• HOME
  • »
  • NEWS
  • »
  • life
  • »
  • Blood Transfusion | എന്താണ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ? പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?

Blood Transfusion | എന്താണ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ? പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം?

മുറിവോ ശസ്ത്രക്രിയയോ മൂലം രക്തം നഷ്ടപ്പെട്ട ഒരു വ്യക്തിക്കോ രോഗിക്കോ രക്തം നൽകുന്ന പ്രക്രിയയാണ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ എന്നറിയപ്പെടുന്നത്.

  • Share this:
    മുറിവോ ശസ്ത്രക്രിയയോ മൂലം രക്തം നഷ്ടപ്പെട്ട ഒരു വ്യക്തിക്കോ രോഗിക്കോ രക്തം നൽകുന്ന പ്രക്രിയയാണ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ (Blood Transfusion) എന്നറിയപ്പെടുന്നത്. ചില രോഗാവസ്ഥകൾ കാരണം രക്തക്കുറവ് നേരിടുന്ന വ്യക്തികളിലും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്താറുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (United States National Center for Biotechnology Information (NCBI)) പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ധമനികളിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാനും ടിഷ്യൂകളിലേക്ക് ഓക്സിജൻ വിതരണം ചെയ്യാനുമായാണ് സാധാരണയായി ആർബിസി (ചുവന്ന രക്താണുക്കൾ) ട്രാൻസ്ഫ്യൂഷൻ നടത്തുന്നത്.

    മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാ​ഗം സീനിയർ കൺസൾട്ടന്റ്- ഡോ. മഞ്ജുഷ അഗർവാൾ (Dr Manjusha Agarwal) പറയുന്നതനുസരിച്ച് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തുന്നതിന് മുൻപ്, പകരുന്ന രക്തം സ്വീകർത്താവിന് എത്രത്തോളം ചേരും എന്ന് ഉറപ്പാക്കാൻ എല്ലാത്തരം പരിശോധനകളും നടത്താറുണ്ട്. കയ്യിലെ സിരയിലേക്ക് ഒരു സൂചി കുത്തിയാണ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തുന്നത്. അതിനു മുൻ‌പ് മെഡിക്കൽ സ്റ്റാഫ് രോ​ഗിയുടെ ശാരീരിക അവസ്ഥകളെല്ലാം നിരീക്ഷിക്കും. "ഒരു ബ്ലഡ് ട്രാൻസ്ഫ്യൂഷൻ പൂർത്തിയാക്കാൻ 4 മണിക്കൂർ വരെ എടുക്കും. അത്യാഹിത ഘട്ടങ്ങളിൽ വേഗത്തിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്താം," ഡോ. മഞ്ജുഷ അഗർവാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

    രക്തം സ്വീകർത്താവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അതിന്റെ പ്രതികൂല ഫലങ്ങൾ ഉണ്ടാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അത്തരം സന്ദർഭങ്ങളിൽ സ്വീകർത്താവിന്റെ ശരീരം ദാതാവിന്റെ രക്തകോശങ്ങളെ നശിപ്പിക്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയും അത് മറ്റ് പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് തിണർപ്പ്, ചൊറിച്ചിൽ, പനി എന്നിവയ്ക്കെല്ലാം കാരണമായേക്കാം. സ്ഥിതി കൂടുതൽ ​ഗുരുതരമായാൽ ശ്വാസകോശത്തിനോ വൃക്കയ്‌ക്കോ തകരാറും സംഭവിക്കാം.

    ചില സന്ദർഭങ്ങളിൽ, ബ്ലഡ് ട്രാൻസ്ഫ്യൂഷനിടെ മെഡിക്കൽ സ്റ്റാഫ് വരുത്തുന്ന എന്തെങ്കിലും തെറ്റുകളും രക്തം സ്വീകരിക്കുന്നവരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ബ്ലഡ് ട്രാൻസ്ഫ്യൂഷനു മുൻപ് ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തഗ്രൂപ്പുകൾ തമ്മിലുള്ള കൃത്യമായ പൊരുത്തം ഉറപ്പാക്കാൻ ശരിയായ പരിശോധനകൾ നടത്തേണ്ടതുണ്ട്.

    'ഇന്ത്യയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻറെ പിതാവ്' എന്ന് അറിയപ്പെടുന്ന ഡോക്ടർ ജയ്ഗോപാൽ ജോളി നൽകിയ മഹത്തായ സംഭാവനകളെ അനുസ്മരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബർ ഒന്നിനാണ് ഇന്ത്യയിൽ ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നത്. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മേഖലയിൽ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന വിദഗ്ദനായിരുന്നു അദ്ദേഹം. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ നാഷണൽ, സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലുകളുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം ഈ മേഖലയിലെ ട്രാൻസ്ഫ്യൂഷൻ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ തന്റെ ശ്രമം എന്നും തുടർന്നു കൊണ്ടേയിരുന്നു. ട്രാൻസ്ഫ്യൂഷൻ മെഡിസിന്റെ അക്കാദമിക് വികസനത്തിനും ഹീമോഫിലിയക്ക് സൗജന്യ ഘടകങ്ങൾ നൽകുന്നതിനും ആയിരുന്നു തന്റെ അവസാന വർഷങ്ങളിൽ അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
    Published by:Sarath Mohanan
    First published: