• HOME
 • »
 • NEWS
 • »
 • life
 • »
 • Food Poison | മാംസജന്യ ഭക്ഷ്യവിഷബാധ എങ്ങനെ തടയാം; മുന്‍കരുതലുകള്‍ എന്തെല്ലാം

Food Poison | മാംസജന്യ ഭക്ഷ്യവിഷബാധ എങ്ങനെ തടയാം; മുന്‍കരുതലുകള്‍ എന്തെല്ലാം

മാംസത്തിന്റെ ഗുണനിലവാര പരിശോധനയോ മറ്റു അനുബന്ധ കാര്യങ്ങളോ കാര്യമായ രീതിയില്‍ കേരളത്തില്‍ നടക്കുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്.

 • Share this:
  ഡോ. ഇർഷാദ് . എ.

  കേരളത്തിലെ ജനങ്ങളില്‍ 95 ശതമാനം പേരും സസ്യേതര വിഭവങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പണ്ടുകാലം മുതലേ കോഴി താറാവ് ആടുമാടുകള്‍ പന്നി തുടങ്ങിയവയുടെ ഇറച്ചിയും ഇറച്ചിയുല്പന്നങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ സംശുദ്ധമായാ മാംസം ഉല്പാദിപ്പിക്കുന്നതിനു വേണ്ടി സ്വീകരിക്കേണ്ട മുന്‍കരുതലുകളോ ശാസ്ത്രീയ കശാപ്പു മാര്‍ഗങ്ങളോ ഒന്നും തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ അനുവര്‍ത്തിക്കുന്നില്ല. ഇറച്ചിയും പാലും ശാസ്ത്രീയമാ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വേഗത്തില്‍ നശിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് എന്ന് നമുക്കറിയാം. അതിനാല്‍ അവയുടെ സംസ്‌കരണം, ഉത്പന്നനിര്‍മാണം, പാക്കേജിംഗ്, സംഭരണം, വിതരണം എന്നിവയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഉപഭോക്താക്കളും ഉല്പാദകരും മാംസോത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മലിനീകരണമില്ലാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമുള്ള അറിവ് പരമപ്രധാനമാണ്.

  കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് ഒരു കുട്ടി മരിച്ചു, നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നകാര്യം ഒരു പ്രധാന വാര്‍ത്തയാണ് ഇന്ന്. ഇത്തരത്തിലുള്ള ജന്തു ജന്യരോഗങ്ങളും ഭക്ഷ്യവിഷബാധയും എല്ലാം നിരന്തരം വാര്‍ത്തയായി കൊണ്ടിരിക്കുകയാണ് ഈ കൊച്ചു കേരളത്തില്‍. സംശുദ്ധമായ മാംസ ഉല്‍പാദനത്തിനു സ്വീകരിക്കേണ്ട ശാസ്ത്രീയ മുന്‍കരുതലുകളോ കശാപ്പു രീതികളോ അനുവര്‍ത്തിച്ചു ഉല്പാദനവും മറ്റു മാംസോത്പന്ന നിര്‍മാണവും നടത്തുന്നതിന് വളരെ ചുരുക്കം ചിലര്‍ മാത്രമാണെന്ന് നമുക്ക് ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. 2006-ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് കോഴികളെയും മറ്റു ഉരുക്കളെയും കശാപ്പ് ചെയ്ത് വില്‍ക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി വേണം.

  ഇത്തരം അനുമതിയുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ ഇറച്ചി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാവൂ എന്നാണ് നിയമം. കേരളത്തില്‍ മാംസ ഉല്‍പാദനം നടത്തുന്നതിനും മാംസ സംസ്‌കരിക്കുമ്പോള്‍ അനുവര്‍ത്തിക്കുന്ന സുരക്ഷാ മുന്‍കരുതലുകളും കോഴികളെയും ഉരുക്കളെയും കശാപ്പിന് മുന്‍പും പിമ്പും കൈകാര്യം ചെയ്യേണ്ട രീതിക്കും, വെറ്ററിനറി ഡോക്ടറുടെ പരിശോധനയും എല്ലാം ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. എന്നാല്‍ മാംസത്തിന്റെ ഗുണനിലവാര പരിശോധനയോ മറ്റു അനുബന്ധ കാര്യങ്ങളോ കാര്യമായ രീതിയില്‍ കേരളത്തില്‍ നടക്കുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്.

  വൃത്തിഹീനമായ മാംസസംസ്‌കരണ രീതി, രോഗബാധിതരായ പക്ഷി മൃഗാദികളുടെ മാംസം ഭക്ഷിക്കുക എന്നിവ മൂലം കോളിഫോം, സാല്‍മൊണല്ല, ക്ഷയം, സ്റ്റഫൈലോകോക്കസ്, ബോട്ടുലിനം ടോക്‌സിസിറ്റി, വിരകളുടെ സാനിധ്യം, ചില വൈറല്‍ രോഗങ്ങള്‍ എന്നിവക്ക് കാരണമായേക്കാവുന്നതാണ്. കൂടാതെ ഭക്ഷ്യവിഷബാധ തടയുന്നതിന് മാംസ ഉല്‍പാദനത്തിനും ഉല്‍പ്പന്ന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വെള്ളം, മറ്റു ഘടകങ്ങള്‍, മാംസോത്പന്നങ്ങളുടെ കൂടെ ഭക്ഷിക്കുന്ന മറ്റു വിഭവങ്ങളായ വിവിധയിനം സാലഡുകള്‍ മയോനൈസുകള്‍ എന്നിവയുടെ ഗുണനിലവാരം ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ഇത്തരത്തിലുള്ള മാംസജന്യ രോഗങ്ങളും മറ്റു ഭക്ഷ്യവിഷബാധകളും ആവര്‍ത്തിക്കാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ കശാപ്പു ശാലകളിലും വിപണന കേന്ദ്രങ്ങളും, ഹോട്ടലുകളും എല്ലാം എടുക്കേണ്ടതുണ്ട്.

  മാംസജന്യ രോഗങ്ങളെ തടയാനുള്ള മുന്‍കരുതലുകള്‍

  • പ്രധാനമായും ശാസ്ത്രീയരീതിയിലുള്ള മാംസ സംസ്‌കരണവും, അവ ശീതീകരിച്ചു സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും അറിഞ്ഞിരിക്കണം.

  • എല്ലാ കോഴികടകകളും അറവുശാലകളും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് നവീകരിക്കണം.

  • കോഴി കടകളുടെയും കശാപ്പ് ശാലകളുടെയും ലൈസന്‍സിം ശക്തമാക്കേണ്ടത് ഒരു പ്രധാനപ്പെട്ട കാര്യമാണ്.

  • ഗവണ്‍മെന്റ് തലത്തിലും പ്രൈവറ്റായി ആവശ്യാനുസരണം കശാപ്പ് ശാലകളുടെ നിര്‍മാണം അവയില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം.

  • ബ്ലോക്ക് തലത്തിലോ പഞ്ചായത്ത് തലത്തിലോ ഫുഡ് സേഫ്റ്റി ഓഫീസ് സ്ഥാപിക്കുകയും കാര്യക്ഷമമായ ഉള്ള പരിശോധനകള്‍ നിര്‍ബന്ധമായും വേണം.

  • അറവു ശാലകളില്‍ കശാപ്പു ചെയ്യുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അസുഖങ്ങള്‍ ഇല്ല എന്നും ഭക്ഷ്യയോഗ്യം ആണെന്നും ഉറപ്പുവരുത്താന്‍ വെറ്ററിനറി ഡോക്ടറുടെ പരിശോധന കര്‍ശനമായി നടപ്പിലാക്കണം.

  • ജന്തുജന്യ രോഗങ്ങള്‍ തടയുന്നതിന് അവ മൂലമുണ്ടാകുന്ന പൊതു ജനാരോഗ്യ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നതിനും വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് വിഭാഗം മൃഗസംരക്ഷണ വകുപ്പിനുള്ളില്‍ രൂപീകരിക്കുക


  (ലേഖകന്‍: ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള & അസിസ്റ്റന്റ് പ്രൊഫസര്‍, മീറ്റ് സയന്‍സ് വിഭാഗം, KVASU)
  Published by:Jayesh Krishnan
  First published: