മേദബയാനി ബാലകൃഷ്ണൻ | ന്യൂസ് 18
ഹൈദരാബാദ്: കേരളത്തിൽ സിക വൈറസ് കണ്ടെത്തിയതോടെ രാജ്യത്ത് സമാനമായ കേസുകളിൽ വർദ്ധനവ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുവരെ 19 സിക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. സിക വൈറസ് എങ്ങനെ സ്വയം തടയാമെന്ന് ഗൈനക്കോളജിസ്റ്റായ ഡോ. മമത ന്യൂസ് 18നോട് സംസാരിക്കുന്നു.
എന്താണ് സിക വൈറസ്?
സിക ഒരു പുതിയ വൈറസല്ല. 1947 ൽ ഉഗാണ്ടയിൽ ആദ്യമായി കുരങ്ങുകളിൽ സിക വൈറസ് കണ്ടെത്തിയിരുന്നു. പിന്നീട് 1952ൽ ഉഗാണ്ടയിൽ തന്നെ മനുഷ്യരിൽ കണ്ടെത്തി. ഈ വൈറസ് സാധാരണയായി പകർത്തുന്നത് കൊതുകുകളാണ്. എല്ലാ കൊതുകുകളും സിക വൈറസ് പകർത്തുന്നില്ല. മാത്രമല്ല രോഗം ബാധിച്ച കൊതുകു വഴി എല്ലാവർക്കും വൈറസ് ബാധിക്കണമെന്നുമില്ല. സിക വൈറസ് വരാനുള്ള സാധ്യത ഏറ്റവും കൂടുതൽ സിക വൈറസ് വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കോ ഈ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവർക്കോ ആണ്.
വൈറസ് ബാധിക്കുന്നത് എങ്ങനെ?
രോഗം ബാധിച്ച പങ്കാളിയുമായി യോനി, മലദ്വാരം, ഓറൽ സെക്സ് എന്നിവ വഴി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെയോ ഒരേ സെക്സ് ടോയ്സ് ഉപയോഗിക്കുന്നതിലൂടെയോ ഗർഭിണിയായ സ്ത്രീയിൽ നിന്ന് കുഞ്ഞിലേയ്ക്കോ രോഗബാധിതരിൽ നിന്ന് രക്തത്തിലൂടെയോ സിക വൈറസ് ബാധിക്കാം.
സിക വൈറസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
സികയുടെ സാധാരണ ലക്ഷണങ്ങൾ പനി, തലവേദന, സന്ധി വേദന, പേശിവേദന, കണ്ണുകൾക്കുണ്ടാകുന്ന ചുവപ്പ് നിറം എന്നിവയാണ്. സികയുടെ ഈ ലക്ഷണങ്ങൾ രോഗബാധിതരായി മൂന്ന് മുതൽ ഏഴ് ദിവസങ്ങൾക്ക് ശേഷം മാത്രമേ കാണിച്ച് തുടങ്ങുകയുള്ളൂ.
ഗർഭാവസ്ഥയിൽ സിക വൈറസ് മൂലമുണ്ടാകുന്ന അപകടസാധ്യത
സിക അണുബാധ കുഞ്ഞുങ്ങളിലെ ജനന വൈകല്യങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു. സിക ബാധിച്ചതിനുശേഷം ഗർഭിണികളായ സ്ത്രീകളുടെ കുഞ്ഞുങ്ങൾക്ക് ചില നാഡീ സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഗർഭാവസ്ഥയിൽ സിക വൈറസ് അണുബാധയുണ്ടായാലുള്ള ഫലങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടന്നു വരികയാണ്.
സിക വൈറസ് ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്?
സിക വൈറസിന്റെ ചികിത്സയേക്കാൾ മികച്ച പരിഹാരം രോഗം വരാതെ തടയുക എന്നതാണ്. സിക വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക. കൊതുക് കടിക്കുന്നത് തടയുകയും വൈറസ് ബാധിച്ച പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നത് വഴി രോഗം ഒരു പരിധി വരെ ഒഴിവാക്കാം.
ഗർഭാവസ്ഥയിൽ സ്ത്രീകൾ സിക ബാധിതരായാൽ എന്ത് സംഭവിക്കും?
നിലവിൽ സിക വൈറസിന് ഒരു വാക്സിനും ലഭ്യമല്ല. ഗർഭിണികൾ സിക പോസിറ്റീവായാൽ കുഞ്ഞിന്റെ വളർച്ചയുടെ ബാക്കി മാസങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ഗർഭിണിയായ ഒരു സ്ത്രീ സിക പോസിറ്റീവായാൽ കുഞ്ഞിന് ജനന വൈകല്യങ്ങളോ നാഡീ സംബന്ധമായ പ്രശ്നങ്ങളോ ഉണ്ടാകുമെന്ന കാര്യത്തിൽ തീർച്ചയില്ല.
കടപ്പാട്: ഡോ. മമത പി
ഡിജിഒ, ഡിഎൻബി, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് & ഒബ്സ്റ്റെട്രീഷ്യൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pregnant women, Zika virus, Zika virus Causes, Zika virus Kerala, Zika virus Symptoms