പ്രമേഹ രോഗികൾ (Diabetics) നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളിലൊന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood Sugar Level) നിയന്ത്രിക്കേണ്ടത് എങ്ങനെയെന്ന് അറിയാത്തതാണ്. പ്രമേഹരോഗികള്‍ക്ക് ആരോഗ്യം സംരക്ഷിക്കാനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ (Health Issues) ഒഴിവാക്കാനും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണശീലങ്ങളിലൂടെ അതിന് സാധിക്കും. ഭക്ഷണത്തില്‍ ചില സുഗന്ധവ്യഞ്ജനങ്ങള്‍ (Spices) ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദമായി അറിയാം:
ഇഞ്ചി ഇന്‍സുലിന്‍ സ്രവണം നിയന്ത്രിക്കുന്നതിനാല്‍ പ്രമേഹരോഗികൾ ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല ഉദരരോഗങ്ങള്‍, ഛര്‍ദ്ദി എന്നിവയെ ശമിപ്പിക്കുന്ന ഇഞ്ചി ദഹനക്കേട് ഇല്ലാതാക്കാൻ ഫലപ്രദമാണ്. അജീര്‍ണ്ണം, അതിസാരം, പ്രമേഹം, അര്‍ശസ് തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇഞ്ചി/ചുക്ക് അടങ്ങിയ മരുന്നുകള്‍ ആയുവേദത്തില്‍ ഉപയോഗിക്കാറുണ്ട്.
ഉലുവ പ്രമേഹ രോഗികള്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ ഒന്നാണ് ഉലുവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഔഷധമാണ് ഉലുവ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഫൈബറുകളുടെയും മഗ്‌നീഷ്യത്തിന്റെയും മികച്ച ഉറവിടം കൂടിയാണ് ഉലുവ. മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് കൂടാതെ ക്ഷോഭം കുറയ്ക്കുന്നതിനും രക്തത്തിലെ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായകരമാണ്.
കറുവപ്പട്ട കറുവാപ്പട്ട നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസ് ഉണ്ടാക്കുന്ന ചില എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിലൂടെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ചുമ, ശ്വാസം മുട്ടല്‍ എന്നിവ ശമിക്കാൻ കറുവപ്പട്ട നല്ലതാണ്. കര്‍പ്പൂരാദി ചൂര്‍ണ്ണത്തില്‍ ചേര്‍ക്കുന്ന പ്രധാന വസ്തുവും ഇതാണ്.
മഞ്ഞള്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ശക്തമായ ആന്റിഓക്സിഡന്റാണ്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാലും മഞ്ഞൾ സമ്പന്നമാണ്. ചെറിയ വിഷ ജന്തു/പ്രാണികളുടെ കടി, ഉദരപ്പുണ്ണ്, കുഴിനഖം, മുറിവ്, പഴുപ്പ് എന്നിങ്ങനെ പല രോഗങ്ങള്‍ക്കും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്.
സൗന്ദര്യസംവര്‍ദ്ധക, ലേപന സംബന്ധമായ ഉപയോഗങ്ങളും ഇതിനുണ്ട്. ആയുര്‍വേദവിധിപ്രകാരമുള്ള പല ഔഷധങ്ങളുടെയും നിര്‍മ്മാണത്തില്‍ മഞ്ഞള്‍ പച്ചയായും ഉണക്കിയും ഉപയോഗിച്ചുവരുന്നു.
തുളസി തുളസി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശരീരത്തെ ശക്തമാക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ ഇത് നിങ്ങളുടെ ശരീരത്തെ സഹായിക്കും. തുളസിയിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തുളസി ജലദോഷം, മൂക്കടപ്പ്, ചുമ, തൊണ്ടവേദന, ഉദരരോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നു. ഉദരകൃമികളെ നശിപ്പിക്കുകയും ത്വക്കുരോഗങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വര്‍ദ്ധിപ്പിക്കുന്നു. തുളസിയിലയിട്ട വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാല്‍ രക്തശുദ്ധി കൈവരികയും അലര്‍ജി പോലുള്ള രോഗങ്ങള്‍ക്ക് ശമനമാവുകയും ചെയ്യും.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ നുറുങ്ങുകള്‍ പൊതുവായി പിന്തുടരുന്ന രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. അവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.