• HOME
 • »
 • NEWS
 • »
 • life
 • »
 • Screen Time | അമിതമായി മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് പക്ഷാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കുമെന്ന് പഠനം

Screen Time | അമിതമായി മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് പക്ഷാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കുമെന്ന് പഠനം

വർദ്ധിച്ച സ്‌ക്രീൻ ഉപയോഗം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

 • Last Updated :
 • Share this:
  ജീവിതത്തിന്റെ പ്രധാനപ്പെട്ട രണ്ട് വശങ്ങളാണ് ജോലിയും ഒഴിവുസമയവും. എന്നാൽ ഈ രണ്ട് സമയങ്ങളും ഇന്ന് സ്‌ക്രീൻ ഉപയോഗത്തെ വളരെയധികം ആശ്രയിക്കുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ഡിജിറ്റൽ സേവനങ്ങളുടെയും ഉപകരണങ്ങളുടെയും വളർച്ച ലോകത്തെ സ്‌ക്രീനുകളിലേയ്ക്ക് ചുരുക്കി എന്ന് പറയുന്നതാകും ശരി. ആധുനിക തൊഴിൽ സംസ്കാരം അനുസരിച്ച് കമ്പ്യൂട്ടർ സ്ക്രീനുകളിൽ ദീർഘനേരം സമയം ചിലവഴിക്കുന്നവരാണ് യുവതലമുറക്കാരിൽ അധികവും. ചില സമയങ്ങളിൽ, ഇടവേളകളില്ലാതെ തന്നെ ജോലി ചെയ്യേണ്ടിയും വരുന്നു. സ്‌ക്രീൻ ഉപയോഗ സമയത്തിന്റെ വർദ്ധനവ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഭവിക്കുന്നുണ്ടെങ്കിലും കോവിഡ് മഹാമാരി ഈ കണക്കുകളിൽ വലിയ ഒരു കുതിച്ചുചാട്ടത്തിന് കാരണമായി.

  വർദ്ധിച്ച സ്‌ക്രീൻ ഉപയോഗം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ണിന്റെ ആയാസം, കഴുത്ത് വേദന, ഉത്കണ്ഠ, അമിതവണ്ണം, എന്നിവയാണ് ഇവ മൂലമുണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾ. അടുത്തിടെ നടന്ന ഒരു മെഡിക്കൽ പഠനത്തിൽ പറയുന്ന വിവരങ്ങൾ വിശ്വാസയോഗ്യമാണെങ്കിൽ സ്‌ക്രീൻ സമയം വർദ്ധിക്കുന്നത് സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുമത്രേ.

  അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്റെ സ്ട്രോക്ക് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 60 വയസ്സിന് താഴെയുള്ള മൊബൈൽ ഫോണിലും ലാപ്ടോപ്പിലും കൂടുതൽ സമയം ചെലവഴിക്കുന്നവരിൽ ശാരീരികമായി ആക്ടീവായവരെ അപേക്ഷിച്ച് സ്ട്രോക്കിന് സാധ്യത കൂടുതലാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

  ഒരു മണിക്കൂർ സ്‌ക്രീൻ സമയം ഒരു വ്യക്തിയുടെ ആയുർദൈർഘ്യം 22 മിനിറ്റ് കുറയ്ക്കുമെന്നും ഹൃദ്രോഗം, ക്യാൻസർ എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. യുകെ ആസ്ഥാനമായുള്ള മറ്റൊരു പഠനവും സ്‌ട്രോക്കും സ്‌ക്രീൻ ഉപയോഗവും തമ്മിലുള്ള പരസ്പര ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സ്‌ക്രീൻ ഉപയോഗം 2 മണിക്കൂർ തുടർന്നാൽ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഈ പഠനത്തിൽ എടുത്തുകാട്ടുന്നത്. തുടർച്ചയായ സ്‌ക്രീൻ ഉപയോഗം രണ്ട് മണിക്കൂറിൽ കൂടുതലാണെങ്കിൽ, അതിനെ ആസക്തിയായി കണക്കാക്കാം. ഇത് സ്ട്രോക്കിന്റെ സാധ്യത 20 ശതമാനം കൂട്ടുന്നതായും പഠനത്തിൽ പറയുന്നു.

  സ്‌ക്രീൻ ഉപയോഗ സമയം, പ്രത്യേകിച്ച് യുവാക്കളിൽ വർദ്ധിച്ചുവരുന്നതിനാൽ ഈ കണ്ടെത്തലുകൾ തീർച്ചയായും ഭയപ്പെടുത്തുന്നതാണ്. യുവതലമുറ അവരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും അമിതമായി ഉപയോഗിക്കുന്നവരാണ്. ഇത് അവരെ അനാവശ്യ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടേക്കാം.

  Also Read-Anxiety Disorder | ഉത്കണ്ഠ അകറ്റാൻ പതിവായ വ്യായാമം സഹായിക്കുമെന്ന് പഠനം

  സ്‌ക്രീനുകളിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം (Blue rays) മെലാറ്റോണിൻ ഉൽപാദനം കുറയ്ക്കുന്നു. രാത്രിയിൽ പുറപ്പെടുവിക്കുന്ന ഒരുതരം ഹോർമോണാണിത്. ഉറക്ക ചക്രത്തിന്റെ നിയന്ത്രണവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആളുകളുടെ ദിനചര്യയെ തന്നെ തടസ്സപ്പെടുത്തുകയും കൃത്യസമയത്ത് ഉറങ്ങാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.

  എങ്ങനെ ഈ വെല്ലുവിളിയെ നേരിടാം?
  ജോലി സമയത്തും മറ്റും ഇടയ്ക്കിടെ ഇടവേളകൾ എടുത്ത് നിങ്ങളുടെ സ്ക്രീൻ സമയം കുറയ്ക്കുക. നിങ്ങളുടെ ദിനചര്യയിൽ ശാരീരിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുക. ഇതിനായി ജിമ്മിൽ പോകണമെന്നില്ല. രാവിലെയുള്ള നടത്തം, ചില യോഗകൾ എന്നിവ മികച്ച ആരോഗ്യം നിലനിർത്താൻ നിങ്ങളെ സഹായിക്കും.
  Published by:Jayesh Krishnan
  First published: