'ആരോഗ്യകേരളം, കേരളം ഒന്നാമത്‌ എന്നൊക്കെ വിളിച്ചുപറയുമ്പോൾ ആത്മനിന്ദ തോന്നും'; ദുരനുഭവം വിവരിച്ച് യുവാവ്

"ആത്യന്തികമായി തെറ്റ്‌ ഞങ്ങളുടെ ഭാഗത്താണ്‌. ഞങ്ങൾ ഒരിക്കലും സർക്കാർ സംവിധാനത്തെ ആശ്രയിക്കാൻ പാടില്ലായിരുന്നു."

News18 Malayalam | news18-malayalam
Updated: June 17, 2020, 9:36 AM IST
'ആരോഗ്യകേരളം, കേരളം ഒന്നാമത്‌ എന്നൊക്കെ വിളിച്ചുപറയുമ്പോൾ ആത്മനിന്ദ തോന്നും'; ദുരനുഭവം വിവരിച്ച് യുവാവ്
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ഗർഭിണിയായ ഭാര്യയുമൊത്ത് സർക്കാർ ആശുപത്രിയിൽ പോയതിന്റെ ദുരനുഭവം വിവരിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരോഗ്യവകുപ്പു മന്ത്രിയെ അഭിസോബോധന ചെയ്ത് ജുബിൻ ജോക്കബ് എന്ന യുവാവാണ് ഫേസ്ബുക്കിൽ ദുരനുഭവം പങ്കുവച്ചിരിക്കുന്നത്. കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ പ്രവർത്തനങ്ങൾ കൊണ്ട്‌ നാം നേടിയ എല്ലാ തിളക്കങ്ങളും, ഈ വകുപ്പിനോടുള്ള ബഹുമാനങ്ങളും കഴിഞ്ഞ രണ്ടുനാൾ കൊണ്ടുണ്ടായ നേരനുഭവങ്ങളിൽ നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈ യുവാവ് പറയുന്നു.
You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?

[NEWS]
'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]

"ആത്യന്തികമായി തെറ്റ്‌ ഞങ്ങളുടെ ഭാഗത്താണ്‌. ഞങ്ങൾ ഒരിക്കലും സർക്കാർ സംവിധാനത്തെ ആശ്രയിക്കാൻ പാടില്ലായിരുന്നു. ഇനിയൊരിക്കലും ഒരു സർക്കാരാശുപത്രിയുടെ ഏഴയലത്തു പോലും വരാതെ ഞങ്ങൾ സൂക്ഷിച്ചുകൊള്ളാം. ഞങ്ങളെപ്പോലെയുള്ളവർ സ്വകാര്യാശുപത്രിയിൽ അഭയം തേടുമ്പോഴും കേരളം ഒന്നാം സ്ഥാനത്ത്‌ വിളങ്ങിക്കൊള്ളട്ടെ." - ജുബിൻ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

കേരള സംസ്ഥാനത്തെ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പു മന്ത്രി അറിയാൻ എഴുതുന്നത്‌.

ഞാൻ ജുബിൻ ജേക്കബ്‌. എന്റെ ഭാര്യ ജിൻസ് വറുഗീസ്‌ സൗദി അറേബ്യയിൽ ആരോഗ്യവകുപ്പിലെ നഴ്സായി സേവനമനുഷ്ഠിച്ചുവരുന്നു.
പ്രസവമടുത്ത സാഹചര്യത്തിൽ കൊവിഡ്‌ രോഗികളെ ചികിൽസിക്കുന്ന ആശുപത്രിയിൽ നിന്നും ശമ്പളമില്ലാത്ത അവധിയെടുത്ത്‌ ഒട്ടേറെ ദുരിതം സഹിച്ച്‌ കഴിഞ്ഞ മാസം 20ന്‌ നാട്ടിലെത്തിയ അവർ ഇപ്പോൾ പൂർണ്ണഗർഭിണിയാണ്‌. 14 ദിന ക്വാറന്റൈൻ കഴിഞ്ഞ്‌ പത്തനംതിട്ട തെള്ളിയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നും റിലീസ്‌ സർട്ടിഫിക്കറ്റ്‌ വാങ്ങിയ ഞങ്ങൾ തിരുവല്ല ബിലീവേഴ്സ്‌ ചർച്ച്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സ്കാനിങ്ങിനായി പോയെങ്കിലും അവിടെ 28 ദിവസമാകാത്ത ആളുകൾക്ക്‌ സ്കാനിംഗ്‌ ചെയ്യണമെങ്കിൽ പോലും 1000രൂപ വിലയുള്ള PPE കിറ്റുകൾ വാങ്ങിക്കൊണ്ടു ചെല്ലണമെന്ന് പറഞ്ഞതിനാൽ മുന്നോട്ടുള്ള ചികിൽസ സർക്കാർ ആശുപത്രിയിൽ മതിയെന്ന് തീരുമാനിച്ചു. ഇന്നലെ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ എത്തിയ ഞങ്ങളോട്‌ അവിടെയുള്ള ഗൈനക്കോളജിസ്റ്റ്‌ 'ഇത്‌ കൊവിഡ്‌ രോഗികൾക്കുള്ള ആശുപത്രിയാണ്‌, ജില്ലയിലെ മറ്റേതെങ്കിലും ഗവ. ആശുപത്രിയിൽ പോകൂ' എന്നും ഞങ്ങളോടാവശ്യപ്പെട്ടു. അതനുസരിച്ച്‌ ഞങ്ങൾക്ക്‌ സൗകര്യപ്രദമായ സ്ഥലമെന്ന നിലയിൽ തിരുവല്ല ഗവൺമന്റ്‌ ആശുപത്രിയിൽ ഇന്നു രാവിലെ അവിടുത്തെ കൺസൽട്ടിംഗ്‌ ഗൈനക്കോളജിസ്റ്റായ ഡോ. ഗീതാലക്ഷ്മിയെ കാണുവാനായി ഓ.പി ടിക്കറ്റെടുത്തു. ഞങ്ങൾക്കു ലഭിച്ച നമ്പർ 54 ആയിരുന്നു. സമയം 11:30 ആയിട്ടും ആദ്യത്തെയാളെ വിളിച്ചതേയുള്ളൂ എന്ന് മെറ്റേണിറ്റി ബ്ലോക്കിൽ സെക്യൂരിറ്റി ഡ്യൂട്ടിയിലുള്ള വനിതാ ജീവനക്കാരി പറഞ്ഞു. ഞങ്ങളുടെ കയ്യിൽ നിന്നും ഒ.പി. ടിക്കറ്റ്‌ വാങ്ങാൻ അവർ വിസമ്മതിക്കുകയും ചെയ്തു. മുപ്പത്തിയെട്ട്‌ ആഴ്ച കഴിഞ്ഞ ഗർഭിണിയായ എന്റെ ഭാര്യയടക്കം ആരോടും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ധാർഷ്ട്യപൂർവ്വമുള്ള അവരുടെ പെരുമാറ്റം കണ്ടപ്പോൾ സർക്കാരാശുപത്രികൾക്ക്‌ ഇതല്ലാതെ എന്തു മാറ്റമാണുണ്ടായതെന്ന് അറിയാതെ ചിന്തിച്ചുപോയി.
ഈ സമയത്ത്‌ എന്റെ ഭാര്യയ്ക്ക്‌ വിശപ്പും ദാഹവും കലശലായതിനെത്തുടർന്ന് എന്തെങ്കിലും കഴിക്കാനായി ഞങ്ങൾ പുറത്തേക്കു പോയി. തിരികെയെത്തിയപ്പോൾ ഡോക്ടർ ഒരു സിസേറിയൻ കേസ്‌ എടുക്കാൻ പോയിരിക്കുകയാണ്‌. കാത്തിരിപ്പിനൊടുവിൽ 2:30 ആയപ്പോൾ ഡോക്ടർ വന്നു. അവിടെയുള്ള സ്റ്റാഫ്‌ നഴ്സ്‌ ഞങ്ങളോട്‌ പറഞ്ഞത്‌ ഇനി വിളിക്കാനുള്ള നാലു പേരും എന്റെ ഭാര്യയും അവിടെ കാത്തിരിക്കാനാണ്‌. അതനുസരിച്ച്‌ ഞങ്ങൾ കാത്തുനിന്നു. മൂന്നുമണിയാകും മുമ്പേ ഡോക്ടർ അവിടെനിന്നും പോയെന്ന് അറിയാനിടയായി. ഇനി എപ്പോൾ വരുമെന്ന് ചോദിച്ച ഞങ്ങളോട്‌ 'അത്‌ ഡോക്ടറോട്‌ ചോദിക്കണം' എന്ന് വളരെ നിരുത്തരവാദപരമായ മറുപടി. അൽപസമയത്തിനകം ഡോക്ടറുടെ നമ്പറിൽ മൂന്നു തവണ വിളിച്ചു. അവർ എടുത്തില്ല.

തുടർന്ന് ഡിഎംഒ ഓഫീസിലേക്കു വിളിച്ച്‌ പരാതി പറഞ്ഞപ്പോൾ എംഒയുടെ നമ്പർ തന്നു. അതിൽ മൂന്നു തവണ വിളിച്ചു. ഉത്തരമില്ല.
ഇന്നലെയും ഇന്നുമായി സമയത്ത്‌ ഭക്ഷണം കഴിക്കാൻ പോലുമാകാതെ ഞങ്ങൾ അലഞ്ഞത്‌ ഒരു സർക്കാർ ഡോക്ടറുടെ സേവനത്തിനു വേണ്ടിയായിരുന്നു. അതാണിപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുന്നത്‌.

മുപ്പത്തിയെട്ട്‌ ആഴ്ചയായ ഒരു ഗർഭിണിക്ക്‌ ആവശ്യമായ ചികിൽസ ലഭ്യമാക്കാൻ സർക്കാർ നിയോഗിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം തേടിവന്നതാണ്‌ ഞങ്ങൾ ചെയ്ത തെറ്റ്‌. അതിന്‌ നിരുപാധികം താങ്കളോടും താങ്കളുടെ വകുപ്പിനോടും മാപ്പുചോദിക്കുന്നു.

ഞങ്ങൾക്കുണ്ടായ ദുരനുഭവത്തിന്റെ പേരിൽ ആരും ആരെയും ഒന്നും പറയില്ലെന്നറിയാം. ആർക്കും ഒരു ശിക്ഷയും ലഭിക്കണമെന്ന് ഞങ്ങൾക്കും ആഗ്രഹമില്ല, പക്ഷേ ഒരപേക്ഷയുണ്ട്‌. ആരോഗ്യകേരളം, കേരളം ഒന്നാമത്‌ എന്നൊക്കെ നാം അഭിമാനപുരസ്സരം വിളിച്ചുപറയുമ്പോൾ എന്റെ മനസ്സിൽ ആത്മനിന്ദ തോന്നിക്കുന്നത്‌ കേവലം ഇന്നത്തെ അനുഭവങ്ങൾ മാത്രമല്ല. ഏതാനും കാഴ്ചകളും കൂടിയാണ്‌. മെറ്റേണിറ്റി വാർഡിന്റെ വരാന്തയിൽ ഒരു കിടക്കയിൽ രണ്ടു രോഗികൾ വീതം കിടക്കുന്ന, വൃത്തിഹീനമായ അന്തരീക്ഷത്തിൽ വെറും പുഴുക്കളെപ്പോലെ ഞെരുങ്ങിക്കിടക്കുന്ന കുറെ മനുഷ്യർ. അവരും ഈ രാജ്യത്തെ പൗരന്മാരാണ്‌.. അവരുടെ നികുതിപ്പണത്തിൽ നിന്നും ശമ്പളം വാങ്ങിയെടുത്ത്‌ ഭക്ഷണം കഴിച്ച ചോരയോട്ടം കൂടിയിട്ടാണോ ജീവനക്കാർ അവരെ ഇങ്ങനെ നരകിപ്പിക്കുന്നത്‌? തെരുവുനായെപ്പോലെ ആട്ടിവിടുന്നത്‌..? ഒന്നു കാണാൻ പോലും അവസരം നിഷേധിക്കുന്നത്‌?

കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ പ്രവർത്തനങ്ങൾ കൊണ്ട്‌ നാം നേടിയ എല്ലാ തിളക്കങ്ങളും, ഈ വകുപ്പിനോടുള്ള ബഹുമാനങ്ങളും കഴിഞ്ഞ രണ്ടുനാൾ കൊണ്ടുണ്ടായ നേരനുഭവങ്ങളിൽ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് അൽപമല്ലാത്ത ദുഃഖത്തോടെ തന്നെ പറഞ്ഞുകൊള്ളട്ടെ...
ആത്യന്തികമായി തെറ്റ്‌ ഞങ്ങളുടെ ഭാഗത്താണ്‌. ഞങ്ങൾ ഒരിക്കലും സർക്കാർ സംവിധാനത്തെ ആശ്രയിക്കാൻ പാടില്ലായിരുന്നു. ഇനിയൊരിക്കലും ഒരു സർക്കാരാശുപത്രിയുടെ ഏഴയലത്തു പോലും വരാതെ ഞങ്ങൾ സൂക്ഷിച്ചുകൊള്ളാം. ഞങ്ങളെപ്പോലെയുള്ളവർ സ്വകാര്യാശുപത്രിയിൽ അഭയം തേടുമ്പോഴും കേരളം ഒന്നാം സ്ഥാനത്ത്‌ വിളങ്ങിക്കൊള്ളട്ടെ.

സാദരം
ജുബിൻ ജേക്കബ്


First published: June 17, 2020, 9:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading