ഇന്റർഫേസ് /വാർത്ത /life / Dengue Fever| സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; അതിജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ

Dengue Fever| സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; അതിജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ

മുൻപ് 2017ലാണ് കേരളത്തിൽ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടാകുന്നത്. ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെത്താതിരിക്കാൻ പനിയുടെ തുടക്കത്തിൽ തന്നെ ഡെങ്കി ബാധ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്

മുൻപ് 2017ലാണ് കേരളത്തിൽ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടാകുന്നത്. ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെത്താതിരിക്കാൻ പനിയുടെ തുടക്കത്തിൽ തന്നെ ഡെങ്കി ബാധ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്

മുൻപ് 2017ലാണ് കേരളത്തിൽ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടാകുന്നത്. ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെത്താതിരിക്കാൻ പനിയുടെ തുടക്കത്തിൽ തന്നെ ഡെങ്കി ബാധ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്

  • Share this:

തിരുവനന്തപുരം: സംസ്ഥാനം പനിക്കിടക്കയിൽ. കോവിഡിനെക്കാൾ വേഗത്തിൽ വൈറൽ പനി പടരുകയാണ്. ഡെങ്കിപ്പനിയും (Dengue Fever) എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രികൾക്ക് താങ്ങാനാവാത്ത വിധത്തില്‍ പനി ബാധിതരുടെ എണ്ണം കൂടുകയാണ്. ദിവസേന 12000 ത്തിന് മുകളിൽ രോഗികൾ വൈറൽ പനി ബാധിതരായി ചികിത്സ തേടുന്നുണ്ടെന്നാണ് കണക്കുകൾ. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുമ്പോൾ ഈ കണക്ക് കുതിക്കും.

ഇപ്പോഴത്തെ പനി പകർച്ച ഡെങ്കിപ്പനി വ്യാപനമാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തിൽ മഴക്കാലത്ത് ഉണ്ടാകുന്ന പനികളിൽ 15 മുതൽ 20 ശതമാനം വരെ ഡെങ്കിപ്പനി ആകാമെന്ന പഠനങ്ങളാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം. അങ്ങനെ എങ്കിൽ തുടക്കത്തിലേ രോഗം സ്ഥിരീകരിച്ചില്ലെങ്കിൽ രോഗ വ്യാപനം രൂക്ഷമാകും.

മുൻപ് 2017ലാണ് കേരളത്തിൽ ഡെങ്കിപ്പനിയുടെ അതിവ്യാപനം ഉണ്ടാകുന്നത്. ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെത്താതിരിക്കാൻ പനിയുടെ തുടക്കത്തിൽ തന്നെ ഡെങ്കി ബാധ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ അങ്ങനെ തുടങ്ങി താഴേ തട്ടിലുള്ള ആശുപത്രികളിൽ ഡെങ്കി പരിശോധനക്ക് ആവശ്യമായ കിറ്റുകളില്ലെന്നത് തിരിച്ചടിയാണ്.

ഡെങ്കിപ്പനി ഒരിക്കൽ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ അത് ഗുരുതരമാകാനും മരണത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു സാഹചര്യമുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

തിരുവനന്തപുരം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരിലേറെയും. ഒരു പക്ഷേ ആകെ കണക്കിൽ 70ശതമാനം വരെ രോഗബാധിതർ തലസ്ഥാന ജില്ലയിലാണ്. അടുത്തിടെ തീരുവനന്തപുരം ശ്രീകാര്യം കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തി. കണ്ടെത്തിയ ഡെങ്കി ബാധിതരിൽ എല്ലാപേർക്കും കണ്ടെത്തിയത് ടൈപ്പ് 3 വൈറസാണ്.

ടൈപ്പ് 1,2,3,4 ഇങ്ങനെ നാല് തരം വൈറസുകൾ ഉള്ളതിൽ ഇന്ത്യയിൽ പരക്കെ കാണപ്പെടുന്നത് ടൈപ്പ് 2 വൈറസാണ്. കേരളത്തിലും അങ്ങനെയായിരുന്നു. എന്നാൽ 2017ലെ ഡെങ്കിപ്പനി അതിവ്യാപന ഘട്ടത്തിൽ ടൈപ്പ് 2 വൈറസിനൊപ്പം ടൈപ്പ് വൺ വൈറസും ഉണ്ടായിരുന്നു. ഇതാണ് രോഗ വ്യാപനവും മരണവും കൂടാൻ ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പടരുന്നത് ടൈപ്പ് 3 വൈറസ് എന്ന സൂചന പ്രസക്തമാകുന്നത്.

പനി ബാധിച്ചെത്തുന്ന പരമാവധി പേരിൽ ഡെങ്കി പരിശോധന നടത്തി വൈറസ് ബാധ ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ‌

ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് 100 മീറ്ററിലധികം ദൂരം സഞ്ചരിക്കാനാകില്ല. അതായത് രോഗ ഉറവിടം നമുക്ക് ചുറ്റും ഇല്ലെന്ന് ഉറപ്പിക്കാൻ എളുപ്പമാണ്. കൊതുകിന്റെ ഉറവിടനശീകരണം ഉറപ്പാക്കിയാൽ രോഗ വ്യാപനം ഒഴിവാക്കാനാകും. സ്വയം പ്രതിരോധം , അതാണ് രോഗത്തെ ചെറുക്കാനുള്ള ഒരു മാർഗം. ഇടവിട്ടുള്ള മഴയിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഈഡിസ് കൊതുകുകളുടെ എണ്ണം കൂട്ടും.അഞ്ച് എം എൽ വെള്ളത്തിൽ ഒരാഴ്ച കൊണ്ട് 300 ലേറെ കൊതുകുകൾ ഉണ്ടാകാം. അതുകൊണ്ട് ഡ്രൈഡൈ നടപ്പാക്കുകയാണ് ഫലപ്രദമായ പ്രതിരോധ നടപടി.

എന്താണ് ഡെങ്കിപ്പനി ?

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

അപകട സൂചനകൾ

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

കൊതുകിനെ തുരത്താം

കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.

ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.

ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.

ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.

First published:

Tags: Dengue Cases, Dengue Fever, Fever