സഹിക്കാനാകാത്ത വേദന ഉണ്ടാകുമ്പോൾ പലരും വേദനസംഹാരികളെ (Painkillers) ആശ്രയിക്കാറുണ്ട്. എന്നാൽ ഒരു വേദനസംഹാരി ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. പേഷ്യന്റ് വെബ്സൈറ്റിൽ (Patient website) പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, പാരസെറ്റമോൾ (Paracetamol) അല്ലെങ്കിൽ ഇബുപ്രോഫെൻ (Ibuprofen) പോലുള്ള മരുന്നുകൾ വേദന കുറയ്ക്കാറുണ്ട്.
പരിക്കേൽക്കുമ്പോൾ, നമ്മുടെ ശരീരത്തിൽ ധാരാളം രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അവ നമ്മെ വേദനിപ്പിക്കുകയും ചെയ്യുന്നു. പ്രോസ്റ്റാഗ്ലാൻഡിൻ (prostaglandins) എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്ന സൈക്ലോ-ഓക്സിജനേസ് (cyclo-oxygenase) എന്ന എൻസൈമിന്റെ പ്രവർത്തനവും ഈ സമയത്ത് നടക്കുന്നു. പ്രോസ്റ്റാഗ്ലാൻഡിനുകളുടെ പ്രവർത്തനം മൂലം പരിക്കേൽക്കുന്നിടത്ത് വീക്കവും വേദനയും ഉണ്ടാകുന്നു. നോൺ-സ്റ്റിറോയിഡൽ ആന്റി ഇൻഫ്ളമേറ്ററി മരുന്നുകൾ (Non-steroidal anti-inflammatory drugs) ഈ രാസവസ്തുവിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി വേദന കുറയ്ക്കുകയും ചെയ്യുന്നു. പാരസെറ്റമോളിന്റെ പ്രവർത്തനവും ഇതിനു സമാനമാണ്.
ഇനി, ഒപിയോയിഡുകളുടെ (Opioids) അല്ലെങ്കിൽ വേദന സംഹാരികളായി പ്രവർത്തിക്കുന്ന മരുന്നുകളുടെ പ്രവർത്തനം എങ്ങനെയാണെന്നു നോക്കാം. കേന്ദ്ര നാഡീവ്യൂഹം, കുടൽ, മറ്റ് ശരീരഭാഗങ്ങൾ എന്നിവിടങ്ങളിലെ ഒപിയോയിഡ് റിസപ്റ്ററുകൾ എന്നറിയപ്പെടുന്ന ഭാഗവുമായി അവ പ്രവർത്തിക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ, വേദനയോടുള്ള നമ്മുടെ സഹിഷ്ണുത വർദ്ധിക്കുകയും നമുക്ക് വേദന അനുഭവപ്പെടുന്ന രീതിയും അതിനോടുള്ള നമ്മുടെ പ്രതികരണവും കുറയുകയും ചെയ്യുന്നു.
സാധാരണയായി, ഡോക്ടർമാർ പാരസെറ്റമോൾ ആണ് വേദനക്ക് നിർദേശിക്കുന്നത്. നോൺ-സ്റ്റിറോയിഡൽ ആന്റി ഇൻഫ്ളമേറ്ററി മരുന്നുകൾ വേദനക്കെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കഠിനമായ വേദന അനുഭവിക്കുന്ന ആളുകൾക്ക് സാധാരണയായി നോൺ-സ്റ്റിറോയിഡൽ ആന്റി ഇൻഫ്ളമേറ്ററി മരുന്നുകളും പാരസെറ്റമോളും നിർദ്ദേശിക്കപ്പെടുന്നില്ല. അവർക്ക് ഡോസ് കൂടിയതോ കുറഞ്ഞതോ ആയ ഒപിയോയിഡുകൾ ആണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്.
അമിതമായ അളവിൽ വേദന സംഹാരികൾ കഴിച്ച യുവതി മരിച്ച വാർത്ത് മുൻപ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പൂനം റായ് എന്ന യുവതി ആണ് മരിച്ചത്. വേദനസംഹാരികൾ ദിവസവും കഴിക്കുന്ന ശീലം ഉള്ള പൂനം മദ്യത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. മരണദിവസവും ഇവർ പതിവ് പോലെ അഞ്ചോ ആറോ പെയിൻ കില്ലറുകൾ കഴിച്ചു. ഇതിനു ശേഷം മദ്യവും. അമിതമായി മദ്യം ഉള്ളിൽച്ചെന്ന് ഛർദ്ധിച്ച് അവശനിലയിലായ പൂനം വൈകാതെ മരിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം കഴിയുന്ന നാൽപതുകാരനായ പങ്കാളി അജയ് ഥാക്കൂരി എന്നയാളാണ് മരണ വിവരം പൊലീസിൽ അറിയിച്ചത്. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ പൂനം കഴിഞ്ഞ പത്ത് വർഷമായി ഭർത്താവിൽ നിന്ന് അകന്നു കഴിയുകയാണെന്നാണ് അജയ് പൊലീസിനെ അറിയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ തെന്നിവീണ് കയ്യിൽ പരിക്കേറ്റിരുന്നു. ഈ വേദന കുറയ്ക്കുന്നതിനായാണ് പെയിൻ കില്ലറുകൾ കഴിച്ചിരുന്നതെന്നും ഇയാൾ മൊഴി നൽകിയിരുന്നു. അജയും പൂനവും ലിവ് ഇൻ പങ്കാളികളാണെന്നും ഒരുമിച്ച് താമസിച്ച് വരികയാണെന്നും ഇരുവരും കടുത്ത മദ്യപാനികളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.