• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

കൗമാരക്കാരില്‍ ലൈംഗിക അരാജകത്വം?

അനുവദനീയമല്ലാത്തത് കട്ടുതിന്നുക എന്ന സൈക്കോളജിയാണ് ഇതിന് പിന്നില്‍

news18
Updated: April 16, 2018, 6:22 PM IST
കൗമാരക്കാരില്‍ ലൈംഗിക അരാജകത്വം?
അനുവദനീയമല്ലാത്തത് കട്ടുതിന്നുക എന്ന സൈക്കോളജിയാണ് ഇതിന് പിന്നില്‍
news18
Updated: April 16, 2018, 6:22 PM IST
 

ആലപ്പുഴയിലെ ആഭാസക്കുടകള്‍ എന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. പൊതുസ്ഥലത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പരസ്യ ലൈംഗിക പ്രകടനങ്ങളെ നേരിട്ട് കണ്ട ഒരു കൗണ്‍സിലറുടെ ഈ കുറിപ്പ് വൈറലായത് സോഷ്യല്‍ മീഡിയയെ ഇരുവിഭാഗങ്ങളിലായി ഭിന്നിപ്പിച്ചു കൊണ്ടായിരുന്നു. സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോട്ടം, സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ വാദങ്ങള്‍ ഒരു വശത്തും ന്യൂജനറേഷന്‍ കുട്ടികളുടെ തോന്ന്യാസവും അച്ചടക്കമില്ലായ്മയുമെന്നും മറുവശവും വാദിച്ചു. എന്നാല്‍ വാദപ്രതിവാദങ്ങള്‍ക്കിടയിലും ചര്‍ച്ചചെയ്യാന്‍ വിട്ടുപോയ ഒരു വിഷയമുണ്ട്. ഇതുപോലെയുള്ള സംഭവങ്ങളില്‍ കുട്ടികളെ മാത്രമാണോ ശരിക്കും കുറ്റപ്പെടുത്തേണ്ടത് എന്ന്. വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശസ്ത മനഃശാസ്ത്രജ്ഞ്ന്‍ ഡോ.ജോണ്‍ ന്യൂസ്18.കോമിനോട് സംസാരിക്കുന്നു.

 

ശരിയും തെറ്റും അവര്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുന്നതില്‍ മുതിര്‍ന്നവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയാണ് കുട്ടികളെ ഇത്തരം പ്രവര്‍ത്തികളിലേക്ക് നയിക്കുന്നത്. കാണുന്നത് പകര്‍ത്താനുള്ള ഒരു പ്രവണത കൗമാരിക്കാരില്‍ പൊതുവെ കൂടുതലാണ്. അങ്ങനെയുള്ള കുട്ടികളിലേക്കാണ് ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ധാരാളമായി എത്തുന്നത്. പോണ്‍ സൈറ്റുകളും, ക്ലിപ്പുകളുമൊക്കെ ഇപ്പോള്‍ വളരെ എളുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരവസരം ലഭിക്കുമ്പോള്‍ അത് പകര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു. ഒതുങ്ങിയ സ്ഥലങ്ങളില്‍ അത് പ്രകടിപ്പിക്കുന്നു. അപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും അവര്‍ ചിന്തിക്കുന്നില്ല.

കൗമാരക്കാരുടെ നിഷേധ സ്വഭാവം, ലൈംഗികത ഉണര്‍ന്നു വരുന്ന പ്രായത്തിന്റെ ആവേശം, അതെന്താണെന്ന് അറിയാനുള്ള കൗതുകം തുടങ്ങിയ സാഹചര്യത്തിലേക്കാണ് ലൈംഗിക ബിംബങ്ങളുടെ ധാരളിത്തം വന്നു വീഴുന്നത്. പ്രായത്തിനനുസരിച്ച് വകതിരിവ് ആ സമയത്ത് ഇല്ലാത്തതിനാല്‍ ഇത് ഒരു ലൈംഗിക അരാജകത്വം കുട്ടികളില്‍ സൃഷ്ടിക്കുന്നു. അല്പം സ്വകാര്യമെന്ന് തോന്നുന്ന ഇടങ്ങളില്‍ ലൈംഗിക സാഹസികത നടത്താന്‍ ഇതാണ് കുട്ടികളെ പ്രേരിപ്പിക്കുന്നത്.

 

കൗമാരത്തിന്റെ പ്രത്യേക ഭാവം ആയ നിഷേധാത്മകത, എന്തിനെയും എതിര്‍ക്കുക ചെറുക്കാനുള്ള പ്രവണത ഇതൊക്കെ ഇത്തരം അതിരുവിട്ട പ്രവര്‍ത്തികള്‍ക്ക് കരുത്ത് പകരുന്നു. പ്രണയത്തിന്റെ പേരാണ് ഇതിന് നല്‍കുന്നതെങ്കിലും പ്രണയത്തിന്റെ അതിര്‍വരമ്പുകള്‍ ആ പ്രായത്തില്‍ എത്രത്തോളമാണെന്ന് അവര്‍ക്ക് തിരിച്ച് അറിവ് ഇല്ലാതെ പോകുന്നത് കൊണ്ട് പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങള്‍ ഇരുത്തമില്ലാത്തവരുടെ ഞരമ്പ് രോഗമായി മാറിപ്പോവുകയാണ്. ലൈംഗികമായ സാഹസികതയായി മാത്രം ഇത് പൊട്ടിത്തെറിച്ച് സ്ഥായിയായ നിലനില്‍പ്പ് ഇല്ലാതെ പോവുകയാണ് ചെയ്യുന്നത്. .
Loading...

 

ഇതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അവരുടെ വയസിന്റെ പ്രത്യേകതയാണത്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ഇക്കാരത്തില്‍ ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. ശരിയായ ലൈംഗിക വിദ്യാഭ്യാസം, ആരോഗ്യപരമായ ലൈംഗികത എന്നിവയെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുകയാണ് പ്രധാനമായും വേണ്ടത്. സാധാരണ എന്തെങ്കിലും സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ എത്ര വൃത്തികെട്ടവരാണി കുട്ടികള്‍ എന്നു പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ചെയ്യാറ്. പകരം അവരുടെ സഹജഭാവങ്ങള്‍ മനസ്സിലാക്കി ആരോഗ്യരകരമായ ലൈംഗികതയ്ക്ക് ചില അതിര്‍വരമ്പുകള്‍ ഉണ്ടെന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന രീതിയിലേക്ക് സമൂഹവും വളരണം.അധ്യാപകരടക്കം എല്ലാവരും ഇതില്‍ നിന്ന് ഉള്‍വലിയുന്നത് കൊണ്ടാണ് ലൈംഗികത ഒരു സ്വകാര്യ വിഷയമായി മാറുന്നത്. ചര്‍ച്ച ചെയ്യപ്പെടാത്ത വിശേഷ വിഷയമാറി മാറുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.

അവിടെ ലൈംഗികത അശ്ലീലമാണെന്ന് ചിന്തിക്കുന്ന മുതിര്‍ന്നവരുടെ മനസ്സിന്റെ പ്രതീകമാവുകയാണ് കുട്ടികള്‍ ചെയ്യുന്നത്.ലൈംഗികതയെക്കുറിച്ച് തുറന്ന് സംസാരിക്കുക. അതിലുണ്ടാകുന്ന സ്വാഭാവിക വികാരങ്ങളെക്കുറിച്ചും അത് നിയന്ത്രണത്തില്‍ കൊണ്ടു പോകേണ്ട ആവശ്യത്തെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ലൈംഗിക അന്വേഷണോത്സുകതയും സാഹസികതയും പിടിച്ചു നിര്‍ത്താന്‍ പോന്ന ലൈംഗിക അപബോധവും, ആരോഗ്യകരമായ രതിയെക്കുറിച്ചും ഈ പ്രായത്തില്‍ തുറന്ന ചര്‍ച്ചയും ബോധവത്ക്കരണവും ആവശ്യമാണ്. ലൈംഗിക കൗതുകങ്ങള്‍ ഉണരുന്ന പ്രായത്തില്‍ അതിനെ നേര്‍വഴിയിലേക്കും പക്വമായ ആവിഷ്‌കാരത്തിലേക്കും വഴിതിരിച്ചു വിടുക എന്ന ഉത്തരവാദിത്വമാണ് സമൂഹം ചെയ്യേണ്ടത്. എന്നാല്‍ ഇന്ന് അതുണ്ടാകുന്നില്ല.

 

സാംസ്‌കാരിക വിലക്കു പോലുള്ള കാര്യങ്ങളും ഇക്കാര്യത്തില്‍ വലിയൊരു ഘടകമാണ്. അനുവദനീയമല്ലാത്തത് കട്ടുതിന്നുക എന്ന സൈക്കോളജിയാണ് ഇതിന് പിന്നില്‍. മുതിര്‍ന്നവരുടെ ഭാഗത്തു നിന്നു തന്നെയുള്ള ഉത്തരവാദിത്വമില്ലായ്മ തന്നെയാണ് ഇക്കാര്യത്തിലും ഉണ്ടായിരിക്കുന്നത്. കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ മുതിര്‍ന്നവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച. പൂര്‍ണ്ണമായും സ്വതന്ത്ര്യബോധരല്ലാത്ത കൗമാരകാലങ്ങളില്‍ കുട്ടികള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കാത്തത് തന്നെയാണ് ഇവരെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളെ ഈ കാര്യത്തില്‍ ഒരിക്കലും കുറ്റപ്പെടുത്താനാവില്ല..

 
First published: April 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...