ഇന്റർഫേസ് /വാർത്ത /Life / ആത്മഹത്യാപ്രവണത, വിഷാദം, ഏകാന്തത; മഹാമാരി കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് മനഃശാസ്ത്രജ്ഞർ

ആത്മഹത്യാപ്രവണത, വിഷാദം, ഏകാന്തത; മഹാമാരി കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് മനഃശാസ്ത്രജ്ഞർ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കൊറോണ വൈറസിനെ ഭയപ്പെടുന്നത് കൊണ്ടും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും കാരണം ആളുകൾ പുറത്തിറങ്ങുന്നില്ല. പ്രത്യേകിച്ച് കുട്ടികൾക്ക് പുറം ലോകവുമായി നേരിട്ടുള്ള ബന്ധം നഷ്ടപ്പെട്ടു

  • Share this:

#ശരത് ശർമ്മ കലാഗരു

ബെംഗളൂരു: കോവിഡ് മഹാമാരിയ്ക്ക് മുമ്പിൽ ലോകം വിറങ്ങലിച്ച് നിൽക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമാകുമ്പോൾ രോഗം അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഇതുവരെയില്ല. കൊറോണ വൈറസിനെ ഭയപ്പെടുന്നത് കൊണ്ടും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും കാരണം ആളുകൾ പുറത്തിറങ്ങുന്നില്ല. പ്രത്യേകിച്ച് കുട്ടികൾക്ക് പുറം ലോകവുമായി നേരിട്ടുള്ള ബന്ധം നഷ്ടപ്പെട്ടു. ക്ലാസുകൾ മുതൽ കളികൾ വരെ വീടിനുള്ളിൽ മാത്രം ഒതുങ്ങി. സുഹൃത്തുക്കളുമായുള്ള ഇടപഴകലുകളില്ല. ഈ ദിവസങ്ങളിൽ കുട്ടികൾ വെർച്വൽ ലോകത്തെ മാത്രമാണ് ആശ്രയിക്കുന്നത്. മനഃശാസ്ത്രജ്ഞരുടെയും മനോരോഗവിദഗ്ദ്ധരുടെയും അഭിപ്രായത്തിൽ ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ബെംഗളൂരുവിലെ നിംഹാൻസിലെ മാനസികാരോഗ്യ സേവനങ്ങൾക്കായുള്ള ദേശീയ ഹെൽപ്പ് ലൈൻ നമ്പറിൽ ഇടയ്ക്കിടെ മാതാപിതാക്കളുടെ കോളുകൾ എത്തുന്നുണ്ട്. കുട്ടികൾ ആത്മഹത്യാ പ്രവണതകൾ കാണിക്കുകയും വിഷാദവും ഏകാന്തതയും അനുഭവിക്കുന്നതുമാണ് പലരുടെയും പരാതി. ഇതിന് പരിഹാരം തേടിയാണ് മാതാപിതാക്കൾ വിളിക്കുന്നത്.

മുമ്പ്, നിംഹാൻസ് ഹെൽപ്പ് ലൈനിൽ പ്രതിദിനം 50-60 കോളുകളാണ് ലഭിക്കാറുണ്ടായിരുന്നത്. എന്നാൽ ലോക്ക്ഡൗണിന് ശേഷം സ്ഥിതി പൂർണ്ണമായും മാറി. നിംഹാൻസിൽ മാത്രം ഇപ്പോൾ ഒരു ദിവസം 200 ലധികം കോളുകൾ ലഭിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും രക്ഷിതാക്കളാണ്. കുട്ടികളെ വീട്ടിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടാണ് പലരും വിളിക്കുന്നത്.

”മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണും സ്കൂളുകൾ അടച്ചുപൂട്ടിയതും മറ്റും കുട്ടികളെ വളരെയധികം ബാധിക്കുന്നുണ്ട്. കുട്ടികളുടെ മാനസികാരോ​ഗ്യവുമായി ബന്ധപ്പെട്ട് മാതാപിതാക്കളിൽ നിന്നാണ് ഇപ്പോൾ കൂടുതൽ കോളുകൾ ലഭിക്കുന്നത്. മുമ്പ് ഞങ്ങൾക്ക് ഒരു ദിവസം 50-60 കോളുകൾ ലഭിച്ചിരുന്നു, അതിൽ ഭൂരിഭാഗവും മുതിർന്നവരുടെ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാൽ ഇപ്പോൾ കുറഞ്ഞത് 200 കോളുകളാണ് ലഭിക്കുന്നത്. ഞെട്ടിപ്പിക്കുന്ന തരത്തിൽ മിക്കതും കുട്ടികളുമായി ബന്ധപ്പെട്ടതാണ് ” ന്യൂസ് 18നോട് സംസാരിക്കവെ സെന്റർ ഓഫ് സൈക്കോളജിക്കൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റ‍‍ർ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സഞ്ജീവ് കുമാർ പറയുന്നു.

ബെംഗളൂരു പോലുള്ള നഗരങ്ങളിൽ സ്ഥിതി ഭീതിജനകമാണ്. കാരണം മഹാമാരിയ്ക്ക് ശേഷം ശരാശരി 150 കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് ഒരു നഗരത്തിൽ മാത്രമല്ല, എല്ലാ സ്ഥലങ്ങളിലും സംഭവിക്കാം, അദ്ദേഹം അഭിപ്രായപ്പെട്ടു.

"തന്റെ മകൾക്ക് പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും താൽപര്യം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഒരു രക്ഷിതാവ് ഞങ്ങളെ വിളിച്ചിരുന്നു. പെൺകുട്ടി ശരിയായി ഭക്ഷണം കഴിക്കുന്നില്ല, ഒന്നിലും താത്പര്യം കാണിക്കുന്നില്ല എന്നൊക്കെയായിരുന്നു രക്ഷിതാവിന്റെ പരാതി. തുട‍ർന്ന് കാര്യങ്ങൾ മനസിലാക്കാൻ ഞങ്ങൾ കുട്ടിയുമായി സംസാരിച്ചു. താൻ വീടിന്റെ ഉള്ളിൽ തന്നെ ഒതുങ്ങുകയാണെന്നും സുഹൃത്തുക്കളെ കാണാനും കളിക്കാനും ആഗ്രഹമുണ്ടെന്നും പെൺകുട്ടി പറഞ്ഞു. ലോക്ക്ഡൗൺ ആയതിനാൽ അവൾക്ക് അവളുടെ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞിരുന്നില്ല.

വിഷാദം പതുക്കെ അവളുടെ ഉള്ളിൽ വളരാൻ തുടങ്ങി. പുറത്തു പോകാൻ അനുവദിക്കാത്തതിന് അവൾ മാതാപിതാക്കളെ വെറുക്കാൻ തുടങ്ങി. പകർച്ചവ്യാധി സമയത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് ദോഷകരമാണെന്ന് മനസ്സിലാക്കാൻ മാതാപിതാക്കൾ പരമാവധി ശ്രമിച്ചു. പെൺകുട്ടിയുടെ പ്രായം 15 വയസ്സിന് താഴെയാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ ആശങ്ക അവൾക്ക് മനസ്സിലായില്ല. അവൾ സ്വയം ഒറ്റപ്പെട്ടു, മാതാപിതാക്കളോട് സംസാരിക്കുന്നത് നിർത്തി. ഞങ്ങൾ സമയമെടുത്ത് അവൾക്ക് കൗൺസിലിംഗ് നടത്താൻ തുടങ്ങി. കഴിഞ്ഞ രണ്ട് വർഷമായി ലോകം മുഴുവൻ എന്താണ് സംഭവിക്കുന്നതെന്ന് അവളെ മനസ്സിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,” ഡോ. കുമാർ പറയുന്നു.

“മറ്റൊരു കുട്ടി ആത്മഹത്യാ പ്രവണത കാണിക്കാൻ തുടങ്ങിയിരുന്നു. 15 വയസ്സിന് താഴെയുള്ള നിഖിൽ എന്ന വിദ്യാർത്ഥി ആദ്യ ലോക്ക്ഡൗൺ മുതൽ മാതാപിതാക്കൾക്കൊപ്പം വീട്ടിൽ തനിച്ചായിരുന്നു. അവന്റെ മുത്തശ്ശിയും മുത്തശ്ശനും നാട്ടിലായിരുന്നു. അമ്മയും അച്ഛനും വീട്ടിൽ ഇരുന്ന് ജോലി ചെയ്യും. മുമ്പ് അവൻ സ്കൂളിൽ പോയി മറ്റ് സുഹൃത്തുക്കളുമായി ഇടപഴകാറുണ്ടായിരുന്നു. എന്നാൽ ലോക്ക്ഡൗൺ സമയത്ത് അവൻ തീ‍ർത്തും ഒറ്റപ്പെട്ടു. അവന് പുറത്തുപോകാൻ കഴിയാറില്ല. മാതാപിതാക്കൾക്ക് അവനോടൊപ്പം ചെലവഴിക്കാൻ സമയമില്ല. തുട‍ർന്ന് അവൻ ദേഷ്യത്തിൽ ഭിത്തിയിൽ ഇടിക്കാനും സ്വയം ഉപദ്രവിക്കാനും തുടങ്ങി. ഒടുവിൽ അവന്റെ പെരുമാറ്റത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് മാതാപിതാക്കൾക്ക് മനസ്സിലായി. തുടർന്ന് നിംഹാൻസിലേയ്ക്ക് വിളിക്കുകയായിരുന്നു. പിന്നീട് കുട്ടിക്കും മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകി. മാതാപിതാക്കളെ മകനോടൊപ്പം സമയം ചെലവഴിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കി. അവർ അതിനായി സമയം കണ്ടെത്താൻ തുടങ്ങി. സ്ഥിതി സാധാരണ നിലയിലേക്ക് വരികയും ചെയ്തു ,” നിംഹാൻസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കുട്ടികൾ എന്താണ് അനുഭവിക്കുന്നതെന്ന് മാതാപിതാക്കൾ മനസ്സിലാക്കുന്നില്ല. അതിനുപകരം അവർ കുട്ടിയോട് ആക്രോശിക്കാൻ തുടങ്ങുന്നു, കുട്ടിയെ അടിക്കുന്നു. എന്നാൽ മാതാപിതാക്കൾ ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും വിഷാദ രോഗത്തിൽ നിന്ന് കുട്ടികളെ പുറത്തു കടക്കാൻ സഹായിക്കുകയും വേണം. കുട്ടികൾ വിഷാദാവസ്ഥയിലാകുമ്പോൾ പഠിക്കാൻ നിർബന്ധിക്കുന്നതിൽ അർത്ഥമില്ല. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ കൂടുതൽ ദോഷകരമായി ബാധിക്കും. ഇത് മാതാപിതാക്കളോട് കൂടുതൽ വെറുപ്പുണ്ടാക്കുമെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറയുന്നു.

പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ. എ. ശ്രീധര നിംഹാൻസ് വിദഗ്ദ്ധരുടെ നിരീക്ഷണത്തെ എതിർത്തു. പകർച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകൾ മൂന്നിരട്ടിയായിരിക്കാം. പക്ഷേ, കുട്ടികൾ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നതിനുള്ള ഒരു സമ്പൂർണ്ണ കാരണമായി മഹാമാരിയെ കണക്കാക്കാനാവില്ല. നഗരങ്ങളിലെ നമ്മുടെ സാമൂഹിക മൂല്യവ്യവസ്ഥയാണ് പ്രധാന കുറ്റവാളി. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം, ധാർമ്മിക വ്യവസ്ഥ, കുട്ടികളെ വളർത്തുന്ന രീതി എന്നിവ മാറ്റണം. കുട്ടികൾക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ഒരു ഇക്കോ സിസ്റ്റം നമ്മൾ നിർമ്മിച്ചിട്ടില്ല. സമൂഹം കുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകണമെന്ന് ശ്രീധര പറയുന്നു.

കുട്ടികളുടെ ആരോഗ്യത്തിൽ സാമൂഹിക, സാംസ്കാരിക മൂല്യ സമ്പ്രദായം സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കുട്ടികൾ വളരുമ്പോൾ നമ്മൾ പഠിപ്പിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയാണ്? ഉദാഹരണത്തിന് നമ്മൾ രാമായണ കഥകൾ വിവരിക്കുന്നു. നമ്മുടെ അഭിപ്രായത്തിൽ രാമൻ നല്ലവനും രാവണൻ മോശക്കാരനുമാണ്. ഇവയെ ചോദ്യം ചെയ്യാൻ കുട്ടികൾക്ക് നമ്മൾ എപ്പോഴെങ്കിലും സ്വാതന്ത്ര്യം നൽകിയിട്ടുണ്ടോ? ഇല്ല! പകർച്ചവ്യാധി കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നമ്മൾ മികച്ച പരിസ്ഥിതി സംവിധാനം സൃഷ്ടിക്കുകയും വരും ദിവസങ്ങളിൽ അവരെ ഉത്തേജിപ്പിക്കുകയും വേണം. കുട്ടികൾക്ക് സ്വന്തമായി പഠിക്കാൻ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന ഒരു മൂല്യവ്യവസ്ഥ നാം സജ്ജമാക്കണം. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുന്ന സമൂഹത്തിൽ നിന്ന് മൂല്യവർദ്ധിത സമൂഹത്തിലേക്ക് നാം സ്വയം വികസിക്കണം, ”അദ്ദേഹം പറയുന്നു.

"പതിറ്റാണ്ടുകളായി കുട്ടികളുടെ മാനസികാരോഗ്യ വളർച്ച ഉറപ്പാക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, പ്രശ്നരഹിതമായ ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിലാണ് സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടത്. കൂടാതെ നഗരങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും കുട്ടികളുടെ മനോഭാവത്തിന് ഒരു കാരണമാണ്. ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന മാതാപിതാക്കൾക്ക് പ്രായോഗികമായി കൂടുതൽ സമയം കുട്ടികളുമായി ചെലവഴിക്കാൻ കഴിയില്ല. നമ്മൾ നിർമ്മിച്ച അശാസ്ത്രീയ സംവിധാനത്തെയല്ലാതെ ആരെയും കുറ്റപ്പെടുത്താനാകില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. ശ്രീധര നടത്തിയ ചില നിരീക്ഷണങ്ങൾ അനുസരിച്ച് 5 വയസ്സിന് താഴെയുള്ള കുട്ടികൾ ഭാവിയിൽ കോവിഡ് മൂലമുള്ള ഒറ്റപ്പെടലുകൾ അനുഭവിച്ചേക്കാം. “കൗമാരപ്രായക്കാർ വീട്ടിൽ ഇരുന്ന് ഒരേ പതിവ് ആവർത്തിച്ച് ചെയ്യുന്നത് മടുത്തു. പല കൗമാരക്കാരും എന്റെ അടുത്ത് വന്ന് തങ്ങൾക്ക് ഏകാന്തത വിരസമാണെന്ന് പറയുന്നു. 5 വയസ്സിന് താഴെയുള്ള കുട്ടികൾ ഒരിക്കലും സ്കൂളുകളിൽ പോയിട്ടില്ല. അവ‍ർ കൂടുതൽ സമയം വീട്ടിൽ തന്നെയാണ് ചെലവഴിക്കുന്നത്. അവർക്ക് ഇത് സാധാരണ രീതിയായി തോന്നുന്നു. എന്നാൽ നമ്മൾ ഒരു കാര്യം മനസ്സിലാക്കണം, ഒരു കുട്ടി 3 വയസ്സിൽ സംസാരിക്കാൻ പഠിക്കുന്നു. മറ്റുള്ളവരിൽ നിന്ന് മനസ്സിലാക്കാനും പകർത്താനും പഠിക്കുന്നു. കൂടാതെ 4 വയസ്സ് മുതൽ സമൂഹത്തിന്റെ പോസിറ്റീവ്, നെഗറ്റീവ് വശങ്ങൾ കണ്ടെത്തുന്നു. കുട്ടികൾ കാണുന്നതിൽ നിന്നും അനുഭവത്തിൽ നിന്നും പഠിക്കുന്നു. അതുകൊണ്ട് തന്നെ പകർച്ചവ്യാധി അവരുടെ സ്വാഭാവിക വളർച്ചയെ ബാധിക്കും, ”അദ്ദേഹം വിശദീകരിച്ചു.

ഇതിനായി മാതാപിതാക്കൾ വിഷമിക്കേണ്ടതില്ലെന്നും ശ്രീധര പറയുന്നു. "സാങ്കേതികവിദ്യ മെച്ചപ്പെട്ടു. വരും ദിവസങ്ങളിൽ വേഗത്തിൽ മാനസിക വളർച്ചയ്ക്കുള്ള അന്തരീക്ഷം നമുക്ക് സൃഷ്ടിക്കാൻ കഴിയും. ഇത് ശാരീരിക വളർച്ച പോലെയാണ്. രണ്ട് വർഷം നിങ്ങൾ കിടപ്പിലാണെങ്കിൽ, നിങ്ങൾക്ക് പോഷകാഹാരവും ശരിയായ വൈദ്യസഹായവും നൽകിയാൽ നിങ്ങൾ സുഖം പ്രാപിക്കും. അതുപോലെ തന്നെ മാനസികാരോഗ്യവും മെച്ചപ്പെടുത്തിയെടുക്കാം," അദ്ദേഹം പറഞ്ഞു.

First published:

Tags: Children, Covid 19 pandemic