ഡോ. ബി. ഇക്ബാൽതാലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയത് സാമൂഹ്യ-രാഷ്ട്രീയ-മനുഷ്യാവകാശ-, ലിംഗനീതി പ്രതിസന്ധികളോടൊപ്പം ആരോഗ്യമേഖലയിലും വലിയ വെല്ലുവിളികൾ ഉയർത്തിയിരിക്കയാണ്. പോളിയോ നിർമ്മാർജ്ജനം പൂർത്തീകരിക്കുന്നതും കോവിഡ് മഹാമാരിയുടെ നിയന്ത്രണവും ഇതോടെ അസാധ്യമായിരിക്കയാണ്. പോളിയോ നിർമ്മാർജ്ജനമാണ് വസൂരിക്ക് ശേഷം ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത മഹാമാരി ഉന്മൂലനം. പോളിയോ വൈറസ്. വസൂരി രോഗാണുവിനെപ്പോലെ മനുഷ്യരിൽ മാത്രം കാണപ്പെടുന്ന വൈറസാണ്. അത്കൊണ്ട് വസൂരി രോഗത്തെ പോലെ ഫലവത്തായ വാക്സിനുള്ളതിനാൽപോളിയോയും നിർമ്മാർജ്ജനം ചെയ്യാൻ കഴിയുമെന്ന് ലോകം തെളിയിച്ച് കൊണ്ടിരിക്കയാണ്.
1988 മെയ് 2-13 വരെ ചേർന്ന 166 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ലോക ആരോഗ്യ അസംബ്ലിയുടെ നാല്പത്തി ഒന്നാം സമ്മേളനം 2000 മാണ്ടോടെ ആഗോളതലത്തിൽ പോളിയോ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള പ്രമേയം അംഗീകരിച്ചു. അതോടെ ലോകരാജ്യങ്ങളുടെ പങ്കാളിത്തത്തോടെയും ലോകാരോഗ്യ സംഘടന, റോട്ടറി ഇന്റർനാഷണൽ, അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ, യൂനിസെഫ്, വാക്സിൻ അലയൻസ് എന്നീ പ്രസ്ഥാനങ്ങളുടെ സഹ്കരണത്തോടും കൂടി ആഗോള പോളിയോ നിർമ്മാർജ്ജന സംരംഭത്തിന് (Global Polio Eradication Initiative: GPEI), തുടക്കം കുറിക്കപ്പെട്ടു. പോളിയോ നിർമ്മാർജ്ജന പരിപാടി ആരംഭിച്ച സമയത്ത് ഓരോവർഷവും 125 രാജ്യങ്ങളിലായി 3,50,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പൂർണ്ണ നിർമ്മാർജ്ജനം സാധ്യമായില്ലെങ്കിലും 2000 മാണ്ടോടെ കേവലം 2880 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനകം രോഗികളുടെ എണ്ണത്തിൽ 99% കുറവുണ്ടായിട്ടുണ്ട്. പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ വിജയം മൂലം പോളിയോ മൂലം അംഗവൈകല്യം സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന 18 ദശക്ഷം പേർ സാധാരണ ജീവിതം നയിക്കുന്നതായും 15 ലക്ഷം ശിശുമരണം തടയാൻ കഴിഞ്ഞതായും വിലയിരുത്തപ്പെട്ടിട്ടുണ്ട്. സാമ്പത്തിക് വിശകലനമനുസരിച്ച് പോളിയോ നിർമ്മാർജ്ജനം കൈവരിക്കുന്നതോടെ ലോകരാജ്യങ്ങൾക്ക് 5000 കോടി അമേരിക്കൻ ഡോളർ ലാഭിക്കാൻ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു.
തന്ത്രപ്രധാനമായ സ്ഥാനവും വാക്സിനേഷനോടുള്ള എതിർപ്പുംതാലിബാൻ സ്വാധിനത്തിലുള്ള അഫ്ഗാനിസ്താന്റെയും, പാക്കിസ്താന്റെയും അതിർത്തി പ്രദേശങ്ങളിലാണ് ഇപ്പോൾ പോളിയോ നിലനിൽക്കുന്നത്. ഈ രാജ്യങ്ങളിൽ തുടർന്നും പോളിയോ നിലനിന്നാൽ ലോകവ്യാപകമായി 2 ലക്ഷം പേരെയെങ്കിലും വർഷം തോറും പോളിയോ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുണ്ട്. ഈരണ്ട് രാജ്യങ്ങളിൽ നിന്നും പോളിയോ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ഊർജ്ജിത ശ്രമം നടന്നുവരുമ്പോഴാണ് താലിബാൻ ശക്തികളുടെ വാക്സിൻ വിരുദ്ധ പ്രചാരണം ആരംഭിച്ചത്. 2018 മുതൽ താലിബാൻ പ്രവർത്തകർ വീടുവീടാന്തരമുള്ള പോളിയോ വാക്സിൻ വിതരണത്തെ തടസ്സപ്പെടുത്തി വരികയായിരുന്നു. കിഴക്കൻ നംഗാർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലബാദിലെ പോളിയോ വാക്സിനേഷൻ വിതരണത്തിനായെത്തിയ മൂന്ന് വനിത ആരോഗ്യപ്രവർത്തകരെ താലിബാൻ ഭീകരർ ഈ വർഷം മാർച്ച് മാസത്തിൽ വെടിവച്ച് കൊന്നത് മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. ഏതാണ്ട് 34 ലക്ഷം കുട്ടികൾക്ക് കൂടി അഫ്ഗാനിസ്താനിൽ പോളിയോ വാക്സിൻ നൽകേണ്ടതുണ്ട്. താലിബാൻ പൂർണ്ണ അധികാരത്തിലെത്തിയ സ്ഥിതിക്ക് ഇനി രാജ്യത്ത് പോളിയോ വാക്സിൻ വിതരണം നടക്കില്ലെന്ന് ഉറപ്പാണ്. കോവിഡ് തരതമ്യേന കുറഞ്ഞതോതിൽ വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താൻ. 3.9 കോടി ജനസംഖ്യയുള്ള രാജ്യുത്ത് 1,52,363 രോഗികളും 70,343 മരണവുമാണ് ആഗസ്റ്റ് മൂന്നാം വാരം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കോവിഡ് ടെസ്റ്റിംഗിന്റെ കാര്യത്തിൽ രാജ്യം വളരെ പിറകിലാണ്. ദശലക്ഷപേരിൽ കേവലം 18,711 ടെസ്റ്റ് മാത്രം. പാകിസ്ഥാനിൽ ദശലക്ഷത്തിൽ 75,352 പേർ ടെസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിലാവട്ടെ 3,55,937 പേരും. കോവിഡ് വാക്സിനേഷനിലും രാജ്യം വളരെ പിന്നിൽ തന്നെയാണ്, കേവലം രണ്ട് ലക്ഷത്തി ഇരുപതിനായിരം പേർക്കാണ് രണ്ടും ഡോസും നൽകിയിട്ടുള്ളത്. അതായത് കേവലം 0.6% പേർക്ക് മാത്രം രണ്ടാം തരംഗം അഫ്ഗാനിസ്ഥാനിൽ കെട്ടടങ്ങിവരുന്നുണ്ട്. രണ്ടാംതരംഗത്തിൽ ദിനം പ്രതി രണ്ടായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ നൂറിന് താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ട് വരുന്നത്. എന്നാൽ വാക്സിനേഷൻ മന്ദഗതിയിലായത് കൊണ്ടും രോഗസാധ്യതയുള്ളവരുടെ എണ്ണം കൂടുതലായത് കൊണ്ടും മൂന്നാം തരംഗത്തിന് രാജ്യം അതിവേഗം വിധേയമാവുമെന്ന് ഉറപ്പാണ്.
അതിർത്തികൾ കടക്കുന്ന മഹാമാരികൾരോഗനിയന്ത്രണ നടപടികൾ ശക്തിപ്പെടുത്താനും വാക്സിനേഷൻ ത്വരിതഗതിയിലാക്കാനുമാണ് അഫ് ഗാനിസ്താൻ ശ്രമിക്കേണ്ടത്. അതേയവസരത്തിൽ പോളിയോ വാക്സിൻ പോലെ കോവിഡ് വാക്സിനേഷനും നിരോധിക്കേണ്ടതാണെന്ന നിലപാടാണ് താലിബാൻ സ്വീകരിച്ച് പോരുന്നത്. കിഴക്കൻ പ്രദേശമായ പാക്തിയായിൽ കോവിഡ് വാക്സിൻ വിതരണത്തിനെത്തിയവരെ ബലപ്രയോഗിച്ച് തടയുകയും പ്രദേശിക ആശുപത്രിയിലെ കോവിഡ് വാർഡ് അടച്ച് പൂട്ടുകയും ചെയ്തവിവരം കഴിഞ്ഞ ദിവസം അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. താലിബാൻ ഭരണത്തിൽ കോവിഡ് വാക്സിൻ വിതരണം പൂർണ്ണമായും നിരോധിക്കപ്പെടുമെന്നുള്ളത് കൊണ്ട് രാജ്യം മൂന്നാംതരംഗത്തിലേക്ക് അതിവേഗം കടക്കുമെന്ന് മാത്രമല്ല കൂടുതൽ തീവ്രതയും മരണസാധ്യതയും വ്യാപന നിരക്കുമുള്ള വൈറസ് വകഭേദത്തിന് ജന്മം നൽകാനും സാധ്യതയുണ്ട്. വാക്സിനേഷനെതിരായ താലിബാൻ നിലപാട് മൂലം പോളിയോ, കോവിഡ് മഹാമാരികൾ സമീപരാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നും ഭയപ്പെടേണ്ടിയിരിക്കുന്നു. അഫ്ഗാൻസ്താൻ പാക്കിസ്താൻ, ഇറാൻ, ചൈന, ഉസ് ബാക്കിസ്താൻ, തുർക്ക്മെനിസ്താൻ, റ്റാജികിസ്താൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നത് കൊണ്ട് അഫ്ഗാനിസ്റ്റാനിലുണ്ടാവുന്ന ഏത് മഹാമാരിയും അതിവേഗം ലോകമെമ്പാടും പടർന്ന് പിടിക്കും. താലിബാൻ സമ്പൂർണ്ണാധികാരത്തിലെത്തിയത് അഫ്ഗാൻ ജനതയുടെ മാത്രമല്ല ലോകജനതയുടെ ആകെ ആരോഗ്യത്തിന് ഭീഷണിയായി മാറിയിരിക്കയാണ്.
(പൊതുജനാരോഗ്യ പ്രവർത്തകനും ന്യൂറോ സർജനും കോവിഡ് പ്രതിരോധ വിദഗ്ധസമിതി അധ്യക്ഷനുമായ ലേഖകൻ 1996-2001, 2016-2021 കാലഘട്ടങ്ങളിലായി രണ്ടു തവണ സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായിരുന്നു) ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.