ശാരീരിക അധ്വാനമുള്ള ജോലികൾ ചെയ്യുന്നതിൽ നിന്നും കംപ്യൂട്ടറുകളുടെയും ഫയലുകളുടെയും ലോകത്തേക്ക് ഇന്നത്തെ തലമുറ ചുവട് മാറി കഴിഞ്ഞു. ദീർഘ നേരം ഒരേ ഇരുപ്പിൽ ഇരുന്ന് ജോലികൾ ചെയ്തു തീർക്കുന്നവരാണ് ഏറെയും. ഇങ്ങനെ ഒരു സ്ഥലത്ത് തന്നെ ദീർഘനേരം ഇരുന്നാൽ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് (Health Issues) ഉണ്ടാവുക. പ്രമേഹം (Diabetes), പൊണ്ണത്തടി (Obesity), അർബുദം (Cancer) തുടങ്ങിയ പല രോഗങ്ങൾക്കും ദീർഘനേരം ഇരിക്കുന്നതാണ് കാരണമെന്ന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ കാലിഡോണിയൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ ദീർഘനേരം ഇരിക്കേണ്ടതായി വരുമ്പോൾ ഇരിക്കുന്ന ഓരോ മണിക്കൂറിലും മൂന്ന് മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ ആയുസ്സ് 30 ശതമാനം വർദ്ധിപ്പിക്കാനും കഴിയും. മാത്രമല്ല ആകസ്മികമായി മരണം സംഭവിക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കുമെന്ന് ഗ്ലാസ്ഗോ കാലിഡോണിയൻ സർവകലാശാലയിലെ ഗവേഷകർ പറയുന്നു.
ദീർഘ നേരം ഇരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ഒരു മണിക്കൂർ ഇടവേളകളിൽ ചെയ്യുന്ന വ്യായാമം ദീർഘ നേരം ഇരിക്കുന്നത് കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ ഇല്ലാതാക്കുകയും ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഗ്ലാസ്ഗോ കാലിഡോണിയൻ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. നാല് വർഷമായി നടത്തിയ ഗവേഷണത്തിന്റെ കണ്ടെത്തലുകൾ കഴിഞ്ഞ വർഷം മെയ് മാസത്തിൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. ദീർഘ നേരം ഇരിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മുൻപ് പുറത്തുവന്നിട്ടുള്ള ആറ് ഗവേഷണ പഠനങ്ങളിലെ വിവരങ്ങൾ ഗവേഷകർ ഇതിനായി വിശകലനം ചെയ്തു. യുകെ, യുഎസ്, സ്വീഡൻ എന്നിവിടങ്ങളിലെ 1,30,000ലധികം ആളുകളിലാണ് പഠനം നടത്തിയത്. ദീർഘ നേരം ഇരുന്നു ജോലി ചെയ്യുന്നവർ, വീട്ടുജോലി ചെയ്യുന്നവർ, കായികമായി അധ്വാനിക്കുന്നവർ എന്നിവരിലെ മരണ നിരക്ക് എങ്ങനെയാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ഏഴു മണിക്കൂറിൽ താഴെ തുടർച്ചയായി ഇരിക്കുന്ന വ്യക്തികൾ പ്രതിദിനം 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ, അവരുടെ മരണ സാധ്യത 80 ശതമാനം വരെ കുറയും. എന്നാൽ പ്രതിദിനം 11 മുതൽ 12 മണിക്കൂർ വരെ തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരുടെ മരണ സാധ്യത ഈ മുപ്പതു മിനുട്ട് വ്യായാമം കൊണ്ടുമാത്രം കുറയില്ലെന്നും പഠനത്തിൽ കണ്ടെത്തി. ദീർഘ നേരം ഇരിക്കേണ്ടതായി വരുമ്പോൾ ഓരോ മണിക്കൂർ ഇടവിട്ട് മൂന്ന് മിനിറ്റ് നേരം വ്യായാമം ചെയ്താൽ അകാല മരണത്തിനുള്ള സാധ്യത 30 ശതമാനം കുറയുമെന്ന് ഗവേഷകർ പറയുന്നു. ഒരു മണിക്കൂർ ഇടവിട്ട് നിങ്ങൾക്ക് മൂന്നു മിനിറ്റ് വ്യായാമം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതേ അനുപാതത്തിൽ നിങ്ങൾ ദിവസേന വ്യായാമം ചെയ്യേണ്ടതായി വരും.
Summary: Sitting for long hours can have detrimental effects on a person's health unless they make it a point to exercise for a few minutes in regular intervals
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.