• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വീഡിയോ ഇട്ട് മോഹനനും ഉറഞ്ഞ് തുള്ളുന്ന വടക്കനും ആപത്തിന്റെ പടുകുഴിയിലേക്ക് തള്ളാന്‍ ശ്രമിക്കുന്നു: ഡോ. ഷിംന അസീസ്


Updated: May 24, 2018, 3:08 PM IST
വീഡിയോ ഇട്ട് മോഹനനും ഉറഞ്ഞ് തുള്ളുന്ന വടക്കനും ആപത്തിന്റെ പടുകുഴിയിലേക്ക് തള്ളാന്‍ ശ്രമിക്കുന്നു: ഡോ. ഷിംന അസീസ്

Updated: May 24, 2018, 3:08 PM IST
കൊച്ചി: നിപാ വൈറസ് ബാധയെ നിസാരവത്ക്കരിച്ച് ആരോഗ്യ വകുപ്പും സംസ്ഥാനത്തെ ഡോക്ടര്‍മാരും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്തെത്തിയ മോഹനന്‍ വൈദ്യരെയും ജേക്കബ് വടക്കഞ്ചേരിക്കുമെതിരെ ഡോ. ഷിംന അസീസ്.

വീഡിയോ ഇട്ടും വൈകാരികപ്രകടനം നടത്തിയും മോഹനനും ഉറഞ്ഞ് തുള്ളുന്ന വടക്കനും നമ്മളെ ആപത്തിന്റെ പടുകുഴിയിലേക്ക് തള്ളാനാണ് ശ്രമിക്കുന്നതെന്നാണ് ഷിംന അസീസ് പറയുന്നത്. ദയവ് ചെയ്ത് ഈ കള്ളനാണയങ്ങളില്‍ വീണ് നമ്മള്‍ ഇന്ന് വരെ നേടിയെടുത്ത പ്രതിരോധത്തിന്റെ ഇരുമ്പ് മതിലില്‍ പാടുകള്‍ വീഴ്ത്തരുത്. നഷ്ടം നമുക്ക് മാത്രമാണെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ഒര്‍മ്മിപ്പിക്കുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

മാങ്ങ ചെത്തി തിന്ന മോഹനനും, കീടനാശിനികളാണ് രോഗം വരുത്തുന്നതെന്ന് നേരെ ചൊവ്വേ വൈറസിന്റെ പേര് പറയാന്‍ അറിയാഞ്ഞിട്ട് പോലും പഠിപ്പിക്കുന്ന വടക്കനും നമുക്ക് അപ്രതീക്ഷിതമായി വന്ന് ചേര്‍ന്നിരിക്കുന്ന നിപ്പ വൈറസ് രോഗബാധയുടെ ആക്കം കൂട്ടുകയേ ഉള്ളൂ...

വൈറസ് പരത്തിയത് വവ്വാലുകള്‍ അല്ല എന്ന് ഇന്നത്തെ പത്രങ്ങളുടെ മുന്‍പേജുകളില്‍ ഉണ്ട്. പക്ഷേ, വെള്ളിയാഴ്ച പരിശോധനാഫലം വരും വരെ നമുക്കത് ഉറപ്പിച്ച് പറഞ്ഞു കൂടാ. ഇതിന് മുന്‍പ് നിപ്പാ വൈറസ്ബാധ മരണം വിതച്ചയിടങ്ങളില്‍ വവ്വാലില്‍ നിന്നാണ് ഈ രോഗം പടര്‍ന്നത് എന്ന അറിവാണ് നമ്മുടെ മുന്നിലുള്ളത്. അതു കൊണ്ട് തന്നെ ആദ്യപ്രതിരോധം എന്ന നിലക്ക് നിലവില്‍ വവ്വാലുകളെ സൂക്ഷിച്ചേ മതിയാകൂ. കേരളത്തില്‍ രോഗം എവിടുന്ന് വന്നു എന്നതും എങ്ങനെ തടയിടാം എന്നതും കൃത്യമായി പഠിച്ച് നമ്മള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുകയാണ്. 1997ല്‍ മാത്രം മനുഷ്യരില്‍ കണ്ടെത്തിയ ഒരു രോഗം, ദക്ഷിണേന്ത്യയില്‍ തികച്ചും അപ്രതീക്ഷിതമായി ആദ്യമായെത്തിയിട്ട് പോലും അഭിമാനാര്‍ഹമായ രീതിയില്‍ നമ്മള്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. വാക്സിനും മരുന്നുമില്ലാത്ത രോഗം നിയന്ത്രണവിധേയമാകുന്നുണ്ട്.

ഇത്തരമൊരു ഗുരുതരാവസ്ഥയില്‍ തുണയായി ഈ പാഷാണത്തില്‍ കൃമികളൊന്നും ഉണ്ടാകില്ല. വടക്കനും വാട്ട്സ്സപ്പും വൈദ്യനും വവ്വാലുമെല്ലാം ചേര്‍ന്ന് നമ്മുടെ ദുരന്തത്തിന്റെ ആധിക്യമേറ്റുമ്പോള്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.

വീഡിയോ ഇട്ടും വൈകാരികപ്രകടനം നടത്തിയും മോഹനനും ഉറഞ്ഞ് തുള്ളുന്ന വടക്കനും നമ്മളെ ആപത്തിന്റെ പടുകുഴിയിലേക്ക് തള്ളാനാണ് ശ്രമിക്കുന്നത്. ദയവ് ചെയ്ത് ഈ കള്ളനാണയങ്ങളില്‍ വീണ് നമ്മള്‍ ഇന്ന് വരെ നേടിയെടുത്ത പ്രതിരോധത്തിന്റെ ഇരുമ്പ് മതിലില്‍ പാടുകള്‍ വീഴ്ത്തരുത്. നഷ്ടം നമുക്ക് മാത്രമാണ്.
Loading...

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടില്ലാത്ത ഇന്‍കുബേഷന്‍ പിരീഡിലുള്ളവര്‍ നമുക്ക് ചുറ്റും ഇനിയുമുണ്ടാകാം. ഇവര്‍ ഇവരറിയാതെ ചുറ്റുമുള്ളവര്‍ക്കെല്ലാം രോഗം പരത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയും ഈ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാതിരിക്കാന്‍ നമ്മള്‍ ജാഗ്രതയോടെയിരുന്നേ മതിയാകൂ.

ഈ കെട്ടകാലത്ത് നമ്മള്‍ ഒറ്റക്കെട്ടായി നിന്നേ തീരൂ പ്രിയപ്പെട്ടവരേ... വൈറസിന്റെ സ്രോതസ് എന്തോ ആവട്ടെ, നമ്മുടെ കുടുംബാംഗത്തെ, സുഹൃത്തിനെ, അധ്യാപകനെ, നേഴ്സിനെ, ബന്ധുവിനെ നമുക്ക് ഇനി നിപ്പാ വൈറസിന് തിന്നാന്‍ കൊടുത്തു കൂടാ. ആരോഗ്യവകുപ്പ് അശ്രാന്തപരിശ്രമത്തിലൂടെ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്ന രോഗത്തിന്റെ കാര്യത്തില്‍ തുരങ്കം വെക്കുന്നവര്‍ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ഞെളിഞ്ഞിരിക്കുന്നത് നമ്മുടെ ഭരണത്തിന്റെയോ നിയമവ്യവസ്ഥയുടെയോ പരാജയമായിരിക്കാം. സാരമില്ല, പുരയ്ക്ക് മീതേ വെള്ളമെങ്കില്‍, വെള്ളത്തിന് മീതേ തോണി. അവരുടെ പ്രചരണങ്ങള്‍ക്ക് തല വെച്ച് കൊടുക്കില്ലെന്നും രോഗം തടയാന്‍ ഒരു സാമൂഹികജീവി എന്ന നിലയില്‍ പരിശ്രമിക്കുമെന്നും മനസ്സാക്ഷിയോട് ഉറപ്പ് പറഞ്ഞാല്‍ മതി.

സാമൂഹ്യവിപത്തുകളെ ഒറ്റപ്പെടുത്തുക. നമ്മളൊന്നിച്ച് തന്നെ മുന്നോട്ട്...

# Dr. Shimna Azeez

 
First published: May 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...