കോവിഡ് പോസിറ്റീവായ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ക്ഷീണം, വയറുവേദന, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ഓര്‍മ്മക്കുറവ്, തിണര്‍പ്പ് എന്നീ ദീര്‍ഘകാല ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് പഠനം. കോവിഡ് പോസിറ്റീവ് (covid positive) ആയ കുട്ടികള്‍ക്ക് കുറഞ്ഞത് രണ്ട് മാസമെങ്കിലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ദ ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്തിലാണ് (the lancet child and adolescent health) പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയ കുട്ടികളില്‍, രണ്ട് മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ഒരു ലക്ഷണമെങ്കിലും (symptoms) അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണം സ്ഥിരീകരിച്ചു.
ഡെന്മാര്ക്കിലെ കുട്ടികളുടെ സാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. മുമ്പ് കോവിഡ് ബാധിതരല്ലാത്ത കുട്ടികളുടെ സാമ്പിളുകളുമായി ഇത് പരിശോധിക്കുകയും ചെയ്തു.
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, പരിചരണം, ലോക്ക്ഡൗണ്‍, വാക്സിനേഷന് തുടങ്ങിയ തീരുമാനങ്ങള്‍ പിന്തുടരാന് ഈ പഠനം അനിവാര്യമാണെന്നും ഗവേഷകർ വിശ്വസിക്കുന്നു. ഈ വിഷയത്തില്‍ യുവാക്കളിൽ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ശിശുക്കളെയും ചെറിയ കുട്ടികളെയും കുറിച്ചുള്ള പഠനങ്ങള്‍ വളരെ അപൂര്‍വ്വമാണ്. എല്ലാ പ്രായത്തിലുള്ള കുട്ടികളിലും കോവിഡ് മഹാമാരിയുടെ ദീര്‍ഘകാല അനന്തരഫലങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണം നടത്തണമെന്നും പഠനം നടത്തിയവർ ശുപാര്‍ശ ചെയ്തു.
''കുട്ടികളിലും ശിശുക്കളിലും നീണ്ടുനില്‍ക്കുന്ന രോഗലക്ഷണങ്ങൾ കണ്ടെത്തുക, ജീവിത നിലവാരം മനസിലാക്കുക, സ്കൂളിലോ ഡേ കെയറിലോ ഉള്ള സംരക്ഷം എങ്ങനെയെന്ന് മനസിലാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഞങ്ങളുടെ പഠനത്തിന്റെ ലക്ഷ്യം ,'' ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എഴുത്തുകാരിയും പ്രൊഫസറുമായ സെലീന കിക്കെന്ബര്ഗ് ബെര്‍ഗ് പറഞ്ഞു. കോവിഡ് പോസിറ്റീവായ കുട്ടികള്‍ ദീര്‍ഘകാല ലക്ഷണങ്ങള്‍ അനുഭവിക്കാന്‍ സാധ്യതയുണ്ട്. മഹാമാരി യുവാക്കളെയും ബാധിച്ചിട്ടുണ്ടെന്ന് ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു.
കോവിഡ് പോസിറ്റീവായ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഗവേഷകർ സര്‍വേകള്‍ അയച്ചിരുന്നു. കോവിഡ് പോസിറ്റീവല്ലാത്ത 33,000ത്തിലധികം കുട്ടികളുടെയും കോവിഡ് പോസിറ്റീവായ ഏകദേശം 11,000 കുട്ടികളുടെയും വിവരങ്ങള്‍ ലഭിച്ചു.
കുട്ടികളിലെ 23 ദീര്‍ഘകാല ലക്ഷണങ്ങളെ കുറിച്ച് സര്‍വേയില്‍ പങ്കെടുത്തവരോട് ചോദിച്ചിരുന്നു. 3 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, തിണര്‍പ്പ്, വയറുവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. 4 മുതല്‍ 11 വയസ്സ് വരെയുള്ളവരില്‍ മാനസികാവസ്ഥയിലെ മാറ്റം, ഓര്‍മ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പ്രശ്നങ്ങള്‍, തിണര്‍പ്പ് എന്നിവയാണ് കണ്ടെത്തിയത്. 12 മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റം, ഓര്‍മ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രശ്നം എന്നീ ലക്ഷണങ്ങളാണ് കണ്ടത്.
ആരോഗ്യമുള്ള കുട്ടികളിലും ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. തലവേദന, മാനസികാവസ്ഥയിലെ പ്രശ്നങ്ങള്‍, വയറുവേദന, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ കോവിഡ് ബാധിതരല്ലാത്ത കുട്ടികള്‍ അനുഭവിക്കുന്ന സാധാരണ രോഗലക്ഷണങ്ങളാണ്. എന്നിരുന്നാലും, കോവിഡ് പോസിറ്റീവായ കുട്ടികള്‍ ദീര്‍ഘകാല ലക്ഷണങ്ങള്‍ അനുഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി. രോഗനിര്‍ണയത്തിനും സര്‍വേയ്ക്കും ഇടയിലുള്ള കാലയളവ് പഠനത്തിന് ഒരു പരിമിതിയാണെന്നും ഗവേഷകര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.