• HOME
 • »
 • NEWS
 • »
 • life
 • »
 • 'ഓണമൊക്കെയല്ലേ ജസ്റ്റ് ഒരു പെഗ് അടിക്കാം' എന്ന് പറഞ്ഞ് വരുന്നവരെ പത്തല് വെട്ടി അടിക്കണം; സൂക്ഷിക്കണം അഡിക്ടീവ് ബിഹേവിയർ

'ഓണമൊക്കെയല്ലേ ജസ്റ്റ് ഒരു പെഗ് അടിക്കാം' എന്ന് പറഞ്ഞ് വരുന്നവരെ പത്തല് വെട്ടി അടിക്കണം; സൂക്ഷിക്കണം അഡിക്ടീവ് ബിഹേവിയർ

ചില ഭക്ഷണസാധനങ്ങളോടുള്ള ആസക്തി, ചൂതാട്ടം, ഗെയ്മിംങ്, ലോട്ടറി എടുക്കുന്നതിനോടുള്ള ആസക്തി, മദ്യപാനം ഇങ്ങനെ ധാരാളം കാര്യങ്ങളില്‍ നാം അടിമപ്പെട്ടുപോവുകയോ അത് ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയോ ഉണ്ടാകും. എന്നാല്‍ എല്ലാരിലും ഈ പ്രശ്‌നം ഉണ്ടാകണമെന്നില്ല. ഇത്തരത്തില്‍ അഡിക്ഷനുള്ള പ്രവണതകള്‍ തിരിച്ചറിയാനും ഇതിന് സ്വീകരിക്കേണ്ട പ്രതിവിധിയും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഡോ.  ശ്യാം കൃഷ്ണന്‍

  പുസ്തകം മോഷ്ടിക്കുന്ന പ്രഫസറും അഡിക്ഷന്റെ കാണാപ്പുറങ്ങളും.
  പ്രമുഖ ആര്‍ട്‌സ് കോളജിലെ അറിവിന്റെ നിറകുടമായ പ്രൊഫസറാണ് കഥാപാത്രം ( ഇദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല). ഇദ്ദേഹം മാന്യനും തന്റെ വിജ്ഞാന മേഖലയില്‍ ആഴത്തില്‍ അറിവുള്ള ആളും സരസനുമാണ്. പക്ഷേ ടിയാന്‍ ക്ലാസ് എടുക്കാനോ പരീക്ഷയ്ക്ക് ഇന്‍വിജിലേറ്ററായോ വന്നാല്‍ പിള്ളാര്‍ക്ക് നെഞ്ചിടിപ്പാണ്. കുറഞ്ഞ പക്ഷം രണ്ടു മൂന്ന് ശിഷ്യര്‍ക്കെങ്കിലും നോട്ട്ബുക്ക്, പേന തുടങ്ങിയ ജംഗമ വസ്തുക്കള്‍ നഷ്ടപ്പെടുമെന്ന് തീര്‍ച്ച! ശിഷ്യന്‍മാരുടെ കണ്ണു തെറ്റിയാല്‍ ഗുരുനാഥന്‍ പുസ്തകവും പേനയുമൊക്കെ അടിച്ചു മാറ്റും. അദ്ദേഹത്തിന്റെ ഭാര്യയുടെ സ്ഥിരം ഡ്യൂട്ടികളില്‍ ഒന്നായിരുന്നു കാന്തന്‍ വൈകിട്ട് വീടെത്തി ചായകളൊക്കെ കുടിച്ചിരിക്കുമ്പോള്‍ അങ്ങേരുടെ ബാഗ് പരിശോധിച്ച് ശിഷ്യഗണങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും പേന , പെന്‍സില്‍ , ബുക്കുകള്‍ ഒക്കെ കണ്ടെത്തി തിരിച്ചു കൊടുക്കുന്നത്... ഇത് അദ്ദേഹത്തിനും അറിയാം. പക്ഷേ ചിലപ്പോ ഇന്ന് ഭാര്യ കണ്ടെത്തി വിതരണം ചെയ്യുന്ന മോഷണ മുതല്‍ തന്നെ നാളേം വീണ്ടും അദ്ദേഹത്തിന്റെ ബാഗില്‍ സ്ഥാനം പിടിക്കും എന്ന് മാത്രം!

  Kleptomania (ക്ലെപ്‌റ്റോമാനിയ ) എന്ന ഒരു മാനസിക വൈകല്യമാണ് ഇത്. മോഷ്ടിച്ച് കാശുണ്ടാക്കുക എന്നതല്ല ഇവരുടെ ലക്ഷ്യം. ഇത് ഉള്ളവരില്‍ പലരും മറ്റു രീതികളില്‍ ഉയര്‍ന്ന മോറല്‍ വാല്യൂസ് ഉള്ളവരാവും പലപ്പോഴും. പക്ഷേ മോഷണം നടത്തുമ്പോഴുള്ള ആ 'ത്രില്ലിനോട്' ഉള്ള ഒരു അഭിനിവേശം മോഷ്ടിക്കാന്‍ പറ്റുന്ന ഒരു വസ്തു മുമ്പില്‍ കാണുമ്പോള്‍ അടക്കാനാവാത്ത ഒരു ഉള്‍പ്രേരണ (impulse) ആയി മാറുന്നു. സാധാരണ മനുഷ്യരില്‍ ഇത്തരം ഉള്‍പ്രേരണകള്‍ക്ക് തടയിടുന്ന ഘടകങ്ങളെ (മറ്റുള്ളവരുടെ മുതല്‍ അവരറിയാതെ ചൂണ്ടുന്നത് തെറ്റാണെന്ന ധാര്‍മ്മിക ബോധം, ആരെങ്കിലും കണ്ടാല്‍ കിട്ടാനിടയുള്ള അടിയെയും ദുഷ്‌പേരിനെയും പറ്റിയുള്ള ഭയം തുടങ്ങിയവ) ആ അടക്കാനാവാത്ത ഉള്‍പ്രേരണ ഒരു നിമിഷം മറികടക്കുമ്പോഴാണ് ഇവര്‍ മോഷണം നടത്തുന്നത്. ആ 'ത്രില്‍' അവസാനിക്കുമ്പോള്‍ കുറ്റബോധം തോന്നുന്നതും വളരെ സാധാരണമാണ്. അതായത് ഉള്ളിന്റെ ഉള്ളില്‍ നിയന്ത്രിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഉള്‍പ്രേരണകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ തല്‍ക്കാലത്തെ മനസ്സുഖത്തിനായി ചില പ്രത്യേക പ്രവര്‍ത്തികള്‍ (ഇവിടെ , മോഷണം) ചെയ്യുന്ന ഒരവസ്ഥ.

  ഇതിനെ Impulse Control Disorders (ഇംപള്‍സ് കണ്‍ട്രോള്‍ ഡിസോര്‍ഡേഴ്‌സ് - ICD - ഐ.സി.ഡി എന്ന് ചുരുക്കപ്പേര്) എന്ന് അറിയപ്പെടുന്ന ഒരു വിഭാഗം മാനസിക വൈകല്യങ്ങളില്‍ ആണ് പെടുത്തിയിരിക്കുന്നത്. മദ്യത്തിനോ മയക്കുമരുന്നിനോ എന്നതു പോലെ ചില പ്രത്യേക സ്വഭാവങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും (Behaviours) വ്യക്തി അടിമപ്പെടുകയാണ് ഇവിടെ. അതിനാല്‍ ഇവയെ 'ബിഹേവിയറല്‍ അഡിക്ഷന്‍സ്' (ഒരു പ്രത്യേക തരം സ്വഭാവത്തിനോടുള്ള അഡിക്ഷന്‍ -Behavioural Addiction) എന്നും പറയാറുണ്ട്.

  Substance Addiction( മദ്യമോ പുകയിലയോ മയക്കുമരുന്നോ പോലുള്ള വസ്തുക്കളോടുള്ള അഡിക്ഷന്‍ ) ഉം ഇതും തമ്മില്‍ പ്രായോഗികമായി ഉള്ള പ്രധാന വ്യത്യാസം ഇതില്‍ ഫിസിക്കലായ ഒരു ലഹരി വസ്തു ഇല്ല എന്നത് മാത്രമാണ്.

  ക്ലെപ്‌റ്റോമാനിയ വളരെ അപൂര്‍വ്വമായ ഒരു പ്രശ്‌നമാണ്. ഇവിടെ പറയേണ്ട കാര്യമില്ല, ഒരു ഉദാഹരണമായി അവതരിപ്പിച്ചു എന്നേ ഉള്ളു. ട്രഡീഷണലായി വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിട്ടുള്ള വേറെയും ചില ബിഹേവിയറല്‍ അഡിക്ഷനുകളുണ്ട് - eating disorders ( ഭക്ഷണത്തോട്, അല്ലെങ്കില്‍ ചില പ്രത്യേക ഭക്ഷണസാധനങ്ങളോടുള്ള ആസക്തി ) compulsive shopping ( തുണിത്തരങ്ങളോ തങ്ങള്‍ക്ക് ഇഷ്ടമുള്ള മറ്റു വസ്തുക്കളോ അമിതമായി വാങ്ങിക്കൂട്ടുന്നത്), gambling disorder ( ചൂതാട്ടത്തിനോടും - ഇത് കൂടുതലും വിദേശ രാജ്യങ്ങളിലാണ് കാണുന്നത്; ലോട്ടറി എടുക്കുന്നതിനോടുമൊക്കെയുള്ള അമിതാസക്തി. ലോട്ടറിയും ചൂതാട്ടം തന്നെയാണല്ലോ !), ഹൈപ്പര്‍ സെക്ഷ്വാലിറ്റി (അമിത ലൈംഗികാസക്തി ) തുടങ്ങിയവ. എന്നാല്‍ ഇവയെക്കാളൊക്കെ വളരെ സങ്കീര്‍ണമായ സാമൂഹ്യ, ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാവുന്ന മറ്റു പല ബിഹേവിയറല്‍ അഡിക്ഷന്‍സും ആധുനിക സാങ്കേതിക വിദ്യകളുടെ ബൈ പ്രോഡക്ടായി ഇന്ന് സമൂഹത്തില്‍ പടര്‍ന്ന് പിടിക്കുന്നുണ്ട്.

  'ബ്ലൂ വെയില്‍' മാതിരി ഉള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായി മാറി ജീവന്‍ തന്നെ നഷ്ടപ്പെട്ട ചെറുപ്പക്കാരുടെ കഥ നമ്മളൊക്കെ പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. Game addiction പോലെ ജീവനെടുത്തില്ലെങ്കിലും വ്യക്തി ജീവിതത്തിലും സമൂഹത്തിലും വളരെയധികം താളപ്പിഴകളുണ്ടാക്കുന്ന വേറെയും ആധുനിക കാല ബിഹേവിയറല്‍ അഡിക്ഷന്‍സ് ഉണ്ട് - ഇന്റര്‍നെറ്റ് അഡിക്ഷന്‍, സോഷ്യല്‍ മീഡിയ അഡിക്ഷന്‍, പോര്‍ണോഗ്രാഫി അഡിക്ഷന്‍ അങ്ങനെ നിരവധി. ഒരു അഡിക്ടിന്റെ തലച്ചോറില്‍ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നത് , ഇത്തരം പ്രശ്‌നങ്ങള്‍ (കൂടാതെ പണ്ടേയുള്ള മദ്യത്തോടും പുകയിലയോടും മറ്റുമുള്ള അഡിക്ഷനുകളും - രണ്ടിന്റെയും ന്യൂറോബയോളജി വളരെ സമാനമാണ്) കുറച്ചെങ്കിലും ഒഴിവാക്കാന്‍ സഹായിച്ചേക്കാം എന്നതാണ് ഈ കുറിപ്പിടാന്‍ കാരണം.

  മേലെ പറഞ്ഞിട്ടുള്ള ബിഹേവിയറല്‍ അഡിക്ഷന്‍സിന്റെ ലിസ്റ്റ് പരിശോധിച്ചാല്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടും. ഒന്ന്, നോര്‍മലായ മനുഷ്യര്‍ക്കും താത്പര്യമുള്ള കാര്യങ്ങളോടു തന്നെയാണ് മിക്ക ബിഹേവിയറല്‍ അഡിക്ടുകള്‍ക്കും അമിത താത്പര്യം വരുന്നത്. രണ്ട് , പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ അവന്റെ വര്‍ഗ്ഗത്തിന്റെ നിലനില്‍പിന് അത്യാവശ്യം വേണ്ട കാര്യങ്ങളാണ് ഇവ (ഉദാഹരണം: ഭക്ഷണം, പണം, സമൂഹത്തിന്റെ അംഗീകാരം, സെക്‌സ് ). അപ്പോള്‍ പിന്നെ ബിഹേവിയര്‍ അഡിക്ടും നോര്‍മലായ ആളും തമ്മിലുള്ള വ്യത്യാസമെന്ത്?!

  ബിഹേവിയറല്‍ അഡിക്ടിന്റെ സമയത്തിന്റെ നല്ലൊരു ഭാഗം അവന്‍ അവന്റെ ആ ഒരു അഡിക്ടീവ് ബിഹേവിയറിനായി , അല്ലെങ്കില്‍ അതിന് അവസരം ഒരുക്കാന്‍ ചെലവാക്കുന്നു ( ഉദാഹരണത്തിന് ഓണ്‍ ലൈന്‍ ചൂതാട്ടക്കാര്‍ ചിലപ്പോള്‍ ദിവസങ്ങളോളം ഭക്ഷണം പോലും വേണ്ട എന്നു വച്ച് ഇത്തരം സൈറ്റുകളില്‍ സമയം ചെലവഴിക്കും). സാധാരണ മനുഷ്യര്‍ സന്തോഷം കണ്ടെത്തുന്ന മറ്റു കാര്യങ്ങളും കടമയായിക്കാണുന്ന കാര്യങ്ങളും ( കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, പഠിക്കുക, ജോലി ചെയ്യുക ) എല്ലാം അവര്‍ അവരുടെ അഡിക്ടീവ് ബിഹേവിയറിനായി പാടെ അവഗണിക്കും. സമയം മാത്രമല്ല പണവും ചെലവാക്കും. മാത്രമല്ല, ഇത്തരം പ്രവര്‍ത്തികളുടെ പ്രതികൂല ഫലങ്ങളും (സാമ്പത്തിക നഷ്ടം, ജോലി മുടങ്ങിയിട്ട് ജോലി സ്ഥലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, തകരുന്ന കുടുംബ, വ്യക്തി ബന്ധങ്ങള്‍, നാണക്കേട് മുതലായവ ) അവര്‍ പാടേ അവഗണിക്കും. ഇതാണ് നോര്‍മല്‍ ആള്‍ക്കാരുമായി ഒരു ബിഹേവിയര്‍ അഡിക്ടിനുള്ള വ്യത്യാസം. ചുരുക്കി പറഞ്ഞാല്‍ ഒരു മദ്യപനോ ഡ്രഗ് അഡിക്ടിനോ ഉള്ള എല്ലാ പ്രത്യേകതകളും ബിഹേവിയര്‍ അഡിക്ടിനും ഉണ്ട്. അഡിക്ടീവായ ഒരു വസ്തു (substance) വിന്റെ സാന്നിദ്ധ്യം ഇല്ല എന്നത് മാത്രമാണ് വ്യത്യാസം.

  കുരുത്തക്കേട് കാണിച്ചാല്‍ നമ്മള് പിള്ളേരെ വഴക്കു പറയുകയും ചിലപ്പോള്‍ തല്ലുകയുമൊക്കെ ചെയ്യാറുണ്ടല്ലോ (NB: തല്ല് ബാലാവകാശ നിയമപ്രകാരം തെറ്റാണ് !) - അതായത് ശിക്ഷ - punishment. അതുപോലെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ സ്‌നേഹമായിട്ട് ഒരു ഉമ്മ കൊടുക്കുകയോ സമ്മാനമായി അവര്‍ക്ക് ഇഷ്ടപ്പെടുന്ന സാധനങ്ങള്‍ വാങ്ങിക്കൊടുക്കുകയോ ചെയ്യും- റിവാര്‍ഡ് (reward). എന്തിനാണ് ഇത് ചെയ്യുന്നത്? ശരി എന്ന് നമുക്ക് തോന്നുന്നത് പ്രോത്സാഹിപ്പിക്കാനും തെറ്റ് നിരുത്സാഹപ്പെടുത്താനും തന്നെ. ഇതുപോലെ തന്നെ ഒരു വ്യക്തി എന്ന രീതിയിലുള്ള നമ്മുടെയോ, കുലം എന്ന രീതിയില്‍ മനുഷ്യരാശിയുടെയോ നിലനില്‍പിന് സഹായമാകുന്ന കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ഹാനിയാകാവുന്നവയെ നിരുത്സാഹപ്പെടുത്താനും ഉള്ള ഒരു സിസ്റ്റം തലച്ചോറിലും ഉണ്ട് !

  തലച്ചോറിന്റെ ഫ്രോണ്ടല്‍(frontal), ടെമ്പറല്‍ (temporal) ലോബുകളിലായി വ്യാപിച്ച് കിടക്കുന്ന ലിംബിക് സിസ്റ്റവും(limbic system) അനുബന്ധ പ്രദേശങ്ങളുമാണ് ഇത് ചെയ്യുന്നത്. ഡോപ്പമീന്‍ (dopamine) എന്ന ഒരു രാസവസ്തുവാണ് തലച്ചോറില്‍ റിവാര്‍ഡ് ആയി പ്രവര്‍ത്തിക്കുന്നത് , അല്ലെങ്കില്‍ റിവാര്‍ഡിന്റെ മൂല്യം കോഡ് ചെയ്യുന്നത് (പണം സമ്പത്തിന്റെ മൂല്യം കോഡ് ചെയ്യുന്നതുപോലെ ) . നിലനില്‍പിനുതകുന്ന ഒരു പ്രവര്‍ത്തി സംഭവിക്കുമ്പോള്‍ (ഉദാഹരണം: നല്ല ഭക്ഷണം കഴിക്കുമ്പോള്‍ , സാമ്പത്തിക ലാഭം ഉണ്ടാകുമ്പോള്‍ , മനസ്സിന് റിലാക്‌സേഷന്‍ ഉണ്ടാകുന്ന കളികളില്‍ ഏര്‍പ്പെടുമ്പോള്‍ , പാട്ട് കേള്‍ക്കുമ്പോള്‍ , സെക്‌സ് - ഇവിടെ വംശത്തിന്റെ നിലനില്‍പാണ് തലച്ചോര്‍ പരിഗണിക്കുന്നത് ) ലിംബിക് സിസ്റ്റത്തിന്റെ ചില ഭാഗങ്ങളില്‍ ഡോപ്പമീന്റെ ഒരു കുതിച്ചുയരല്‍ ഉണ്ടാകും. ഇത് ഒരു സുഖാവസ്ഥയായി തലച്ചോര്‍ കുറിച്ചു വയ്ക്കുകയും വീണ്ടും ഇത്തരം പ്രവര്‍ത്തി ചെയ്യുവാന്‍ ഒരു താത്പര്യം അങ്ങനെ ഉണ്ടാവുകയും ചെയ്യും. മറിച്ച് അസുഖകരമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ (ഉദാഹരണത്തിന്, ജോലി മുടങ്ങിയതിന് ബോസിന്റെ ചീത്തവിളി കിട്ടുക , ചീത്ത ഭക്ഷണം കഴിച്ച് വയറ് കുളമാകുക, പ്രിയപ്പെട്ടവരുമായി വഴക്ക് ഉണ്ടാകുക ) തലച്ചോറിന്റെ ഈ ഭാഗങ്ങളില്‍ ഡോപ്പമീന്റെ അളവില്‍ പെട്ടെന്ന് ഇടിവ് സംഭവിക്കുകയും, തലച്ചോര്‍ ആ സാഹചര്യത്തിനെ ഇനി ഒഴിവാക്കേണ്ട ഒന്നായി നോട്ട് ചെയ്യുകയും ചെയ്യും.

  വളരെ പ്രധാനപ്പെട്ട ഒരു കാര്യം (പ്രത്യേകിച്ച് അഡിക്ഷന്റെ കാര്യത്തില്‍ ) ഇങ്ങനെ റിവാര്‍ഡിങ്ങായി തലച്ചോര്‍ കോഡ് ചെയ്ത് വച്ചിരിക്കുന്ന ഒരു സാഹചര്യത്തിലേക്ക് നയിക്കാവുന്ന സൂചനകള്‍ പോലും പലപ്പോഴും തലച്ചോറിലെ ഡോപ്പമീന്‍ അളവിന്റെ കുതിച്ചുചാട്ടം ഉണ്ടാക്കുകയും ആ പ്രവര്‍ത്തി ചെയ്യുവാന്‍ ആളിനെ പ്രേരിപ്പിക്കുകയും ചെയ്യും എന്നതാണ്. ന്യൂറോബയോളജിയില്‍ ഇതിന് reward clues എന്നാണ് പറയുന്നത്. ഒട്ടും വിശപ്പില്ലെങ്കിലും തട്ടുകടയില്‍ നിന്ന് പരന്നൊഴുകുന്ന ചിക്കന്‍ ഫ്രൈയുടെ മണം നമ്മളെ പലപ്പോഴും അങ്ങോട്ട് നയിക്കുന്നത് ഇതുകൊണ്ടാണ്.
  ഇനി എങ്ങനെയാണ് അഡിക്ഷന്‍ ( മദ്യം പോലെ ഉള്ള ഒരു വസ്തു വിനോടോ ഓണ്‍ലൈന്‍ ഗെയിമോ ഓണ്‍ ലൈന്‍ ചൂതാട്ടമോ സോഷ്യല്‍ മീഡിയ ഉപയോഗമോ പോര്‍ണോഗ്രാഫി ഉപയോഗമോ പോലുള്ള ഒരു പ്രവര്‍ത്തിയോടോ ) ഉണ്ടാകുന്നത് എന്ന് നോക്കാം.

  ഇങ്ങനെ അഡിക്ടീവ് ആകാവുന്ന വസ്തുക്കളും പ്രവര്‍ത്തികളുമൊക്കെ പെട്ടെന്ന് തന്നെ (വലിയ അധ്വാനമില്ലാതെ, ചുളുവില്‍ ) നമുക്ക് നല്ല ഒരു പ്ലഷര്‍ ഫീലിങ് തരാവുന്നവയാണ്. മദ്യത്തില്‍ നിന്ന് കിട്ടുന്ന താത്കാലിക ആനന്ദവും ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ നിന്ന് ചുളുവില്‍ ആദ്യമാദ്യം കിട്ടുന്ന ചെറിയ സംഖ്യകളും സോഷ്യല്‍ മീഡിയായില്‍ കിട്ടുന്ന ലൈക്കും കമന്റുമൊക്കെ ഇതില്‍ പെടും. ഓരോ തവണ ഇത് ചെയ്യുമ്പോഴും തലച്ചോറിന്റെ ലിംബിക് സിസ്റ്റത്തില്‍ ഡോപ്പമീന്റെ അളവില്‍ ശക്തമായ കുതിച്ച് ചാട്ടം ഉണ്ടാകും.

  ഇത് പലതവണ ആകുമ്പോള്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കും. ഒന്ന് - സാധാരണ മനുഷ്യരില്‍ ഡോപ്പമീന്‍ ലവല്‍ വര്‍ദ്ധിപ്പിക്കുന്ന മറ്റ് പ്രവര്‍ത്തികളോടുള്ള തലച്ചോറിന്റെ പ്രതികരണം തണുപ്പനാവും. അതായത് നല്ല ഭക്ഷണം, നല്ല കുടുംബ ബന്ധങ്ങള്‍ , ജോലി സ്ഥലത്ത് കിട്ടുന്ന അംഗീകാരം തുടങ്ങിയവ തലച്ചോര്‍ ഒരു റിവാര്‍ഡ് ആയി കാണുന്നത് കുറയും, ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന ഡോപ്പമീന്‍ വര്‍ദ്ധന നാമമാത്രമാവും. രണ്ട് - അഡിക്റ്റീവ് ബിഹേവിയറുമായി ബന്ധപ്പെട്ട് തിരിച്ചടികള്‍ ഉണ്ടായാലും ഡോപ്പമീന്‍ ലെവല്‍ കുറയാതെ വരും (ഉദാഹരണത്തിന് - ചൂതാട്ടത്തില്‍ ഭീമമായ നഷ്ടമുണ്ടായാലോ മദ്യപാനം കാരണം കടം കയറിയാലോ രോഗം വന്നാലോ പോലും അതിനെ തലച്ചോറിന് പ്രശ്‌നമായി കാണാനാവില്ല ) . ചുരുക്കിപ്പറഞ്ഞാല്‍ ആ വ്യക്തിയുടെ സന്തോഷങ്ങളെല്ലാം ആ ഒരു ഒറ്റ പ്രവര്‍ത്തിയിലേക്ക് ചുരുങ്ങും എന്ന് അര്‍ത്ഥം. തലച്ചോറിന്റെ ലിംബിക് സിസ്റ്റത്തില്‍ ഡോപ്പമീന്‍ വര്‍ദ്ധിക്കുന്നത് കാര്യമായി സംഭവിക്കുന്നത് അഡിക്ടീവായ ആ ഒരു ബിഹേവിയര്‍ ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമായി ചുരുങ്ങുന്നത് കൊണ്ടാണ് ഇങ്ങനെ ആയിത്തീരുന്നത്.

  വല്ലപ്പോഴും എങ്കിലും മദ്യപിക്കാത്തവര്‍ ചുരുക്കമാണ് ഇക്കാലത്ത് . ഇത് വായിക്കുന്ന എല്ലാവരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. പലരും ഗെയിം കളിക്കുന്നവരുമാവും. ഇതിനര്‍ത്ഥം നിങ്ങള്‍ ഇതിനൊകെ അഡിക്ട് ആണ് എന്നല്ല. എപ്പോഴാണ് ഇതൊക്കെ അഡിക്ഷനായി മാറുന്നത് ?
  ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ച് നമുക്ക് അതിന് ഉത്തരം കണ്ടുപിടിക്കാം. ഒന്ന്: ഇത് ചെയ്യാതിരുന്നാല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടോ ? രണ്ട് : മറ്റു കാര്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്ന സമയവും പണവും ഇതിനായി ചെലവഴിക്കാന്‍ നിര്‍ബദ്ധിതരാകുന്നുണ്ടോ ? മൂന്ന്: ഇത് മൂലമുള്ള തിരിച്ചടികളെ (ജോലി സ്ഥലത്തും കുടുംബത്തിലും ഉള്ള പ്രശ്‌നങ്ങള്‍, സാമ്പത്തിക നഷ്ടം തുടങ്ങിയവ) അവഗണിച്ച് കൂടുതല്‍ സമയം ഇതിനായി ചെലവഴിക്കാന്‍ തോന്നുന്നുണ്ടോ ?

  ഈ ചോദ്യങ്ങളുടെ ഉത്തരം ഉണ്ട് എന്നാണ് എങ്കില്‍ കരുതല്‍ എടുക്കാന്‍ സമയമായി !

  തലച്ചോറിലെ ഡോപ്പമീന്റെ പ്രവര്‍ത്തനത്തെയും അതു വഴി അഡിക്ഷനുകള്‍ ഉണ്ടാകാനുള്ള പ്രവണതയെയും മറ്റ് ഏത് ശാരീരിക പ്രവര്‍ത്തനങ്ങളെയും പോലെ ജനിതക ഘടകങ്ങള്‍ വലിയ അളവു വരെ സ്വാധീനിക്കും. ഇത് ലോകമെമ്പാടും നടന്ന പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശ്രീ ചിത്രയില്‍ ഞങ്ങള്‍ (പാര്‍ക്കിന്‍സണ്‍ രോഗമുള്ള വ്യക്തികളിലെ ബിഹേവിയറല്‍ അഡിക്ഷന്‍ പ്രവണതയെ പറ്റി ) നടത്തിയ ചില പഠനങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്.

  അഡിക്ഷനുള്ള പ്രവണത തിരിച്ചറിഞ്ഞാല്‍ എന്തു ചെയ്യണം?
  തിരിച്ചറിവാണ് ഏറ്റവും പ്രധാനം. അഡിക്ടീവ് ബിഹേവിയറില്‍ നിന്ന് വിട്ടു നില്‍ക്കണം എന്ന് സ്വയം തീരുമാനിക്കുക. അഡിക്ഷന്‍ ടെന്‍ഡന്‍സി തിരിച്ചറിഞ്ഞാല്‍ അത് എത്രയും നേരത്തേ ചെയ്യുന്നോ, അത്രയും നല്ലത്.

  വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം തേടണം. നോര്‍മലായി തലച്ചോറില്‍ ഡോപ്പമീന്‍ വര്‍ദ്ധിപ്പിക്കുന്ന മറ്റു പ്രവര്‍ത്തികളില്‍ ബോധപൂര്‍വം ഇടപെടുക. ഉദാഹരണത്തിന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, പാട്ട് കേള്‍ക്കുക, നല്ല ഭക്ഷണം കഴിക്കുക, സിനിമ കാണുക.... പതിയെ പതിയെ ഇത്തരം പ്രവര്‍ത്തികളോടുള്ള തലച്ചോറിന്റെ തണുപ്പന്‍ പ്രതികരണം മാറ്റിയെടുക്കുക. നോര്‍മലായ (സ്വാഭാവികമായ) റിവാര്‍ഡിങ് പ്രവര്‍ത്തികളോടുള്ള തലച്ചോറിന്റെ ഡോപ്പമീന്‍ റെസ്‌പോണ്‍സ് പുനസ്ഥാപിക്കുന്നത് വളരെ പ്രധാനമാണ്. ഇത് സമയ മെടുത്തേക്കാം. ക്ഷമ വേണം, അഡിക്ഷനുള്ള വ്യക്തിക്കും വീട്ടുകാര്‍ക്കും !

  ഇനിയുള്ളതാണ് ഏറ്റവും പ്രധാനം. Once an addict, always an addict എന്ന നിര്‍ഭാഗ്യകരമായ ഒരു വസ്തുതയുണ്ട്. അതായത് ഒരു വസ്തു വിനോടോ (substance- മദ്യമോ മയക്കുമരുന്നോ പുകയിലയോ എന്തുമാകട്ടെ ) പ്രവര്‍ത്തിയോടോ (online gaming, സൈബര്‍ പോര്‍ണോഗ്രാഫി മുതലായ എന്തും ) അഡിക്ടായാല്‍ , അതില്‍ നിന്ന് വിജയകരമായി പുറത്തു വന്നാലും അതിനോടുള്ള അഭിനിവേശം തലച്ചോറില്‍ സ്ഥിരമായി കോഡ് ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കും. അതാണ് മേല്‍ പറഞ്ഞ റിവാര്‍ഡ് ക്ലൂ കളുടെ പ്രാധാന്യം. അഡിക്ടീവ് ബിഹേവിയറിന്റെ സൂചനകള്‍ പോലും ഒഴിവാക്കണം.

  മദ്യപാനത്തില്‍ നിന്ന് പുറത്തുവന്ന ഒരുവന് ഒഴിഞ്ഞ മദ്യക്കുപ്പി കാണുന്നത് പോലും ഒരു റിവാര്‍ഡ് ക്ലൂ ആയി പ്രവര്‍ത്തിക്കുകയും മദ്യപാനത്തിലേക്ക് തിരികെ പോകാനായി പ്രേരിപ്പിക്കുകയും ചെയ്യാം. അതു കൊണ്ട് ജീവിതകാലം മുഴുവന്‍ ഇത്തരം സൂചനകളില്‍ നിന്ന് ബോധപൂര്‍വം അകന്നു നില്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം അഡിക്ഷനില്‍ നിന്ന് പുറത്ത് വന്ന ഓരോ വ്യക്തിയും ചെയ്യണം. ആത്മാര്‍ത്ഥതയുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഇതിന് പൂര്‍ണ പിന്‍തുണ കൊടുക്കുകയും ചെയ്യണം.

  അതായത്, ആല്‍കഹോള്‍ അഡിക്ഷനില്‍ നിന്ന് കഷ്ടപ്പെട്ടു പുറത്തുവന്നവനെ, 'ഓണമൊക്കെയല്ലേ , ജസ്റ്റ് ഒരു പെഗ് അടിക്കാം' എന്ന് പറഞ്ഞ് ക്ഷണിക്കുന്ന സഹപ്രവര്‍ത്തകരെയും ഗെയിമിങ് അഡിക്ഷനില്‍ നിന്ന് പുറത്തുവന്ന ആളോട് പുതിയ ഗെയിമിനെപ്പറ്റി വാചാലരാകുന്ന കൂട്ടുകാരെയുമൊക്കെ പത്തലു വെട്ടി തല്ലണം എന്ന് അര്‍ത്ഥം!

  (ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി പ്രൊഫസറാണ് ലേഖകന്‍)
  Published by:Jayesh Krishnan
  First published: