നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Menstruation | ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾക്ക് എങ്ങനെ പരിഹാരം കാണാം? ആർത്തവത്തിന് മുൻപും ശേഷവും ശീലമാക്കേണ്ട ഭക്ഷണങ്ങൾ

  Menstruation | ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾക്ക് എങ്ങനെ പരിഹാരം കാണാം? ആർത്തവത്തിന് മുൻപും ശേഷവും ശീലമാക്കേണ്ട ഭക്ഷണങ്ങൾ

  ആർത്തവം മൂലം എല്ലാ മാസങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു സ്വാഭാവിക പ്രക്രിയ ആണെങ്കിൽ പോലും ഈ സമയങ്ങളിൽ കൂടുതൽ പരിചരണം ആവശ്യമാണ്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഏതൊരു സ്ത്രീയെയും സംബന്ധിച്ചിടത്തോളം ആർത്തവകാലം (Menstruation) അവരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. ഈ ശാരീരിക പ്രക്രിയയുടെ ഭാഗമായി സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. അതിനാൽ തന്നെ സ്ത്രീകൾ പോഷകപ്രദമായ ആഹാരം (Nutritious Food) ശീലമാക്കേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീ ശരീരത്തിന് (Women's Body) ആർത്തവ സമയങ്ങളിലും അല്ലാതെയും നൽകേണ്ട പരിചരണത്തെ കുറിച്ച് പോഷകാഹാര വിദഗ്ധയായ മീനാക്ഷി പേട്ടുകോല വിവരിക്കുന്നു.

   ആർത്തവം മൂലം എല്ലാ മാസങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു സ്വാഭാവിക പ്രക്രിയ ആണെങ്കിൽ പോലും ഈ സമയങ്ങളിൽ കൂടുതൽ പരിചരണം ആവശ്യമാണ്. ആർത്തവത്തിന് മുൻപും ആർത്തവത്തിന് ശേഷവും സ്ത്രീകൾ ശാരീരികവും മാനസികവുമായ നിരവധി ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നുണ്ട്. ഈ സമയങ്ങളിൽ ശരീരത്തിന് ആവശ്യമായ ഊർജം നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മീനാക്ഷി വ്യക്തമാക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് പുറമെ ആർത്തവ സമയങ്ങളിലെ വയറു വേദന, തലവേദന, നടുവേദന, ക്ഷീണം, വയറു വീർക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകാനും ആരോഗ്യകരമായ ഭക്ഷണരീതി ഗുണം ചെയ്യുമെന്ന് മീനാക്ഷി പറയുന്നു. ഇതിനായി അവർ നിർദേശിക്കുന്ന മാർഗങ്ങൾ പരിശോധിക്കാം.

   ആർത്തവത്തിന് മുൻപ്

   ആർത്തവം ഉണ്ടാകുന്നതിനു ഒരാഴ്ച മുൻപ് തന്നെ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് വർദ്ധിക്കുന്നു. ഇതോടെ ശരീരത്തിലെ FSH (ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ), LH (ല്യൂട്ടിനൈസിംഗ് ഹോർമോൺ) എന്നിവ കുറയുന്നു. ഈ കാലയളവിലാണ് സ്ത്രീകളിൽ പിഎംഎസ് അഥവാ പ്രീമെൻസ്ട്രൽ സിൻഡ്രോം കണ്ടു വരുന്നത്. ഈ അവസ്ഥയിൽ സ്ത്രീകൾക്ക് ക്ഷീണം, ദേഷ്യം, ഇഷ്ടപെട്ട ഭക്ഷണത്തോടുള്ള ആസക്തി, മാനസികാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനം എന്നീ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.

   ഈ സമയങ്ങളിൽ സ്ത്രീകൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് മീനാക്ഷി നൽകുന്ന നിർദേശം ഇങ്ങനെയാണ്. നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ചീര, ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം, പരിപ്പ്, ടോഫു, പയർ, ബീൻസ്, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇലക്കറികൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.

   ആർത്തവ സമയത്ത്

   ആർത്തവം ആരംഭിക്കുമ്പോൾ ഭൂരിഭാഗം സ്ത്രീകൾക്കും കഠിനമായ വയറു വേദനയും അസ്വസ്ഥതയും ഉണ്ടാകാറുണ്ട്. ശരീര വേദന ഒഴിവാക്കാനും ഊർജം നില നിർത്താനും പോഷകസമൃദ്ധമായ ആഹാരങ്ങൾ കഴിക്കുക. ഇരുമ്പ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ധാന്യങ്ങൾ, കൊഴുപ്പുള്ള മത്സ്യം, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചൂടുള്ള കുരുമുളക് ചായ അല്ലെങ്കിൽ ഇഞ്ചി ചായ വേദനകളിൽ നിന്നും പരിഹാരം കാണാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുക.

   ആർത്തവത്തിന് ശേഷം

   മൂന്നു മുതൽ ഏഴു ദിവസം വരെ നീണ്ടു നിൽക്കുന്ന ആർത്തവത്തിനു ശേഷം ഫോളികുലാർ ഘട്ടത്തിൽ ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നു. ആർത്തവം തുടങ്ങി 14-ാം ദിവസം ശരീരത്തിൽ അണ്ഡോത്പാദന പ്രക്രിയ ആരംഭിക്കുന്നു. ഈ സമയം പോഷകാഹാരം പ്രധാനമാണ്. അതിനായി വൈറ്റമിൻ ബി, കാൽസ്യം എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാം. പയർവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ മുതലായവ കഴിക്കുക.

   ഓട്‌സ്, ബ്രൗൺ റൈസ്, പഴങ്ങൾ, നാരുകളുള്ള പച്ചക്കറികൾ, പയർ, സ്ട്രോബെറി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഫ്ളാക്സ് സീഡ്, പരിപ്പ് വർഗ്ഗങ്ങൾ, ധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക

   ഉപ്പിന്റെ അമിത ഉപഭോഗം ഒഴിവാക്കുക. ഇത് നീർക്കെട്ടിനു കാരണമാകുന്നു. എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നതും ഒഴിവാക്കുക. കാരണം ഇത് ആമാശയത്തെ അസ്വസ്ഥമാക്കും.
   Published by:user_57
   First published: