നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ശരീരത്തിന്റെ ഫിറ്റ്‌നസ്സ് നിലനിര്‍ത്താന്‍ ചെയ്യേണ്ടതെന്ത്? സെലിബ്രിറ്റികൾക്ക് പ്രിയപ്പെട്ട ചില വ്യായാമമുറകള്‍

  ശരീരത്തിന്റെ ഫിറ്റ്‌നസ്സ് നിലനിര്‍ത്താന്‍ ചെയ്യേണ്ടതെന്ത്? സെലിബ്രിറ്റികൾക്ക് പ്രിയപ്പെട്ട ചില വ്യായാമമുറകള്‍

  Favourite fitness regime of celebrities | ചില സെലിബ്രിറ്റി വർക്കൗട്ടുകള്‍ പരീക്ഷിച്ച് നോക്കിയാലോ?

  പിലാറ്റിസ് പരിശീലനത്തിൽ ഏർപ്പെട്ട ജാൻവി കപൂർ

  പിലാറ്റിസ് പരിശീലനത്തിൽ ഏർപ്പെട്ട ജാൻവി കപൂർ

  • Share this:
   ആരോഗ്യവും ശരീര സൗന്ദര്യവും നിലനിർത്തുക എന്നത് ഏറെക്കുറെ എല്ലാവരുടെയും ഒരു പൊതു ലക്ഷ്യമാണെന്ന് തന്നെ പറയാം. പക്ഷേ നമ്മളിൽ ചിലർ ജിമ്മിലും മറ്റും സമയം ചിലവഴിച്ച് ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ശരിക്കും പാടുപെടാറുണ്ട്. വലിയ ഭാരം ഉയർത്തുക എന്നതും കൃത്യമായ ദിനചര്യ പിന്തുടരുക എന്നതും ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ പലപ്പോഴും പ്രതിബന്ധങ്ങളായി മാറാറുമുണ്ട്. ഏറെ ദിവസങ്ങളോ അല്ലെങ്കിൽ മാസങ്ങളോ ജിമ്മിൽ ചെലവഴിച്ചതിന് ശേഷം, രസകരവും കൂടുതൽ ആകർഷകവുമായ ഫിറ്റ്നസ് ബദലുകൾ തേടി പോകുന്നവരും നമുക്കിടയിലുണ്ട്.

   പല ഫിറ്റ്നസ്സ് ബദലുകൾക്കും, ശരീരത്തിന് ആവശ്യമുള്ളത്ര ഊർജം നിലനിർത്തിക്കൊണ്ടുതന്നെ രസകരമായ മാർഗങ്ങളിലൂടെ നിങ്ങളുടെ ശാരീരിക ശേഷി വർദ്ധിപ്പിക്കാൻ കഴിയും. സിനിമാ മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികളും ഫിറ്റ്നസ് ലക്ഷ്യങ്ങൾക്കായി ഇത്തരം പല പ്രവർത്തനങ്ങളിലും ഏർപ്പെടാറുണ്ട്. ചില സെലിബ്രിറ്റി വർക്കൗട്ടുകള്‍ പരീക്ഷിച്ച് നോക്കിയാലോ?

   പോൾ ഡാൻസിങ്ങ്

   ഇപ്പോൾ കുറച്ചു കാലമായി ബോളിവുഡ് താരങ്ങളായ ജാക്വിലിൻ ഫെർണാണ്ടസും കൃതി ഖർബണ്ടയും പോൾ ഡാൻസിങ് ശീലമാക്കിയിരിക്കുകയാണ്. പോൾ ഡാൻസിങ് ശീലമാക്കുന്നതിന്റെ ഗുണങ്ങളിൽ ഒന്ന് അത് ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്തുന്നു എന്നതാണ്. പ്രത്യേകിച്ച് ശരീരത്തിന്റെ പുറകു വശത്തേയും കാലുകളിലെയും പേശികളുടെ ശക്തി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ മുകൾ ഭാഗത്തുള്ള കൊഴുപ്പ് എരിച്ച് കളയുന്നതിനും ഇത് സഹായകമാണ്. ഇത് ശരീരത്തിലെ എല്ലാ പേശികളെയും ഗുണകരമായി ബാധിക്കുന്നു. ശരീരത്തിന്റെ മുകൾ ഭാഗവും താഴ് ഭാഗവും ശക്തിപ്പെടാൻ ഈ വ്യായാമരൂപം സഹായിക്കുന്നു.

   അനിമൽ ഫ്ലോ

   ക്രിസ് ഹെംസ്വർത്ത്, സാമന്ത അക്കിനേനി, ദിവ്യങ്ക ത്രിപാഠി, വരുൺ ധവാൻ തുടങ്ങിയ പ്രമുഖർ ശക്തി നേടാനുള്ള പരിശീലനത്തിനായി അനിമൽ ഫ്ലോ എന്ന വ്യായാമ മുറ പരീക്ഷിക്കുകയും അത് പിന്തുടരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. ഈ വ്യായാമമുറ സാവധാനം ഫിറ്റ്നസ് ലോകം ഏറ്റെടുക്കുകയാണ്. അതിവേഗം ജനപ്രീതി നേടുന്ന ഒരു സമീപകാല വ്യായാമ മുറയാണിത്. ഇതിൽ തറയിൽ ഊന്നിക്കൊണ്ടുള്ള വ്യായാമങ്ങൾ ഉൾപ്പെടുന്നു. വ്യക്തിഗത ഫിറ്റ്നസ് പരിശീലകനായ എറിക് ലീജ ഇതിനെക്കുറിച്ച് പറയുന്നത് "ശരീരത്തെക്കുറിച്ച് കൂടുതൽ അവബോധം നേടാൻ സഹായിക്കുന്ന, വ്യക്തികളുടെ ശരീരഭാരം അടിസ്ഥാനമാക്കിയുള്ള ചലന സംവിധാനമാണ് അനിമൽ ഫ്ലോ. കൂടുതൽ ലളിതമായി പറയുകയാണെങ്കിൽ ബ്രേക്ക് ഡാൻസും യോഗയും കൂടിച്ചേർന്ന ഒരു വ്യായാമരൂപം എന്ന് ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കും."

   അനിമൽ ഫ്ലോ ശക്തി, ശാരീരികമായ സഹനശേഷി, വഴക്കം, സന്തുലിതാവസ്ഥ, ചലനശേഷി, ഏകോപനം എന്നീ കഴിവുകൾ നേടാൻ സഹായിക്കുന്നു. മറ്റു വ്യായാമമുറകളിൽ നിന്ന് വ്യത്യസ്തമായി നൃത്തം ചെയ്യുന്നത് പോലെ നന്നായി ആസ്വദിച്ചുകൊണ്ട് പരിശീലിക്കാൻ കഴിയുന്ന ഒന്നാണ് അനിമൽ ഫ്ലോ.

   ബോക്സിങ്ങ്

   നടി സന്യ മൽഹോത്ര ഈയിടെയായി, തന്റെ ബോക്സിംഗ് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. അവർക്ക് അതിനോട് ഒരു പ്രത്യേക താത്പര്യമുള്ളതായി കാഴ്ചക്കാർക്ക് തോന്നുകയും ചെയ്യുന്നുണ്ട്. ബോക്സിംഗ് കൊണ്ട് എന്താണ് ഇത്ര വലിയ ഗുണങ്ങളെന്ന് നിങ്ങൾ ആശ്ചര്യപ്പെടുന്നുവെങ്കിൽ, അവ എണ്ണമറ്റതാണ് എന്നാണുത്തരം. ബോക്സിങ്ങ് ഒരു മനുഷ്യന്റെ മൊത്തത്തിലുള്ള ശാരീരികക്ഷമതയും ശാരീരിക ശക്തിയും വർദ്ധിപ്പിക്കുന്നു. അതിന് ഒപ്പം തന്നെ ശരീരത്തിന്റെ വേഗത, സഹനശേഷി എന്നിവ മെച്ചപ്പെടുത്തുന്നു. ഇത് വളരെയധികം ശാരീരിക ഊർജം ആവശ്യമായ ഒരു വ്യായാമ മുറയാണ്. അതിനാൽ ബോക്സിങ്ങ് പരിശീലനം കഴിയുമ്പോഴേക്കും ആ വ്യക്തി വളരെയധികം ക്ഷീണിച്ചു പോകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ബോക്സിങ് പരിശീലിക്കുന്നവർക്ക് അതുകൊണ്ടുതന്നെ നന്നായി ഉറക്കം ലഭിക്കുകയും ചെയ്യും. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വളരെയധികം സഹാകയമാണ്. അതിനെല്ലാമുപരി, ഒരാൾക്ക് സ്വയം പ്രതിരോധ മാർഗ്ഗമായി ഉപയോഗിക്കാവുന്ന വളരെ ഫലപ്രദമായ ഒരു സാങ്കേതിക പരിശീലനം കൂടിയാണിത്.   പിലാറ്റിസ്

   സാറ അലി ഖാൻ, ജാൻവി കപൂർ, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരുൾപ്പെടെ മിക്ക നടിമാരും സ്ഥിരമായി പിലാറ്റിസ് അഭ്യസിക്കുന്നവരാണ്. ഇത് ഒരാളുടെ ശാരീരിക ശക്തി മെച്ചപ്പെടുത്താനും പേശികളുടെ കരുത്ത് വർദ്ധിപ്പിക്കാനും ശാരീരിക വഴക്കം നേടാനും ഏറെ സഹായകമാണ്. കൂടാതെ നിങ്ങൾക്ക് മികച്ച രൂപ ഭംഗിയും ലഭിക്കും. പിലാറ്റിസ് എന്ന വ്യായാമ മുറ ശ്വസന പ്രക്രിയയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാണ്. കൂടാതെ സമഗ്രമായ ശാരീരിക ചലനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിന് അധികമായി ഭാരം താങ്ങേണ്ട ആവശ്യം വരാറില്ല. അതേസമയം പ്രത്യേക വ്യായാമ ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യണം. പിലാറ്റിസ് ചെയ്യുന്നതിന് വ്യായാമ ഉപകരണങ്ങളുടെ ആവശ്യമുള്ളതിനാലാണ് പിലാറ്റിസ് ക്ലാസുകൾ വാഗ്ദാനം ചെയ്യുന്ന സ്റ്റുഡിയോകളും പ്രവർത്തിക്കുന്നത്. എന്നാൽ തുടക്കക്കാർ എന്ന നിലയിൽ നിങ്ങൾക്ക് ഇന്റർനെറ്റിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോകളും ഒരു മാറ്റും തുറസായ സ്ഥലവും മാത്രമേ ആവശ്യമായി വരികയുള്ളു.

   യോഗ

   ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരാൾക്ക് യോഗ എന്ന അഭ്യാസത്തെക്കുറിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ഇത് എല്ലാവർക്കും ചെയ്യാവുന്നതാണ്. യോഗാഭ്യാസത്തിന്റെ ഗുണങ്ങളും അനവധിയാണ്. വാസ്തവത്തിൽ, പതിവായി യോഗ ചെയ്യുന്ന ഒരാൾക്ക്, മറ്റ് തരത്തിലുള്ള യാതൊരു ഫിറ്റ്നസ് മുറകളുടെയും ആവശ്യമില്ല. യോഗ, അത് അഭ്യസിക്കുന്ന ഏതൊരാളുടെയും മുഴുവൻ ശരീരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും അയാളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. യോഗാഭ്യാസത്തിനായി പ്രത്യേക ഉപകരണങ്ങൾ ഒന്നും ആവശ്യമില്ല. തുറസ്സായ സ്ഥലവും പായയും മാത്രമേ യോഗാഭ്യാസത്തിന് ആവശ്യമുള്ളൂ. ബോളിവുഡിൽ കരീന കപൂറും മലൈക അറോറയുമാണ് യോഗാഭ്യാസത്തിന്റെ ഏറ്റവും വലിയ വക്താക്കൾ. അവരുടെ ശരീരത്തിന്റെ ഫിറ്റ്നസ്, മൊത്തത്തിലുള്ള കരുത്ത്, രൂപഭാവം, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നതിൽ യോഗാഭ്യാസങ്ങൾക്ക് വലിയ പങ്കുണ്ട്.

   ഫുട്ബോൾ

   ബോളിവുഡ് അഭിനേതാക്കളായ രൺബീർ കപൂർ, അഭിഷേക് ബച്ചൻ, കാർത്തിക് ആര്യൻ എന്നിവരാണ് ഫുട്ബോളിനെ സ്നേഹിക്കുന്ന ചില പ്രമുഖ താരങ്ങൾ. മറ്റ് ഫിറ്റ്നസ് മാർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫുട്ബോൾ ജനകീയമായ ഒരു കായിക വിനോദം കൂടിയാണ്. അതിൽ ഓട്ടവും മറ്റും ഉൾപ്പെടുന്നതിനാൽ ശരീരത്തിന്റെ മൊത്തത്തിലുള്ള ഏകോപനത്തെ സഹായിക്കുന്നു. ഒരു ഫുട്ബോൾ കളി നിങ്ങളെ പൂർണ്ണമായും ക്ഷീണിപ്പിക്കും എന്നുറപ്പാണ്. അതേസമയം, അത് കാലിന്റെ ശക്തി വർദ്ധിപ്പിക്കുകയും കാലുകളുടെ പേശികളുടെ വികാസത്തിന് സഹായകമാവുകയും ചെയ്യുന്നു.

   ഡാൻസിങ്ങ്

   ഡാൻസിങ്ങ് അഥവാ നൃത്തം എന്ന വിനോദത്തിന് ബോളിവുഡിന്റെ അംഗീകാര മുദ്രയുള്ളതാണ്. ഇത് വ്യായാമത്തിന്റെ ചലനാത്മക രൂപവും ശാരീരിക ഫിറ്റ്നസ്, ശാരീരിക ഊർജ്ജം എന്നിവ നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗവുമാണ്. മാത്രമല്ല, അത് നിങ്ങൾക്ക് വളരെയധികം പ്രശംസ നേടിത്തരാൻ സാധിക്കുന്ന ഒരു കഴിവും കൂടിയാണ്. ഇത് പേശികളുടെ വടിവും ശക്തിയും മെച്ചപ്പെടുത്തുന്നതിനും, ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു.

   സൈക്കിൾ ചവിട്ടൽ

   കോവിഡ് കാലത്ത് പലരും ആശ്രയിച്ചിരുന്ന ലളിതമായ ഒരു വ്യായാമ-വിനോദ മുറയായിരുന്നു സൈക്കിൾ ചവിട്ടൽ. ബോളിവുഡ് സെലിബ്രിറ്റികളായ സാറാ അലി ഖാൻ, ജാൻവി കപൂർ, സാമന്ത തുടങ്ങിയ പല പ്രമുഖരും കോവിഡ് കാലത്ത് ഔട്ട്ഡോർ സൈക്ലിംഗ് ശീലമാക്കിയിരുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കരുത്ത് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, സൈക്കിൾ ചവിട്ടുന്നത് പേശികളുടെ ശക്തിയും വഴക്കവും വർദ്ധിപ്പിക്കുകയും മാനസിക സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുകയും ശരീരനില മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം കൂട്ടമായി ആസ്വദിക്കാൻ കഴിയുന്ന വളരെ രസകരമായ ഒരു കായിക വിനോദമാണിത്. ഇത് നിങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയൊന്നും വരുത്തുകയില്ല എന്നു മാത്രമല്ല, ശരീരത്തിന് ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

   റോളർ സ്കേറ്റിങ്ങ്

   സെലിബ്രിറ്റി താരമായ ഫാത്തിമ സന ഷെയ്ക്ക് ഈയിടെയായി തന്റെ സ്കേറ്റിംഗ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാരുണ്ട്. ഇത് പലരും താഴ്ത്തിക്കെട്ടിയ ഒരു കായിക വിനോദോപാധിയാണങ്കിലും വിവിധ തലങ്ങളിൽ ഇത് പ്രയോജനപ്രദമാണ്. ഇത് പേശികളെ മെച്ചപ്പെട്ട നിലയിൽ പുനർനിർമ്മിക്കുകയും ശരീരത്തിലെ അധിക കലോറി എരിച്ച് കളയുകയും ചെയ്യുന്നു. എന്നാൽ സ്കേറ്റിങ്ങ് പരിശീലനങ്ങൾക്കിടയിൽ പരിക്കുകൾ പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. അപകട സാധ്യത നീക്കി നിർത്തിയാൽ ഇത് വളരെ രസകരമായ ഒരു കായികാഭ്യാസമാണെന്ന് മാത്രമല്ല, ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കും വളരെ നല്ലതാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

   ജിംനാസ്റ്റിക്സ്

   ദിഷ പാട്ട്നി വളരെക്കാലമായി കിക്ക്ബോക്സിംഗും ജിംനാസ്റ്റിക്സും പരിശീലിക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഫിറ്റ്നസ് കാത്തു സൂക്ഷിക്കുക എന്നത് ഭ്രാന്തമായ ഒരു ആവേശമാണെന്ന് കാഴ്ചക്കാർക്ക് തോന്നിയേക്കാം. ആകർഷണീയവും കരുത്ത് വർദ്ധിപ്പിക്കുന്നതും ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്തുന്നതുമായ ഒരു കഴിവാണ് ജിംനാസ്റ്റിക്സ്. കൂടാതെ ഇത് വളരെ ഊർജ്ജം ആവശ്യമുള്ളതും, ഊർജ്ജദായകവുമായ ഒരു കായിക വിനോദമാണ്. ശരീരത്തിന്റെ ഏകോപനം വികസിപ്പിക്കുന്നതിനും വഴക്കം മെച്ചപ്പെടുത്തുന്നതിനും ഈ ശാരീരിക മുറകൾ വളരെയധികം സഹായകമാണ്.

   നിങ്ങൾക്കായി ഇത്രയും ബദൽ വ്യായാമ മുറകളാണ് ഞങ്ങൾ പട്ടികപ്പെടുത്തിയത്. ഇതിൽ ഏതാണ് നിങ്ങൾ നിങ്ങൾക്കായി തിരഞ്ഞെടുക്കാൻ പോകുന്നത്?
   Published by:user_57
   First published:
   )}