തുന്ന അനോഫിലിസ് കൊതുക് പ്രധാനമായും രാത്രിയിലാണ് സജീവമായിരിക്കും. അതിനാൽ, ഈ രോഗങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം പകലും രാത്രിയും കൊതുക് കടി കൊള്ളാതെ നോക്കുക എന്നതാണ്. മറ്റ് പ്രതിരോധ നടപടികൾ താഴെ പറയുന്നവയാണ്.
- ഡെങ്കിപ്പനി തടയാനുള്ള പ്രതിരോധ നടപടികൾ
നീളമുള്ള കൈ ഉള്ള വസ്ത്രങ്ങളും പാന്റും ധരിച്ച് ശരീരം മൂടുക.
- കൊതുകുകടി തടയാൻ സഹായിക്കുന്ന ഇപിഎ അംഗീകൃത കൊതുകുനിവാരണ മരുന്നുകൾ ഉപയോഗിക്കുക.
- കൊതുകുകൾ അകത്തേക്ക് കടക്കാതിരിക്കാൻ നിങ്ങളുടെ വീടിന്റെയും ഓഫീസിന്റെയും വാതിലുകളും ജനലുകളും അടച്ചിടുക.
- ജനാലകളിൽ കൊതുകു വലകൾ സ്ഥാപിക്കുന്നതും നല്ലതാണ്.
- വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
- ഡെങ്കിപ്പനി തടയാൻ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് സന്ധ്യാസമയത്തും നേരം പുലരുന്ന സമയത്തും പോകുന്നത് ഒഴിവാക്കുക.
ചിക്കുൻഗുനിയ തടയാനുള്ള പ്രതിരോധ നടപടികൾ
- നീളമുള്ള പാന്റും ഫുൾസ്ലീവ് ഷർട്ടും ധരിച്ച് ശരീരം ശരിയായി മറയ്ക്കുക.
- ഇപിഎ അംഗീകൃത കൊതുകുകൾ കടിക്കാതിരിക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുക
- വീടിന്റെയും ഓഫീസിന്റെയും ജനാലകളിലും വാതിലുകളിലും കൊതുകു വലകൾ സ്ഥാപിക്കുക.
- വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുക, കൊതുകുകൾ പെരുകാതിരിക്കാൻ ഇത് സഹായിക്കും.
മലേറിയ തടയാനുള്ള പ്രതിരോധ നടപടികൾ
- കൈകളും കാലുകളും മൂടുന്ന വസ്ത്രം ധരിക്കുക
- ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
- ഈ രോഗങ്ങൾ വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
- കൊതുക് കടിക്കാതിരിക്കാൻ സഹായിക്കുന്ന മരുന്നുകൾ ഉപയോഗിക്കുക
- കൊതുകിനെ അകറ്റാൻ വീടിന്റെ ജനലുകളിലും വാതിലുകളിലും വലകൾ സ്ഥാപിക്കുക.
- കട്ടിലിലും കൊതുക് വലകൾ സ്ഥാപിക്കുക
- ബക്കറ്റുകൾ, പൂച്ചട്ടികൾ, ബാരലുകൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം കളയുക. ഇതുവഴി കൊതുകുകൾക്ക് വളരാൻ കഴിയുന്ന സ്ഥലങ്ങൾ ഇല്ലാതാക്കാം.
- പരിസര പ്രദേശങ്ങൾ മാലിന്യ മുക്തമാക്കുക
മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ മൂന്ന് രോഗങ്ങളും അവയുടെ ലക്ഷണങ്ങൾ അനുസരിച്ച് പ്രാരംഭ ഘട്ടത്തിൽ വേർതിരിച്ചറിയാൻ പ്രയാസമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.