• HOME
 • »
 • NEWS
 • »
 • life
 • »
 • Period Pain | ചൂടുള്ള ഭക്ഷണം കഴിക്കുക; സൂര്യപ്രകാശം ഏൽക്കുക; ആർത്തവ സമയത്തെ വേദനയകറ്റാൻ ചെയ്യേണ്ടത്

Period Pain | ചൂടുള്ള ഭക്ഷണം കഴിക്കുക; സൂര്യപ്രകാശം ഏൽക്കുക; ആർത്തവ സമയത്തെ വേദനയകറ്റാൻ ചെയ്യേണ്ടത്

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ധാരാളം വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്

 • Share this:
  എല്ലാ സ്ത്രീകളുടെയും ജീവിതത്തിന്റെ ഭാഗമാണ് ആര്‍ത്തവം (Periods). ചിലര്‍ക്ക് ഈ ദിവസങ്ങള്‍ മറ്റേതൊരു സാധാരണ ദിവസവും പോലെ തന്നെയായിരിക്കും. മറ്റുള്ളവര്‍ക്ക് അങ്ങനെയായിരിക്കണമെന്നില്ല. ആര്‍ത്തവ സമയത്ത് വേദന ഉണ്ടാകുന്നത് സാധാരണമാണ്.

  വേദന അസഹനീയമാവാൻ തുടങ്ങുമ്പോഴാണ് ഉത്കണ്ഠ ആരംഭിക്കുക. സാധാരണയായി ആർത്തവ വേദന മാറാൻ സ്ത്രീകൾ സ്വീകരിക്കുന്ന വഴി വേദനസംഹാരികൾ (Pain Killer) കഴിക്കുക എന്നതാണ്. എന്നാൽ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ശരിയായ പരിഹാരമാർഗ്ഗമല്ല. അതിനാല്‍, ആര്‍ത്തവ വേദനയെ എളുപ്പത്തിലും സ്വാഭാവികമായും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ ടിപ്സ് (Ayurveda Tips) ഇവിടെ പങ്കുവെയ്ക്കുന്നു.

  ആയാസകരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക

  ആയുര്‍വേദ ഡോക്ടറായ ഡോ വരലക്ഷ്മി യനമന്ദ്ര ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ കഠിനമായ ജോലികൾ ചെയ്യുന്നത് അമിത രക്തസ്രാവത്തിനും കടുത്ത വേദനയ്ക്കും ഇടയാക്കുമെന്ന് വിശദീകരിക്കുന്നു. 'ആര്‍ട്ട് ഓഫ് ലിവിംഗ്' ബ്ലോഗ് അനുസരിച്ച്, സ്ത്രീകള്‍ അവരുടെ ആര്‍ത്തവത്തിന്റെ ആദ്യ മൂന്ന് ദിവസമെങ്കിലും കഠിനമായ വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം. പകരം, നടക്കാന്‍ പോവുകയോ ലളിതമായ യോഗാസനങ്ങൾ പരീക്ഷിക്കുകയോ ധ്യാനിക്കുകയോ ചെയ്യാം.

  ചൂടുള്ളതും നന്നായി പാകം ചെയ്തതുമായ ഭക്ഷണം കഴിക്കുക

  ശരീരഭാരം കുറയ്ക്കാന്‍ പലരും സാധാരണയായി തണുത്ത ഭക്ഷണങ്ങളായ സാലഡ്, അസംസ്‌കൃത പച്ചക്കറികള്‍, ഷെയ്ക്കുകള്‍ മുതലായവ കഴിക്കാറുണ്ട്. എന്നാൽ, ആര്‍ത്തവ സമയത്ത് വീട്ടില്‍ പാകം ചെയ്ത ചൂടുള്ള ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

  ചൂടുള്ള ചായ കുടിക്കുക

  ചായ നിങ്ങളുടെ തലച്ചോറിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച പ്രതിവിധിയാണ്. വേദന ശമിപ്പിക്കുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ചായയിലുണ്ട്. ഡോ ദിക്‌സ ഭാവ്സര്‍ സാവാലിയ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വേദന ലഘൂകരിക്കാൻ സഹായിക്കുന്ന ചില ചായകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഡോക്ടറുടെ അഭിപ്രായത്തില്‍ ഇഞ്ചി ചായ, ഗ്രീന്‍ ടീ, പുതിന ചായ, മഞ്ഞള്‍ ചായ എന്നിവ കുടിക്കാവുന്നതാണ്.

  മതിയായ വിശ്രമം

  ആര്‍ത്തവ സമയത്ത് ശരീരത്തില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് വിശ്രമം. വേദനയോടെ ഉറങ്ങുക ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ നേരത്തെ ഉറങ്ങുകയും സ്വാഭാവികമായി ഉണരുകയും ചെയ്യുന്ന രീതിയിൽ ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരുന്നത് ശരീരത്തിനും മനസ്സിനും ആശ്വാസം പകരും.

  സൂര്യപ്രകാശം കൊള്ളുക

  ഡോ ഡിക്‌സയും ഡോ വരലക്ഷ്മിയും സൂര്യനില്‍ നിന്നുള്ള വിറ്റാമിന്‍ ഡി ലഭിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ സൂര്യപ്രകാശത്തിന് പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന രാസവസ്തുവിന്റെ ഉല്‍പാദനം കുറയ്ക്കുന്നതിനുള്ള ഗുണങ്ങളുണ്ട്.

   Also Read- കോവിഡിന്റെ മൂന്നാം തരംഗത്തിൽ ജനങ്ങൾ സ്വയം രോഗനിർണയം നടത്തിയത് എങ്ങനെ?

  ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ധാരാളം വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. നട്സ്, ഇഞ്ചി, ചീര, ഡാര്‍ക്ക് ചോക്ലേറ്റ്, വാഴപ്പഴം, പെരുംജീരകം, ഓറഞ്ച്, തണ്ണിമത്തന്‍ തുടങ്ങിയവ ആര്‍ത്തവ സമയത്ത് കഴിക്കാം. ആര്‍ത്തവം ആരംഭിച്ച് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഇവ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇത് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.
  Published by:Jayashankar AV
  First published: