• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

പട പടാ രണ്ടെണ്ണം അടിച്ചാല്‍ എന്തു സംഭവിക്കും? ഒരു ഡോക്ടര്‍ക്ക് പറയാനുള്ളത്

വ്യാജമദ്യവും യാഥാര്‍ഥ മദ്യവും എങ്ങനെയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ശാസ്ത്രീയമായി വിശദീകരിക്കുകയാണ് ഡോ. അഗസ്റ്റസ് മോറിസ്

news18
Updated: July 24, 2019, 6:36 PM IST
പട പടാ രണ്ടെണ്ണം അടിച്ചാല്‍ എന്തു സംഭവിക്കും? ഒരു ഡോക്ടര്‍ക്ക് പറയാനുള്ളത്
news18
 • News18
 • Last Updated: July 24, 2019, 6:36 PM IST IST
 • Share this:
സ്ഥിരം മദ്യപാനികൾക്കു പോലും മദ്യം ശരിക്കും ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെ കുറിച്ച് കാര്യമായി അറിയില്ല. ഈ സാഹചര്യത്തിലാണ് ഡോ. അഗസ്റ്റസ് മോറസിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്. വ്യാജമദ്യവും യാഥാര്‍ഥ മദ്യവും എങ്ങനെയാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ശാസ്ത്രീയമായി വിശദീകരിക്കുന്നു.

'പതിനഞ്ചു മില്ലി മദ്യം , ഇരുപത് മിനിറ്റ് കൊണ്ട് അല്‍പാല്‍പം നുണഞ്ഞു നുണഞ്ഞു കഴിക്കുന്ന സായ്പ് , അതില്‍ ഐസ്‌കട്ടയിട്ട് ആമാശയ രക്തക്കുഴലുകളെ അല്പം ചുരുക്കി, മദ്യത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നു, പതിനഞ്ചിന്റെ ലഹരി നില നിറുത്താന്‍ വീണ്ടും പതിനഞ്ച് ഒഴിക്കുന്നു. മദ്യം എന്നാല്‍ അന്നജത്തിലെ ഊര്‍ജ്ജത്തിന്റെ ഒരു രൂപമാണെന്ന് അറിയാവുന്ന പാശ്ചാത്യര്‍ കുറച്ച് നൃത്തമൊക്കെ ചെയ്ത് ആ ഊര്‍ജ്ജം ചെലവാക്കി കളയുന്നു.'- ഡോക്ടര്‍ പറയുന്നു.

കുറിപ്പ് പൂര്‍ണരൂപത്തില്‍

കണ്ണേ , കരളേ വി എസ്
`````````````````````````````

( 1 ) ഇരകളുടെയും ബന്ധുക്കളുടെയും ആംബുലന്സിന്റെയും നിലവിളി ശബ്ദങ്ങളാൽ മുഖരിതമായ അത്യാഹിതവിഭാഗം . കാഴ്ച കാണാൻ എത്തുന്ന പ്രബുദ്ധ ജനത , പത്ര - ചാനൽ തൊഴിലാളികൾ , കർത്തവ്യ നിരതരായ മെഡിക്കൽ ടീം ആകെ ബഹളമയം ...വിഷമദ്യ ദുരന്തമാണ് രംഗം .ഒരുപാട്പേർക്ക് കാഴ്ച നഷ്ടപ്പെട്ടു , കുറേപ്പേർ മരണത്തോട് മല്ലടിക്കുന്നു . ഇതിനിടെ ഇരകൾക്ക് നൽകുന്ന ചികിസ കണ്ട ചിലർ ഉടൻതന്നെ അടുത്തുള്ള ബാറിൽ പോയി ഒരു ചെറുത് അടിച്ചേച്ച് അത്യാഹിതത്തിലേക്ക് ഓടിവന്നു , എന്നിട്ട് പറഞ്ഞു '' എന്റെ കാഴ്ച പോയേ , ഞാനും വിഷമദ്യം കുടിച്ചേ '' . അവരെയും അകത്തോട്ടെടുത്തു.( 2 ) മദ്യം [ മദമിളക്കുന്നത് ] അഥവാ സോമരസം .രാസനാമം ഈതൈൽ ആൽക്കഹോൾ അഥവാ എഥനോൾ . അകത്തേക്ക് പോകുന്ന മദ്യം രണ്ടു ഘട്ടങ്ങളായി നിർവ്വീര്യമാക്കപ്പെടുന്നു . ആദ്യം എഥനോൾ വിഷ പദാർത്ഥമായ ആൽഡിഹൈഡ് ആയിമാറുന്നു . രണ്ടാമത് ആൽഡിഹൈഡ് ,അമ്ല രൂപത്തിലുള്ള അസെറ്റിക് ആസിഡ് ആയി മാറുന്നു . അതൊടുവിൽ ജലവും കാർബൺ ഡൈ ഓക്സൈഡും ആയി മാറുന്നു . ശുഭം .

( 3 ) ചിലർക്ക് ചെറുത് അടിക്കുമ്പോൾ തന്നെ കിക്കാകും . മറ്റു ചിലർ വാൾ വയ്ക്കും [ ഛർദ്ദിക്കും ] . എന്താണെന്നറിയേണ്ടേ ? മദ്യം എന്ന് പറയുന്നത് കേന്ദ്ര നാഡീ വ്യവസ്ഥയെ തളർത്തുന്ന ഒന്നാണ് . അങ്ങനെയുള്ള മദ്യത്തെ അകത്തുചെന്നാൽ ആദ്യം ആൽഡിഹൈഡ് ആക്കി മാറ്റുന്ന രാസാഗ്നി / ജൈവ ഉൾപ്രേരകം [ alcohol dehydrogenase ] യുടെ പ്രവർത്തനം കുറയുമ്പോൾ , എത്തനോൾ അതേപടി ഉള്ളിൽ കിടക്കും . ചെറുത് അടിച്ചാൽ തന്നെ കിക്കാകും . എന്നാൽ ചിലർ വാള്‍ഡറാമ ആയി മാറുന്നത് എങ്ങനെയെന്നറിയാമോ ? മദ്യം ആദ്യ ഘട്ടത്തിൽ വിഷമയമായ ആൽഡിഹൈഡ് ആയി മാറുന്നു എന്ന് നാം കണ്ടു .രണ്ടാം ഘട്ടത്തിൽ അതുടൻതന്നെ അസെറ്റിക്ആസിഡ് (ഏതാണ്ട് നുമ്മ വിനാഗിരിയുടെ ഗാഢരൂപം ) ആയിമാറുന്നു . ഇതിനു സഹായിക്കുന്ന രാസാഗ്നി aldehyde dehydrogenase ന്റെ പ്രവർത്തനം കുറഞ്ഞാൽ വിഷപദാർത്ഥമായ ആൽഡിഹൈഡ് കെട്ടിക്കിടക്കും .അതിനെ പുറന്തള്ളാൻ ഒരു മാർഗ്ഗമേ ഉള്ളൂ -- ഛർദ്ദിക്കുക . വാൾഡറാമമാർ ഉണ്ടാകുന്നു . മൂത്രോത്പാദനം നിയന്ത്രിക്കുന്ന ADH
ഹോർമോണിന്റെ പ്രവർത്തനം കുറയുന്നതിനാൽ അമിതമായി മൂത്രം
പോകുന്നു , നിർജ്ജലീകരണം ഉണ്ടാകുന്നു .

( 4 ) മദ്യം കൊഴുപ്പിനെ ഉരുക്കിക്കളയുമെന്നും , തദ്വാരാ കൊളസ്‌ട്രോൾ കുറയ്ക്കുമെന്നും ചിലർ ഗാഢമായി വിശ്വസിച്ച് പോരുന്നു .സംഭവിക്കുന്നത് നേരെ തിരിച്ചാണ് . അതുപോലെ കിടക്കപ്പായിൽ മദ്യം ,രതീഷ് എന്ന ഇരട്ടപ്പേര് വിളി ഒഴിവാക്കുമെന്ന് ചിലർ വിശ്വസിക്കുന്നു . ഷേക്സ്പിയർ തന്റെ നാടകത്തിൽ എഴുതിയ ഒരു വാചകം ഇവിടെ ചേർക്കുന്നു ..IT INCREASES THE DESIRE , BUT DECREASES THE PERFORMANCE .. അതായത് താൽപ്പര്യം ഉണ്ടാക്കും ,പക്ഷെ പ്രകടനത്തെ ബാധിക്കും എന്ന് .

( 5 ) ഏറ്റവും വലിയ ഗ്രന്ഥിയായ കരളാണ് മദ്യത്തെ നിർവ്വീര്യം ആകുന്ന ജോലി ചെയ്യേണ്ടത് . ഓക്സിജൻ ശ്ശി ആവശ്യമുള്ള ഒരു പണിയാണത് . പതിനഞ്ചു മില്ലി മദ്യം , ഇരുപത് മിനിറ്റ് കൊണ്ട് അൽപാൽപം നുണഞ്ഞു നുണഞ്ഞു കഴിക്കുന്ന സായ്പ് , അതിൽ ഐസ്കട്ടയിട്ട് ആമാശയ രക്തക്കുഴലുകളെ അല്പം ചുരുക്കി , മദ്യത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നു , പതിനഞ്ചിന്റെ ലഹരി നില നിറുത്താൻ വീണ്ടും പതിനഞ്ച് ഒഴിക്കുന്നു . മദ്യം എന്നാൽ അന്നജത്തിലെ ഊർജ്ജത്തിന്റെ ഒരു രൂപമാണെന്ന് അറിയാവുന്ന പാശ്ചാത്യർ കുറച്ച് നൃത്തമൊക്കെ ചെയ്ത് ആ ഊർജ്ജം ചെലവാക്കി കളയുന്നു . ഇതേസമയം മല്ലു തൊണ്ണൂറ് ഒഴിക്കുന്നു , വെള്ളം ഹാനികരമായതിനാൽ അതൊഴിവാക്കും . നിന്നുകൊണ്ട് ഒറ്റപ്പിടി -- ഇതിനെയാണ് നിൽപ്പനടി എന്ന് പറയുന്നത് .അങ്ങനെ അൽപ സമയത്തിനുള്ളിൽ നാലോ അഞ്ചോ തൊണ്ണൂറ് അകത്താക്കും .കാരണം ഇതടിച്ചിട്ടു വേണം ധാരാവിയിലെ ചേരി ഒഴിപ്പിക്കാൻ . ശേഷം പല്ലു പോലും തേയ്ക്കാതെ , കുളിക്കാതെ കട്ടിലിൽ പോയി വീഴും .

( 6 ) മദ്യം , ഫാറ്റി ആസിഡ് തന്മാത്രകളായി മാറുന്നതിനാൽ , കരളിൽ കൊഴുപ്പടിഞ്ഞ് ഫാറ്റി ലിവർ ഉണ്ടാകുന്നു . അമിത അന്നജം കഴിക്കുന്ന മലയാളിയ്ക്ക് , കൊഴുപ്പായി മാറുന്ന അന്നജവും ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാക്കുന്നു . അത് ഗ്രേഡ് കൂടിക്കൂടി 1, 2, 3 , 4 ഘട്ടങ്ങളിലേക്ക് പോകുന്നു . കരളിലെ കോശങ്ങൾ നശിച്ച് പകരം നാരുകൾ അടിയുന്നു .സിറോസിസ് അഥവാ കരൾവീക്കം ഉണ്ടാകുന്നു . കുറേക്കഴിയുമ്പോൾ കരൾവീക്കം എന്ന പദം ചേരാതാകുന്നു . ഉണക്കത്തേങ്ങ പോലെ കരൾ ശുഷ്‌കിക്കുന്നു . മഹോദരം വന്ന് '' 20 -- 30 '' മാസമായ ഗർഭിണി പോലാകും .വയറ്റീന്ന് വെള്ളം കുത്തിയെടുത്ത് ഡാക്കിട്ടർമാർ കുഴയും.
ആ സമയം കമ്പനിയ്ക്കിരുന്ന് മോന്തിയ ഒരാളും കൂടെയുണ്ടാകില്ല .

( 7 ) സാദാ മദ്യം എത്തനോൾ [ ഈതൈൽ ആൽക്കഹോൾ ] ആണെങ്കിൽ വിഷമദ്യം മെഥനോൾ [ മീതൈൽ ആൽക്കഹോൾ ] ആണ് . മെഥനോൾ ഉള്ളിൽച്ചെന്നാൽ ഉപാപചയ പ്രവർത്തനത്തിന് വിധേയമായി ഉണ്ടാകുന്ന formaldehyde , formic acid & formate കാഴ്ച സാധ്യമാക്കുന്ന ദൃക് നാഡി ( optic nerve ) നെ ബാധിക്കുന്നതിനാൽ കാഴ്ച പോകും . ഉയർന്നഅളവ് മരണത്തിനു കാരണമാകുന്നു .അവിടെ ചികിത്സയായി നൽകുന്നത് എത്തനോൾ ( സാദാ മദ്യം ) ആണ് . സാദാ മദ്യം , വിഷ മദ്യത്തെ ശരീരത്തിൽ നിന്നും തുരത്തുന്നു . ഇത് കാണുന്ന ചിലർ ഫ്രീയായി മദ്യം കിട്ടാൻ '' എന്റെ കാഴ്ചയും പോയേ '' എന്ന് നിലവിളിച്ച് കൊണ്ട് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കേറും . ഓസിനു കിട്ടിയാൽ ആസിഡും ...ന്ന മല്ലുവിനോടാണോ ബാലാ .

NB -- മരുഭൂമിയിൽ ചോരയും നീരും ദിർഹമാക്കി മാറ്റി , നാട്ടിലേക്ക് പോകാൻ നേരം ദുഫായ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ എന്തെന്നില്ലാത്ത മര്യാദ പാലിച്ച് , ഒടുക്കത്തെ വില കൊടുത്ത് രണ്ടോ മൂന്നോ കുപ്പി മദ്യം വാങ്ങികൊണ്ടു പോകുന്ന മനുഷ്യരുണ്ട് . അവർ ഒരു പ്രത്യേക ദേശത്തു നിന്നും [ ദേശം നമ്പർ വൺ ] വരുന്നവരാ . സ്വന്തം സ്ഥലത്ത് കിട്ടുന്ന മദ്യത്തിന്റെ ഗുണം കൊണ്ടാണോ എന്നറിയില്ല , വിദേശി വാങ്ങി , ഭദ്രമായി വിമാനത്തിന്റെ മേലറയിൽ വച്ച് അവരിങ്ങനെ കൊണ്ടുവരും . ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിൽക്കുമ്പോൾ നിശബ്ദമായി അവർ വിളിക്കുന്ന ഒരു മുദ്രാവാക്യമുണ്ട് . തങ്ങളുടെ ആന്തരികാവയവങ്ങളെ ഓർത്ത് അവരിങ്ങനെ വിളിക്കും
'' കണ്ണേ കരളേ വി എസ് ഓ പി ,
കണ്ണേ കരളേ വി എസ് ഓ പി ''.

Also Read 'അമ്പമ്പോ.. എന്തൊരു ചെലവ്'; ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ വിദേശമദ്യത്തിന് ചെലവിടുന്നത് 20 കോടി

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍