നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Acidity | അസിഡിറ്റി എളുപ്പത്തിൽ കുറയ്ക്കാം ഈ പൊടിക്കൈകളിലൂടെ

  Acidity | അസിഡിറ്റി എളുപ്പത്തിൽ കുറയ്ക്കാം ഈ പൊടിക്കൈകളിലൂടെ

  ജീവിത ശൈലിയും ഭക്ഷണ ക്രമീകരണവും മോശമാകുമ്പോഴാണ് അസിഡിറ്റി പോലെയുള്ള പ്രശ്‍നങ്ങൾ ഉണ്ടാകുന്നത്.

  • Share this:
   ഇന്നത്തെ കാലത്ത് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി (Acidity). ജീവിത ശൈലിയും ഭക്ഷണ ക്രമീകരണവും മോശമാകുമ്പോഴാണ് അസിഡിറ്റി പോലെയുള്ള പ്രശ്‍നങ്ങൾ ഉണ്ടാകുന്നത്. പല മരുന്നുകളും മാറി മാറി കഴിച്ചാലും വ്യായാമക്കുറവും ഭക്ഷണ രീതിയും വീണ്ടും വില്ലനായി വരും. അതുകൊണ്ട് തന്നെ ആദ്യമായി എന്താണ് അസിഡിറ്റി എന്ന് മനസ്സിലാക്കാം.

   ശരീരത്തിലെത്തുന്ന ഭക്ഷണം ദഹിപ്പിക്കാൻ ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികൾ (Gastric glands) ഉത്പാദിപ്പിക്കുന്ന ആസിഡ് അത്യാവശ്യമാണ്. എന്നാൽ ദഹന പ്രക്രിയയ്ക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ ആസിഡ് ഗ്യാസ്ട്രിക് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുമ്പോൾ നെഞ്ചിന് താഴെ വയറിന് മുകളിലായി പുകച്ചിൽ അനുഭവപ്പെടും. ഇതാണ് അസിഡിറ്റി എന്നറിയപ്പെടുന്നത്.

   ചിലസമയങ്ങളിൽ വയറ്റിലെ ആസിഡ് വീണ്ടും ഫുഡ് പൈപ്പിലേക്ക് (Food pipe) ഒഴുകും. ഇതിനെ ആസിഡ് റിഫ്ലക്സ് (Acid reflux) എന്ന് വിളിക്കുന്നു. നെഞ്ചിന്റെ താഴെ ഭാഗത്ത് അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ അസിഡിറ്റിയുടെ ലക്ഷണമാണ്. നെഞ്ചിൽ കത്തുന്ന വേദനയും ഏമ്പക്കവും ഇതിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ്. കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കാത്തത്, ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത്, മസാല ചേർത്ത ഭക്ഷണം കഴിക്കുന്നത്, ഉയർന്ന അളവിൽ ഉപ്പ് അല്ലെങ്കിൽ പഞ്ചസാര കഴിക്കുന്നത്. കുറഞ്ഞ ഫൈബർ ഭക്ഷണക്രമം, അമിതമായ ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, ജങ്ക് ഫുഡ് എന്നിവ അസിഡിറ്റിക്ക് കാരണമാകുന്ന നിരവധി കാരണങ്ങളിൽ ചിലതാണ്.

   ഫിറ്റ്നസ് കോച്ചായ നിധി ഗുപ്ത (Nidhi Gupta) തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അസിഡിറ്റി കുറയ്ക്കാനുള്ള ചില മാർഗങ്ങൾ പങ്കുവച്ചിട്ടുണ്ട്. നിധിയുടെ അഭിപ്രായത്തിൽ, യുവതലമുറയുടെ അലസമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണങ്ങൾ എന്നിവ മൂലമാണ് കൂടുതൽ അസിഡിറ്റി പ്രശ്ങ്ങളുണ്ടാകുന്നത്. എന്നാൽ ഈ അസിഡിറ്റി മാറ്റാൻ നമ്മുടെ അടുക്കളയിൽ തന്നെ ചില പൊടിക്കൈകൾ ഉണ്ടെന്ന് അവർ പറയുന്നു. അവ എന്താണെന്ന് നോക്കാം.

   ഉണക്കമുന്തിരി (Dried raisins )

   അസിഡിറ്റി ഉള്ളവർ ഉണക്കമുന്തിരി 5 എണ്ണം ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് വച്ച് പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണെന്ന് അവർ പറയുന്നു.

   ഒരു ഗ്ലാസ് മോര് (buttermilk)

   ശുദ്ധമായ മോര് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുമെന്ന് നിധി ഗുപ്ത പറയുന്നു.

   സുഗന്ധവ്യഞ്ജനങ്ങൾ (spices) ഉപയോഗിച്ച് ഒരു മാജിക് പാനീയം

   ചതച്ച ഏലക്ക, കുരുമുളക്, ഗ്രാമ്പൂ, പെരുംജീരകം, മഞ്ഞൾ, തുളസി ഇല ചേർത്ത് ഒരു മാജിക് ഡ്രിങ്ക് തയ്യാറാക്കാമെന്ന് നിധി പറയുന്നു. ഈ മിശ്രിതം ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളച്ചതിന് ശേഷം ഇത് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്.

   അസിഡിറ്റി പ്രശ്നങ്ങളുള്ള ആളുകൾ കൃത്യമായ ഇവവേളകളിൽ ഭക്ഷണം കഴിക്കണമെന്നും നിധി പറയുന്നു. അസിഡിറ്റി തോത് നിയന്ത്രിക്കുന്നതിന് അർദ്ധരാത്രി അത്താഴം ഒഴിവാക്കണമെന്നും നിധി കൂട്ടിച്ചേർത്തു. കൂടാതെ ഭക്ഷണം കഴിച്ചതിന് ശേഷം ഉടൻ കിടക്കരുതെന്നും ഉറങ്ങുമ്പോൾ തല ഉയർത്തി കിടക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം.
   Published by:Karthika M
   First published: