HOME /NEWS /Life / നവജാത ശിശുക്കളെ ചുംബിക്കരുത്; ആ വാത്സല്യം ചിലപ്പോൾ വിനയായേക്കാം; വിദഗ്ധർ പറയുന്നു

നവജാത ശിശുക്കളെ ചുംബിക്കരുത്; ആ വാത്സല്യം ചിലപ്പോൾ വിനയായേക്കാം; വിദഗ്ധർ പറയുന്നു

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

പുറത്തു നിന്നുള്ളവർ മാത്രമല്ല, നവജാത ശിശുക്കളുടെ മാതാപിതാക്കൾ പോലും അവർക്ക് ഉമ്മ നൽകാതിരിക്കുന്നതാണ് അവരുടെ സുരക്ഷയ്ക്ക് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

 • Share this:

  കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവർ ഈ ലോകത്ത് തന്നെ കാണില്ല. കുഞ്ഞോമനകളുടെ ചെറിയ പാദങ്ങളും, ഭംഗിയുള്ള പുഞ്ചിരിയും, തുടുത്ത കവിളുകളും കാണുമ്പോൾ അവരെ ഒന്ന് കൈയിലെടുക്കാനും കൊഞ്ചിക്കാനുമൊക്കെ ആർക്കും കൊതി തോന്നും. കുഞ്ഞുങ്ങളോടുള്ള അമിതമായ വാത്സല്യം പലരും കാണിക്കുന്നത് അവർക്ക് ചുംബനം നൽകിയാണ്. അത് ഒരു തെറ്റായ കാര്യവുമല്ല.

  എന്നാൽ നവജാതശിശുക്കളുടെ മാതാപിതാക്കളിൽ പലരും കുഞ്ഞുങ്ങൾക്ക് മറ്റുള്ളവർ ഉമ്മ നൽകുന്നത് വിലക്കിയേക്കും. ഇത് അവരുടെ സ്വാർത്ഥതയോ ഭ്രാന്തോ ആണെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. എന്നാൽ പുറത്തു നിന്നുള്ളവർ മാത്രമല്ല, നവജാത ശിശുക്കളുടെ മാതാപിതാക്കൾ പോലും അവർക്ക് ഉമ്മ നൽകാതിരിക്കുന്നതാണ് അവരുടെ സുരക്ഷയ്ക്ക് നല്ലതെന്ന് വിദഗ്ധർ പറയുന്നു.

  എന്തുകൊണ്ടാണ് നവജാതശിശുക്കളെ ചുംബിക്കാൻ പാടില്ലാത്തത്?

  നവജാതശിശുക്കൾക്ക് രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ ആദ്യ ആഴ്ചകളിൽ കൂടുതൽ കരുതൽ നിർണായകമാണ്. ഏതെങ്കിലും തരത്തിലുള്ള വൈറസ്, ബാക്ടീരിയ ആക്രമണങ്ങൾ അവരുടെ ജീവൻ തന്നെ അപകടത്തിലാക്കും. ആയിരക്കണക്കിന് രോഗാണുക്കളുടെ ആവാസ കേന്ദ്രമായ നമ്മുടെ കൈകൾ കുട്ടികളെ തൊടുന്നതിനു മുമ്പ് നന്നായി കഴുകണം. അതുപോലെ, നമ്മുടെ മുഖത്തും ആയിരക്കണക്കിന് രോഗാണുക്കളുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ ചുംബിക്കുമ്പോൾ ഈ രോഗകാരികൾ അവരുടെ ചർമ്മത്തിലേക്ക് വ്യാപിക്കും.

  കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുന്ന വൈറസുകൾ

  നവജാത ശിശുക്കൾക്ക് എച്ച്എസ്വി -1 വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.  ഇത് ഹെർപ്പസ് സിംപ്ലക്സ് വൈറസ് എന്നും അറിയപ്പെടുന്നു. ഈ വൈറസ് മുതിർന്നവരിൽ വായയ്ക്കും ചുണ്ടിനും ചുറ്റും വ്രണങ്ങൾ ഉണ്ടാക്കുന്നു. ചില സമയങ്ങളിൽ ഇവ മുതിർന്നവരിൽ പ്രത്യേക ലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിലും കുഞ്ഞുങ്ങൾക്ക് മാരകമായേക്കാം. ചുംബനം വഴി ഈ വൈറസ് മുതിർന്നവരിൽ നിന്ന് കുഞ്ഞുങ്ങളിലേയ്ക്ക് പകരും.

  Also Read-വീട്ടുതടങ്കലിലാണെന്ന് ദുബായ് ഭരണാധികാരിയുടെ മകൾ; 'വിവാദം' ഉയർത്തിയ ഷെയ്ഖ ലത്തീഫ ആരാണ്?

  40 വയസ് പ്രായമാകുമ്പോൾ 90 ശതമാനത്തിലധികം ആളുകൾക്കും ഈ പ്രത്യേക വൈറസ് ബാധിച്ചിട്ടുണ്ടാകുമെന്നും ഇത് നവജാതശിശുക്കളിലേക്ക് വ്യാപിക്കുമെന്നുമാണ് കണക്കാക്കുന്നത്. വൈറസ് ബാധിച്ച ആരെങ്കിലും കുഞ്ഞിന്റെ കൈകളിൽ സ്പർശിക്കുകയും കുഞ്ഞ് ആ കൈകൾ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിച്ചാലും വൈറസ് കുഞ്ഞിന്റെ ശരീരത്തിൽ എത്തിച്ചേരും. ഇത് അണുബാധയിലേക്ക് നയിക്കും. രോഗപ്രതിരോധ ശേഷി ദുർബലമായതിനാൽ വൈറസ് അതിവേഗം പെരുകുകയും തലച്ചോറിലും സുഷുമ്‌നാ നാഡികളിലും വീക്കം വരെ ഉണ്ടാക്കുകയും ചെയ്യും.

  നിങ്ങൾ ചെയ്യേണ്ടത് എന്ത്?

  കുഞ്ഞുങ്ങൾ ജനിച്ചതിന് ശേഷമുള്ള ആദ്യ കുറച്ച് മാസങ്ങൾ വളരെയധികം ശ്രദ്ധ ആവശ്യമാണ്. മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് കൂടുതൽ കരുതൽ നൽകേണ്ട സമയമാണിത്. രോഗങ്ങൾ ഉള്ളവർ കുഞ്ഞുങ്ങളിൽ നിന്ന് മാറിനിൽക്കണം. കുഞ്ഞുങ്ങളെ തൊടാനോ കൈകളിൽ പിടിക്കാനോ ആഗ്രഹമുള്ളവർ ആദ്യം കൈകൾ ശരിയായി കഴുകണം. സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നതും ഫലപ്രദമായ മാർഗമാണ്. ആദ്യ മാസങ്ങളിൽ കുഞ്ഞുങ്ങളെ തിരക്കേറിയ സ്ഥലങ്ങളിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുക. കൂടാതെ വീട്ടിൽ അധികം അതിഥികളെ അനുവദിക്കുകയുമരുത്.

  First published:

  Tags: New born baby